ന്യൂഡൽഹി: ഏറെ വിവാദമായ അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് മുസ്ലിം സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കവുമായി ആർഎസ്എസ് രംഗത്ത്. ആർഎസ്എസിന്റെ പോഷകസംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിലാകും ഇതിനുള്ള നീക്കം നടത്തുന്നത്.

എല്ലാ സമുദായങ്ങളെയും വിശ്വാസത്തിലെടുത്ത ശേഷം രാമക്ഷേത്ര നിർമ്മാണം മതിയെന്നാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ നിലപാട്. ഇതിനായി രാമൻ ഭാരതീയതയുടെ പ്രതീകമാണെന്ന ആശയവുമായി മുന്നോട്ടു പോകും.

ഹിന്ദുക്കളുടെ വിശ്വാസകേന്ദ്രം ദൈവ സങ്കൽപ്പമാണെന്നും ബാബർ മുസ്ലീങ്ങൾക്ക് അങ്ങനയല്ലെന്നുമുള്ള 'സത്യം' മുസ്ലീങ്ങളെ ബോദ്ധ്യപ്പെടുത്താനും സംഘടന ഉദ്ദേശിക്കുന്നു. ബാബർ ഒരു കടന്നുകയറ്റക്കാരനാണെന്ന് മുസ്ലീങ്ങളെ ബോദ്ധ്യപ്പെടുത്താനാണു മഞ്ച് ശ്രമിക്കുക.

മുഗൾ രാജാവായ ബാബറിന്റെ പേരിലുള്ള മസ്ജിദ് അദ്ദേഹത്തിന്റെ ഭരണകാലത്ത് പണിതതെന്നാണ് കരുതുന്നത്. 'രാമക്ഷേത്രം വരണം. പക്ഷേ അത് എല്ലാവരെയും ബോദ്ധ്യപ്പെടുത്തി വേണം. മുസ്ലീങ്ങളുമായും മറ്റ് സമുദായാംഗങ്ങളുമായും ഇക്കാര്യത്തിൽ ചർച്ച നടത്തണം' സംഘടനാ ദേശീയ കൺവീനർ മുഹമ്മദ് അഫ്‌സൽ അടുത്തിടെ പറഞ്ഞു.

അയോദ്ധ്യയിൽ രാമക്ഷേത്രം പണിയണമെന്നാണ് മഞ്ചിനൊപ്പം പ്രവർത്തിക്കുന്ന ഉലമകളിൽ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. രാജ്യത്ത് അസഹിഷ്ണുതയുടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്ന വാദത്തെ അദ്ദേഹം തള്ളി. തർക്കപ്രദേശത്ത് ക്ഷേത്രം പണിയാനുള്ള തീരുമാനമാണ് ഇന്ത്യ എത്രത്തോളം സഹിഷ്ണുത പുലർത്തുന്നെന്നതിന് തെളിവാണെന്നും മുഹമ്മദ് അഫ്‌സൽ പറഞ്ഞു.