നാഗ്പൂർ: പരമ്പരാഗത ആചാരങ്ങളും ശീലങ്ങളും പിന്തുടരുന്ന പോരുന്നതാണ് ആർഎസ്എസിന്റെ പതിവു ശൈലി. എന്നാൽ, ഇപ്പോൾ സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയത്തിൽ അടക്കം പുരോഗമന നിലപാട് കൈക്കൊണ്ട് രംഗത്തുവന്നിരിക്കയാണ് ആർഎസ്എസ് ഇപ്പോൾ. ശബരിമല ക്ഷേത്ര പ്രവേശന വിഷയത്തിൽ അടക്കം വ്യത്യസ്തമായ ചർച്ചകൾ നടക്കുന്നതിനിടെ സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയത്തിൽ മുൻ നിലപാടുകളിൽ നിന്ന് പിന്മാറി ആർഎസ്എസ് നേതൃത്വം രംഗത്തുവന്നു.

രാജ്യത്തെ ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കരുതെന്നും ലിംഗസമത്വം വേണമെന്നുമാണ് ദേശീയ കൗൺസിലിന്റെ തീരുമാനം. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച തീരുമാനം സുപ്രീം്‌കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വേളിയിലാണ് ഇത്തരമൊരു നിലപാട് ആർഎസ്എസ് കൈക്കൊണ്ടതെന്നതും ശ്രദ്ധേയമാണ്.

രാജസ്ഥാനിൽ നടക്കുന്ന പ്രതിനിധി സഭയിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വിഷയത്തിൽ നേതാവ് ത്രുപ്തി ദേശായിയുടെ നിലപാടിനെ ശക്തമായി പിന്തുണക്കാൻ ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി തയ്യാറായി. മതപരമായും ആത്മീയപരവുമായ ഒരു വ്യത്യാസവും കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ക്ഷേത്രത്തിൽ സൗകര്യമൊരുക്കണമെന്നും ജോഷി അഭിപ്രായപ്പെട്ടു. സമരങ്ങളിലൂടെയല്ല, ചർച്ചകളിലൂടെയാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതെന്നും ബിജെപി നേതൃത്വം വിലയിരുത്തി.

ആർഎസ്എസ് പ്രചാരകരുടെ യൂണിഫോമായിരുന്ന കാക്കി നിക്കർ മാറ്റി തവിട്ട് നിറത്തിലുള്ള പാന്റുടുക്കാനും നേതൃയോഗം തീരുമാനിച്ചു. യൂണിഫോം മാറ്റത്തെക്കുറിച്ചും ആർഎസ്എസ് നേരത്തെ ആലോചിച്ച് തുടങ്ങിയിരുന്നു. കാക്കി നിക്കറും വെള്ള ഷർട്ടും കറുത്ത തൊപ്പിയും കാക്കി സോക്‌സും ഒരു കുറുവടിയുമാണ് നിലവിൽ ആർഎസ്എസ് പ്രചാരകരുടെ യൂണിഫോം. പഴഞ്ചൻ യൂണിഫോം യുവാക്കളെ സംഘടനയിലേക്ക് അടുക്കുന്നില്ലെന്ന് കഴിഞ്ഞ വർഷം ചേർന്ന നേതൃയോഗത്തിൽ ആക്ഷേപമുയർന്നിരുന്നു.