ന്യൂഡൽഹി: ഗാന്ധിവധക്കേസിൽ ആർഎസ്എസിനെ പഴി പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ആർഎസ്എസ് എന്ന സംഘടനയെ മുഴുവനായി വിമർശിച്ചിട്ടില്ലെന്നും ആർഎസ്എസുമായി ബന്ധമുള്ള ചിലരെയാണ് ഉദ്യേശിച്ചതെന്നും രാഹുൽ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

ഈ വാദം കോടതി അംഗീകരിച്ചു. ആർഎസ്എസ് സമർപിച്ച അപകീർത്തി കേസിലാണ് സുപ്രീംകോടതിയിൽ രാഹുൽ വിശദീകരണം നൽകിയത്. ഹർജി സെപ്റ്റംബർ ഒന്നിനു വീണ്ടും പരിഗണിക്കും.

മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസുകാരാണെന്ന രാഹുലിന്റെ പരാമർശം ഏറെ വിവാദമായിരുന്നു. ഇതേത്തുടർന്നു ഫയൽ ചെയ്ത അപകീർത്തിക്കേസ് തള്ളിക്കളയണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ രാഹുലിന്റെ അഭിഭാഷകനായ കപിൽ സിബലാണ് സംഘടനയെ മുഴുവനായല്ല രാഹുൽ പറഞ്ഞതെന്നു വിശദീകരിച്ചത്.

ഗാന്ധിജിയെ വധിച്ചത് ആർഎസ്എസുകാരാണെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാനനഷ്ട കേസ് ഒത്തുതീർപ്പക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം നേരത്തെ രാഹുൽ തള്ളിയിരുന്നു. ഖേദപ്രകടനം നടത്താൻ തയ്യാറല്ലെന്ന് രാഹുൽ അറിയിച്ച സ്ഥിതിക്ക് വിചാരണയുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിലെ ഭിവാൻഡിയിൽ 2014ൽ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുന്തെയാണ് താനെ ജില്ലാ കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്. ആർഎസ്എസുകാരാണ് ഗാന്ധിജിയെ വധിച്ചത്, അവർ സർദാർ പട്ടേലിനെയും ഗാന്ധിജിയെയും എതിർത്തിരുന്നു എന്നായിരുന്നു രാഹുലിന്റെ വിമർശനം. ആർഎസ്എസിന്റെ യശസിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്ന് കുന്തെ ആരോപിച്ചിരുന്നു.

കഴിഞ്ഞ നവംബറിൽ കേസ് പരിഗണിച്ചപ്പോൾ ഖേദം രേഖപ്പെടുത്തി കേസ് ഒത്തുതീർപ്പാക്കണമെന്ന കോടതിയുടെ നിർദ്ദേശം രാഹുൽ തള്ളിയിരുന്നു. കേസിൽ വിചാരണ നേരിടാൻ തയ്യാറാണെന്ന നിലപാടാണ് അന്നും രാഹുൽ സ്വീകരിച്ചത്.