- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ജാഗ്രത എല്ലാം വെറുതെയായി; പാലക്കാട്ട് വെട്ടേറ്റ ആർഎസ്എസ് നേതാവും കൊല്ലപ്പെട്ടു; രണ്ട് ബൈക്കിലായി എത്തിയ അഞ്ചു പേർ ക്രൂരമായി വെട്ടി കൊന്നത് മാവേലിക്കരയിലും ബാലുശേരിയിലും പ്രചാരകനായിരുന്ന ശ്രീനിവാസനെ; പാലക്കാട്ടെ നടുക്കി 24 മണിക്കൂറിനിടെ രണ്ട് നേതാക്കളുടെ കൊലപാതകം; അക്രമം പടരാതിരിക്കാൻ കേരളമെങ്ങും അതീവ ജാഗ്രത
പാലക്കാട്: പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവും കൊല്ലപ്പെട്ടു. മേലാമുറിയിൽ വെട്ടേറ്റ ആർഎസ്എസ് നേതാവ് ശ്രീനിവാസനാണ് ആശുപത്രിയിൽ മരിച്ചത്. എസ് ഡി പി ഐ നേതാവിനെ ഇന്നലെ വെട്ടിക്കൊന്നതിനെ തുടർന്ന് പാലക്കാട്ട് അതീവ ജാഗ്രതയിലായിരുന്നു പൊലീസ്. ഇതിന് പിന്നാലെയാണ് തിരിച്ചടിയെന്ന് തോന്നിപ്പിക്കും വിധം ആർഎസ്എസ് നേതാവിനും വെട്ടേൽക്കുന്നത്. അതിക്രൂരമായിട്ടായിരുന്നു ആക്രണം.
മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിരുന്നു. അതൊഴിവാക്കാൻ പാലക്കാട്ട് മതിയായ ജാഗ്രത പുലർത്തുകയും ചെയ്തു പൊലീസ്. എന്നിട്ടും എസ് ഡി പി ഐ നേതാവ് മരിച്ച് 24 മണിക്കൂറിനുള്ളിൽ ആർഎസ്എസ് നേതാവും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും. ഇതുകൊണ്ട് തന്നെ പൊലീസിന്റെ കരുതൽ എല്ലാം വെറുതെയായി.
ബൈക്കിലെത്തിയ അഞ്ചു പേരാണ് ശ്രീനിവാസനെ വെട്ടിയത്. മേലേമുറിയിലെ കടയിൽ കയറിയായിരുന്നു അക്രമം. പാലക്കാട് മേലാമുറി മേഴ്സി കോളേജ് റോഡിൽ എസ്‌കെഎസ് വാഹനകച്ചവടം നടത്തുന്ന ശ്രീനവാസൻ (45) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ കടയിൽ കയറി ആക്രമിക്കുകയായിരുന്നു. പള്ളിപ്പുറം സ്‌കൂളിനടുത്താണ് സംഭവം. മാവേലിക്കര, ബാലുശ്ശേരി ഭാഗങ്ങളിൽ മുൻ പ്രചാരകനായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദേഹത്തെ പാലക്കാട്ടെ തങ്കം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആർ എസ് എസിന്റെ മുൻ ശാരീരിഖ് പ്രമുഖ് കൂടിയാണ് ശ്രീനിവാസൻ. വെട്ടേറ്റ ഉടനെ ആശുപത്രിയിൽ എത്തിക്കാനായി. എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ബൈക്കിലാണ് അക്രമികൾ എത്തിയത്. ശ്രീനിവാസനുണ്ടെന്ന് മനസ്സിലാക്കി കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം.
ഇന്നലെയാണ് ജില്ലയിൽ ഒരു കൊലപാതകം നടന്നത്. നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുൻപാണ് മറ്റൊരു കൊലപാതകം. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്‌ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു.
ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ. ഇതിനുള്ള തിരിച്ചടിയാണ് ശ്രീനിവാസന്റെ കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം.
മറുനാടന് മലയാളി ബ്യൂറോ