- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
800 രൂപക്ക് ആർ.ടി - പി.സി.ആർ ടെസ്റ്റ്; കോവിഡ് പരിശോധനാ നിരക്ക് മൂന്നിലൊന്നായി വെട്ടിക്കുറച്ച് ഡൽഹി സർക്കാർ
ന്യൂഡൽഹി: കോവിഡ് പരിശോധനയായ ആർ.ടി - പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് മൂന്നിലൊന്നായി വെട്ടിക്കുറച്ച് ഡൽഹി സർക്കാർ. ഡൽഹിയിൽ ആർ.ടി - പി.സി.ആർ പരിശോധന നടത്തുന്നതിന് ഈടാക്കുന്ന തുക കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹിയിലെ സ്വകാര്യ ലാബുകളിൽ ആർ.ടി - പി.സി.ആർ പരിശോധനക്ക് 2,400ൽ നിന്നും 800 രൂപയായാണ് കുറച്ചത്.
രാജ്യതലസ്ഥാനം കൊറോണ വൈറസിന്റെ മൂന്നാംഘട്ട വ്യാപനം നേരിടുന്നതിനിടെയാണ് സർക്കാർ കോവിഡ് പരിശോധനയ്ക്കുള്ള ഫീസ് കുറച്ചിട്ടുള്ളത്. കൊറോണ വൈറസ് ടെസ്റ്റ് നടത്താൻ ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെന്ന് രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനിടെ സെപ്റ്റംബറിൽ ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു. മേൽവിലാസം തെളിയിക്കുന്നതിനായി ആധാർ കാർഡുമായി എത്തി ഐസിഎംആറിന്റെ ഫോം പൂരിപ്പിച്ചു നൽകുന്ന ഡൽഹി സ്വദേശികൾക്ക് എവിടെയും കോവിഡ് പരിശോധന നടത്താം. ഡൽഹിയിൽ ഇതുവരെ 5.6 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 9066 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന തുകയുടെ കാര്യത്തിൽ ഇടപെടില്ലെന്ന് ഐസിഎംആർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളാണ് അക്കാര്യത്തിൽ ഇടപെടൽ നടത്തേണ്ടതെന്നും നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് മഹാരാഷ്ട്രാ, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ആർ.ടി - പി.സി.ആർ പരിശോധനാ ഫീസ് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചിരുന്നു.
രാജ്യത്താകമാനം ആർ.ടി - പി.സി.ആർ പരിശോധനയുടെ ഫീസ് 400 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പരിശോധനയുടെ യഥാർഥ ചെലവ് 200 രൂപയാണെന്നിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആർ.ടി - പി.സി.ആർ പരിശോധന നടത്തുന്നതിനുള്ള ചെലവ് 900 രൂപ മുതൽ 2800 രൂപവരെയാണെന്നും ഹർജിയിൽ പറയുന്നു.
മറുനാടന് ഡെസ്ക്