തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് ചിന്ത ജെറോമിന് ഭീഷണിയുമായി സംഘപരിവാർ രംഗത്ത്. കാവിപ്പട എന്ന ഫേസ്‌ബുക്ക് പേജിലാണ് ചിന്തയ്ക്കുള്ള ഭീഷണിയെന്ന മട്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആർഎസ്എസിനെ വിമർശിച്ച് ചിന്ത പ്രസംഗിച്ചിരുന്നു. ഇതിനു പിന്നാലെയാണു 'കാവിപ്പട' ചിന്തയ്ക്കു ഭീഷണി ഉയർത്തിയത്.

'പറഞ്ഞതിനെക്കുറിച്ചോർത്ത് ഇവൾ ദുഃഖിക്കുന്ന കാലം വിദൂരമല്ല.. ജയ് ശ്രീ രാം' എന്ന അടിക്കുറിപ്പോടെയാണ് ചിന്തയുടെ ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്. 'എന്റെ അറിവിൽ കേരളത്തിലും ഇന്ത്യയിലും നിക്കർ ധരിക്കുന്ന രണ്ട് വിഭാഗങ്ങളേ ഉള്ളു.. ഒന്ന് ആർഎസ്എസ്‌കാരന്മാരും രണ്ട് എൽപി സ്‌കൂൾ വിദ്യാർത്ഥികളും. നിക്കറിട്ട് ടിന്റുമോന്മാരെപ്പോലെ കടന്ന് വരുന്ന ഇവന്മാരാണ് വലിയ രാജ്യസ്‌നേഹം പറയുന്നവർ.. ചെരിപ്പിടില്ല ഇവന്മാർ, ചെരിപ്പിട്ടാൽ ഭൂമിദേവിക്ക് നോവുമെന്നാ ഇവന്മാർ പറയുന്നത്.' ഇങ്ങനെയാണ് പ്രസംഗത്തിനിടെ സംഘപരിവാറുകാരെക്കുറിച്ച് ചിന്ത പറഞ്ഞത്. ഇതാണ് സംഘടനയെ പ്രകോപിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ ചിന്തയുടെ പ്രസംഗം പ്രചരിച്ചതോടെയാണ് ആർഎസ്എസിന്റെ കാവിപ്പട എന്ന പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല, ഇതിനു താഴെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളിക്കാനും അണികൾ മടിച്ചിട്ടില്ല. എന്തായാലും പോസ്റ്റിനു പിൻപറ്റി ഇരുവിഭാഗവും വലിയ തർക്കത്തിലാണിപ്പോൾ.

 പൊതു പരിപാടിക്കിടെ സംഘപരിവാറിനെതിരെ പ്രസംഗിച്ച ചിന്തയ്‌ക്കെതിരെ ചിലർ ആശയപരമായ സംവാദം ഉയർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ലൈംഗികച്ചുവയുള്ള കമന്റുകളുമായാണ് ഭൂരിപക്ഷവും രംഗത്ത് എത്തിയിരിക്കുന്നത്.

'തന്തയുടെ പ്രായമുള്ളവരുടെ തന്തക്കു വിളിച്ചു ശീലിച്ച ഇവൾക്ക് ഗണവേഷം ധരിച്ച R S S കാരെ കണ്ടപ്പോൾ കാമം മൂത്ത് നാണം വന്നത്രെ ... പിണറായ് വിജയന്റെ എച്ചിൽ പത്രത്തിലെ എല്ലും കഷ്ണത്തിന് വേണ്ടി പാർട്ടിയുടെ സ്ഥാപക നേതാവിനെ വരെ പിതൃ ശുന്ന്യനെന്നു പറഞ്ഞും മറ്റും കളിയാക്കിയ ഈയ്യാം പാറ്റയാണ് ഇന്ത്യ ഭരിക്കുന്ന R S S കാരെ വകതിരിവ് പടിപ്പിക്ക്യുന്നത്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

നിക്കറിട്ടാലും സ്വന്തം രാജ്യത്തോടാണു കൂറെന്നും അല്ലാതെ ഡിവൈഎഫ്‌ഐക്കാരെയും എസ്എഫ്‌ഐക്കാരെയും പോലെ ചൈനയോടല്ല കൂറെന്നും മറ്റും വാദഗതികൾ ഉയർത്തുന്നവരുമുണ്ട്. കമന്റുകളിലൂടെ പച്ചത്തെറി വിളിക്കുന്നവും കുറവല്ല.

അതിനിടെ, സപ്പോർട്ട് ചിന്താ ജെറോം എന്ന ഹാഷ് ടാഗിൽ ചിന്തയ്ക്കു പിന്തുണയുമായും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. 'നാടു നീളെ വിഷംചീറ്റി മനുഷ്യരെ വർഗ്ഗീയ മാനസിക രോഗിയും കൊലപാതകികളാക്കുകയും ചെയ്യുന്ന പ്രാസംഗികർക്ക് കൈയടിക്കുന്നവർക്ക് തങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങളെയും ഉൾകൊള്ളാൻ കഴിയുന്നില്ലെങ്കിൽ പാക്കിസ്ഥാനിലേക്ക് പോവണ്ട വല്ല ഗുജറാത്തിലൊ മാഹാരാഷ്ട്രയിലൊ പൊയ്‌ക്കോളു..നിങ്ങളെ തോളിലേറ്റാനും താരാട്ട് പാടാനും അവിടെ കാണും ആരെങ്കിലും...പച്ചയായാലും കാവിയായലും നിന്റെ ഒക്കെ വർഗ്ഗീയ മുഖം തുറന്നു കാണിച്ചതിന്റെ പേരിൽ ഒരു സഖാവിനും ഒരുകാലത്തും ദുഃഖിക്കേണ്ടി വരില്ല....അഭിമാനിക്കേണ്ടി വരികയെ ഉള്ളു...'വെന്ന് ചിന്തയ്ക്ക് പിന്തുണയുമായി എത്തിയവർ വ്യക്തമാക്കുന്നുണ്ട്.