- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐയും ആർ.എസ്.എസും അഴിഞ്ഞാടുന്നു; സോഷ്യൽ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ പരിണിത ഫലമാണിത്; വിമർശനവുമായി വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിൽ വർഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകൾ നടത്തുന്ന കൊലപാതകങ്ങളും വർധിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും മുന്നിൽ പൊലീസ് നോക്കുകുത്തിയായി നിൽക്കുന്നു. വർഗീയ ശക്തികളായ എസ്.ഡി.പി.ഐയും ആർ.എസ്.എസും അഴിഞ്ഞാടുകയാണ്. സോഷ്യൽ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ പരിണിതഫലമാണിത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയന്നാണ് കേരളം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ പാർട്ടി നേതാവിനെ നിയമിച്ചത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശമ്പളമായ രണ്ടര ലക്ഷം രൂപയ്ക്കാണ്. സ്വന്തക്കാരെ പ്രത്യേക ലാവണങ്ങളിൽ നിയമിച്ച് ശമ്പളം കൊടുക്കാനുള്ള പണം സർക്കാരിന്റെ കയ്യിലുണ്ട്. മുഴുവൻ വകുപ്പുകളും സമ്പൂർണ പരാജയമാണ്. ഘടകക്ഷികളുടെ വകുപ്പുകളിലെല്ലാം സിഐ.ടി.യു ഗുണ്ടായിസമാണ്. ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പാണെന്ന് ചീഫ് സെക്രട്ടറി തന്നെ പറയുകയാണ്.
പാർട്ടിക്കും പാർട്ടിയുമായി ബന്ധപ്പെട്ട സംഘടനകളെയും കയറഴിച്ച് വിട്ട് മുഖ്യമന്ത്രി വെറുതെയിരിക്കുകയാണ്. ഭരിക്കാനുള്ള ഉത്തരവാദിത്തം മറന്ന് മുഖ്യമന്ത്രി സിൽവർ ലൈനിന് പിന്നാലെ നടക്കുന്നു. കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണോ സിൽവർ ലൈൻ? അതാണോ കേരളത്തിന്റെ മുൻഗണന? എല്ലാ വകുപ്പുകളിലും കുഴപ്പങ്ങൾ നിൽക്കുമ്പോഴാണ് സർക്കാർ ഒന്നാം വർഷികം ആഘോഷിക്കുന്നത്. ഇതു പോലൊരു കാലം കേരളത്തിൽ ഉണ്ടായിട്ടില്ല. ആഘോഷ പരിപാടികൾ പിൻവലിക്കാൻ തയാറാകണമെന്നും സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ