ന്യൂഡൽഹി: ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സ്വാതന്ത്ര്യ സമര കാലത്ത് ഒളിച്ചിരുന്നവരാണ് ഇന്ന് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത്. എതിർപ്പുന്നയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നത് ഇന്ത്യയുടെ പാരമ്പര്യത്തിന് യോജിച്ചതല്ലന്നും സോണിയാ ഗാന്ധി പറഞ്ഞു.

ജവഹർലാൽ നെഹ്‌റുവിന്റെ 125-ാം ജന്മദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് ആർഎസ്എസിനെതിരെ സോണിയാ ഗാന്ധി വിമർശനം ഉന്നയിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർക്കുകയും സ്വാതന്ത്ര സമരകാലത്ത് ഒളിച്ചിരിക്കുകയും ചെയ്ത ആർഎസ്എസ് ഇന്ന് ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുകയാണ്. ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ശക്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലന്നും സോണിയാ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷ വിമർശനം നടത്തി. വർഗീയ അജൻഡകൾക്കു മുഖംമൂടിയായി സർക്കാർ വികസനം എന്ന വാക്ക് ദുരുപയോഗം ചെയ്യുകയാണെന്ന് സോണിയ ആരോപിച്ചു. സാഹിത്യ അക്കാദമിയുടെ പ്രഥമ പ്രസിഡന്റ് കൂടിയായിരുന്ന നെഹ്‌റു പ്രധാനമന്ത്രിയുടെ ഇടപെടലുകളിൽനിന്നു അക്കാദമിയെ രക്ഷിച്ചു നിർത്തുകയാണ് പ്രഥമ കർത്തവ്യമെന്നു വ്യക്തമാക്കിയിരുന്നതായും സോണിയ ഓർമിപ്പിച്ചു.

കടുത്ത അസഹിഷ്ണുത നിലനിൽക്കുന്ന രാജ്യത്ത് വിവിധ വിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്നതിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നു. നെഹ്‌റുവിന്റെ കാഴ്ചപ്പാടിൽ മൻ കി ബാത്ത് എന്നാൽ ഒരു പൗരന് മനസു തുറന്നു ആശയ സംവാദത്തിനുള്ള വഴിയായിരുന്നു. എന്നാൽ, ഇന്ന് മൻ കി ബാത്ത് വെറുമൊരു റേഡിയോ പരിപാടി മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും സോണിയ പറഞ്ഞു. പാർലമെന്റ് നടപടികളിൽ താൽപര്യമില്ലാത്ത പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. ജാതിയുടേയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ബിജെപി യുടെ പാരമ്പര്യമല്ല കോൺഗ്രസിന്റേതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്ര നിർമ്മാണത്തിൽ നെഹ്‌റുവിന്റെ പങ്കിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾ വിജയിക്കില്ലെന്നു മുൻപ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞു.

നെഹ്‌റുവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ യമുനാ തീരത്തെ ശാന്തിവനിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉൾപ്പടെയുള്ളവർ പ്രണാമം അർപ്പിച്ചു. അതേസമയം ചടങ്ങിൽനിന്ന് കേന്ദ്രസർക്കാർ പ്രതിനിധികൾ പൂർണമായും വിട്ടുനിന്നു. എന്നാൽ പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയും ഉൾപ്പടെയുള്ളവർ പങ്കെടുത്തു.