- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് കൈവിടുമെന്ന് ആർഎസ്എസ് നടത്തിയ സർവ്വേ ഫലം; ദളിതരും പട്ടേലന്മാരും പിണങ്ങിയതോടെ മോദിയുടെ കാൽക്കീഴിലെ മണ്ണൊഴുകുന്നു; ആശങ്കയോടെ ബിജെപി നേതൃത്വം
ന്യൂഡൽഹി: ഗുജറാത്തിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്കു ഭരണത്തുടർച്ച നേടാനാകില്ലെന്നും ആർ.എസ്.എസ്. നടത്തിയ സർവേ. ഗുജറാത്തിലെ ഹിന്ദുവോട്ട് ബാങ്കിൽ കാര്യമായ വിള്ളൽ വീണെന്നാണ് കണ്ടെത്തൽ. ഹിന്ദുത്വ വോട്ട് ബാങ്കിന്റെ പ്രധാനഘടകമായ ദളിതർ പൂർണമായും ബിജെപിക്ക് എതിരേ തിരിഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നാൽ സംസ്ഥനത്ത് ആകെയുള്ള 182 സീറ്റുകളിൽ 60നും 65നും ഇടയിൽ സീറ്റുകൾ മാത്രമേ ബിജെപിക്കു നേടാനാവുകയുള്ളൂവെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. പട്ടേലന്മാരെ പിണക്കിയതും തിരിച്ചടിയാണ്. ബിജെപിക്കൊപ്പം പരമ്പരാഗതമായി ഉറച്ചുനിന്ന പട്ടേൽ സമുദായമാണു തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പക്ഷത്തേക്കു മാറി ബിജെപിയുടെ പ്രതീക്ഷ തകർത്തത്. പട്ടേൽ സമുദായക്കാരുടെ പ്രക്ഷോഭംമൂലം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകൾ നഷ്ടമായതായി ആർ.എസ്.എസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സർവ്വേ കൂടതൽ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ദളിതർക്കൊപ
ന്യൂഡൽഹി: ഗുജറാത്തിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്കു ഭരണത്തുടർച്ച നേടാനാകില്ലെന്നും ആർ.എസ്.എസ്. നടത്തിയ സർവേ. ഗുജറാത്തിലെ ഹിന്ദുവോട്ട് ബാങ്കിൽ കാര്യമായ വിള്ളൽ വീണെന്നാണ് കണ്ടെത്തൽ. ഹിന്ദുത്വ വോട്ട് ബാങ്കിന്റെ പ്രധാനഘടകമായ ദളിതർ പൂർണമായും ബിജെപിക്ക് എതിരേ തിരിഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നാൽ സംസ്ഥനത്ത് ആകെയുള്ള 182 സീറ്റുകളിൽ 60നും 65നും ഇടയിൽ സീറ്റുകൾ മാത്രമേ ബിജെപിക്കു നേടാനാവുകയുള്ളൂവെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. പട്ടേലന്മാരെ പിണക്കിയതും തിരിച്ചടിയാണ്.
ബിജെപിക്കൊപ്പം പരമ്പരാഗതമായി ഉറച്ചുനിന്ന പട്ടേൽ സമുദായമാണു തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പക്ഷത്തേക്കു മാറി ബിജെപിയുടെ പ്രതീക്ഷ തകർത്തത്. പട്ടേൽ സമുദായക്കാരുടെ പ്രക്ഷോഭംമൂലം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകൾ നഷ്ടമായതായി ആർ.എസ്.എസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സർവ്വേ കൂടതൽ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ദളിതർക്കൊപ്പം പട്ടേൽ സമുദായത്തിന്റെ വോട്ടുകളും എതിരാകുമെന്ന് ആർ.എസ്.എസ്. സർവേയിൽ വ്യക്തമായി.
ദളിത് യുവാക്കളെ മർദിച്ച സംഭവത്തെത്തുടർന്നാണ് സംസ്ഥാനത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പിന്നാലെയാണ് ആനന്ദിബെന്നിന് രാജിവയ്‌ക്കേണ്ടിവന്നത്. ഇതിനൊപ്പം, സർക്കാർ ജോലിയും ഭൂമിയും ആവശ്യപ്പെട്ട് ആദിവാസികളും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതോടെ ബിജെപി വലിയ തിരിച്ചടിയെ നേരിടുമെന്നാണ് സർവ്വേ പറയുന്നത്. ശാഖാ തലത്തിൽ ആർ.എസ്.എസ്. പ്രചാരകരാണ് സർവേക്കു നേതൃത്വം നൽകിയത്.
തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ച് ആർ.എസ്.എസിന്റെ കാർമികത്വത്തിൽ വിശ്വഹിന്ദു പരിഷത്താണ് ഗുജറാത്തിൽ വോട്ട് ബാങ്കിന് അടിത്തറയിട്ടത്. മോദി മുഖ്യമന്ത്രിയായതോടെ ഹിന്ദുത്വ അജൻഡയിലൂന്നി ഭരണം തുടരുകയും പാർട്ടിയിൽ ശക്തനായ നേതാവായി മാറുകയുമായിരുന്നു. ഈ സാഹചര്യത്തിലും വിജയം നിർണയിച്ചത് ഹിന്ദു വോട്ട് ബാങ്ക് തന്നെയായതിനാൽ ഇപ്പോഴത്തെ സാഹചര്യം തീർത്തും ആശങ്കാജനകമാണെന്നാണ് ആർ.എസ്.എസിന്റെ നിഗമനം.
സംസ്ഥാന മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ രാജിക്കു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനു തയാറാണെന്ന് പ്രതിപക്ഷനേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ശങ്കർ സിങ് വഗേല വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ ചേരുന്നതിനു മുമ്പ് സംസ്ഥാനത്തെ അറിയപ്പെട്ട ആർ.എസ്.എസ്. പ്രചാരകനായിരുന്നു വഗേല. സംസ്ഥാനത്ത് കോൺഗ്രസിനു ശക്തമായ അടിത്തറയില്ലെങ്കിലും സർക്കാർ വിരുദ്ധവോട്ടുകൾ പെട്ടിയിലാക്കാൻ കഴിയുമെന്നാണ് വഗേലയടക്കമുള്ളവരുടെ കണക്കുകൂട്ടൽ.
ദളിതരുടെ നിസഹകരണംമൂലം രണ്ടുദിവസം മുമ്പ് ഉത്തർപ്രദേശിൽ നടത്താനിരുന്ന ബിജെപിയുടെ റാലി മാറ്റിവച്ചിരുന്നു. ശക്തനായ നേതാവിനെതന്നെ മുഖ്യമന്ത്രിയായി ഇറക്കി സഹാചര്യം അനുകൂലമാക്കാമെന്ന പ്രതീക്ഷ ഇപ്പോഴും ബിജെപിക്കുണ്ട്. പ്രധാനമന്ത്രി മോദിയുടെ സ്വന്തം തട്ടകമാണ് ഗുജറാത്ത്. ഗുജറാത്ത് മോഡൽ മുദ്രാവാക്യവുമായാണ് ഇന്ത്യയുടെ ഭരണം മോദി പിടിച്ചത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഗുജറാത്ത് കൈവിട്ടു പോകുന്നത് ബിജെപിക്ക് ചിന്തിക്കാൻ പോലും ആവാത്ത വിഷയമാണ്. അതുകൊണ്ട് തന്നെ ആർഎസ്എസുമായി സഹകരിച്ച് ശക്തമായി തിരിച്ചുവരവിനാകും ബിജെപി ശ്രമിക്കുക.



