- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോപ്പ് ഒരു രാഷ്ട്രത്തലവനാണ്; വത്തിക്കാൻ ഒരു രാജ്യമാണ്; ആഗോള സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിലെ നേതാക്കളെ കണ്ടുമുട്ടുന്നതിൽ തെറ്റില്ല; വസുധൈവ കുടുംബകത്തിലാണ് വിശ്വാസം; ഫ്രാൻസിസ് മാർപ്പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച സ്വാഗതം ചെയ്ത് ആർഎസ്എസ്
ബെംഗളൂരു: ഫ്രാൻസിസ് മാർപ്പാപ്പ-പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയെ ആർഎസ്എസ് എങ്ങനെ വിലയിരുത്തുന്നു എന്ന ആകാംക്ഷയ്ക്ക് വിരാമം. സമാഗമത്തെ ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ അഭിനന്ദിച്ചു. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ലോകത്തിലെ പ്രധാന നേതാക്കളെ കാണുകയും രാജ്യത്തിന്റെ ആദരവ് വർധിപ്പിക്കുകയും ചെയ്യുന്നത് സ്വാഗതാർഹമാണ്.
സർക്കാരിന്റെ മറ്റൊരു തലവനെ കാണുന്നത് സർക്കാരിന്റെ തലവനാണ്. അത് സർക്കാരിന്റെ തീരുമാനമാണ്. ഏത് ആവശ്യത്തിനും അവർക്ക് ആരുമായും കണ്ടുമുട്ടാം. അത് വിദേശനയത്തിന് കീഴിലാണ് വരുന്നത്. പോപ്പ് ഒരു രാഷ്ട്രത്തലവനാണ്. വത്തിക്കാൻ ഒരു രാജ്യമാണ്. ആഗോള സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിലെ നേതാക്കളെ കണ്ടുമുട്ടുന്നതിൽ തെറ്റൊന്നുമില്ല. വസുധൈവ കുടുംബകത്തിൽ വിശ്വസിക്കുന്നതിനാൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമൂഹം ദീർഘനാളായി ആഗ്രഹിക്കുന്നതാണ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം. ജോൺ പോൾ രണ്ടാമന് ശേഷം അത് സംഭവിച്ചിട്ടില്ല. സംഘപരിവാറിലെ ചില വിഭാഗങ്ങളുടെ എതിർപ്പും ഇതിന് തടസ്സമായി. ജോൺ പോൾ രണ്ടാമന്റെ സന്ദർശനത്തെ ആർഎസ്എസ് ശക്തമായി എതിർത്തിരുന്നു. കത്തോലിക്ക സഭയുടെ സുപ്രധാന രേഖ ഇന്ത്യാ സന്ദർശനത്തിനിടെ പുറത്തിറക്കിയത് ആർഎസ്്എസിനെ ചൊടിപ്പിച്ചിരുന്നു. അത് ഇന്ത്യയിൽ കൂട്ട മതപരിവർത്തനത്തിന് വഴിവയ്ക്കുമെന്നായിരുന്നു ആർഎസ്എസിന്റെ ആക്ഷേപം,. എന്നാൽ, റോമിലെ കൂടിക്കാഴ്ചയ്ക്കിടെ, മാർപ്പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തതോടെ ഇതിനെല്ലാം മാറ്റം വന്നിരിക്കുകയാണ്.
2013 മുതൽ റോമൻ കത്തോലിക്ക സഭയുടെ തലവനാണ് പോപ് ഫ്രാൻസിസ്. 1990 കളിൽ ജോൺപോൾ രണ്ടാമന്റെ കാലത്താണ് ഏറ്റവും ഒടുവിൽ പോപ് ഇന്ത്യയിൽ എത്തിയത്. രാഷ്രീയത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ബിജെപിക്കും ഇത് ഗുണകരമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അടുത്ത വർഷമാദ്യം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ സമുദായത്തിന്റെ വിശ്വാസം ആർജ്ജിക്കാൻ, മാർപ്പാപ്പയുമായി ഉള്ള മോദിയുടെ കൂടിക്കാഴ്ച പാർട്ടിയെ സഹായിച്ചേക്കും. കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും ഒരുപോലെ താൽപര്യത്തോടെ നോക്കി കണ്ടിരുന്നു
കേരളത്തിൽ മാത്രമല്ല, ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവ സമുദായത്തെ കൈയിലെടുക്കാൻ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് താൽപര്യമുണ്ട്. മാർപ്പാപ്പ-മോദി കൂടിക്കാഴ്ച അതിന് രാസത്വരകമാകുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ