ഇറ്റാനഗർ: ആർഎസ്എസിലും ബീഫ് കഴിക്കുന്നവരുണ്ടെന്ന് അഖിലേന്ത്യ പ്രചാർ പ്രമുഖ് മന്മോഹൻ വൈദ്യ. ബീഫ് കഴിക്കുന്നവർ ആർ.എസ്.എസിൽ ചേരുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ലെന്നും വൈദ്യ പറഞ്ഞു.

ആർ.എസ്.എസ്. ഒരു സാമൂഹ്യ സംഘടനയാണ്. മറ്റുള്ളവരുടെ ഭക്ഷണശീലം സംഘടനയെ ബാധിക്കുന്ന പ്രശ്‌നമല്ല. അരുണാചൽ പ്രദേശുകാർ ബീഫ് കഴിക്കുന്നവരാണ്. സംസ്ഥാനത്തെ മൂവായിരത്തോളം ആർ.എസ്.എസ് പ്രവർത്തകർ ബീഫ് കഴിക്കുമെന്നും വൈദ്യ പറഞ്ഞു.

ഹൈന്ദവ സംഘടനകൾ ബീഫ് കഴിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴാണ് വ്യത്യസ്ത നിലപാടുമായി ആർ.എസ്.എസ് നേതാവ് രംഗത്തു വന്നത്. അരുണാചൽ പ്രദേശിൽ നടക്കുന്ന സംഘടനയുടെ പ്രചരണ യോഗത്തിലാണ് അഖിലേന്ത്യ പ്രചാർ പ്രമുഖിന്റെ പ്രസ്താവന.

മന്മോഹൻ വൈദ്യയുടെ പ്രസ്താവനയോട് മറ്റു നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആർഎസ്എസ് എടുത്തിട്ടുള്ള നിലപാടുകൾക്ക് നേരെ വിപരീത പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്ന മന്മോഹൻ വൈദ്യ സോഷ്യൽ മീഡിയയിലും ചർച്ചയായി.

പശു ഇറച്ചി കഴിച്ചുവെന്നാരോപിച്ച് ദാദ്രിയിൽ മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നതിനു പിന്നാലെ ബീഫ് കഴിക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നതടക്കമുള്ള പ്രസ്താവനകൾ നടത്തിയ ബിജെപി നേതാക്കളുടെ വാദങ്ങൾക്കും തിരിച്ചടിയായിരിക്കുകയാണ് വൈദ്യയുടെപ്രസ്താവന.