ദുബായ്: റദമാനിൽ ദുബായ് മെട്രോ, ട്രാം, മറൈൻ സർവീസുകൾ, പബ്ലിക് ബസുകൾ, പബ്ലിക് കാർ പാർക്കുകൾ തുടങ്ങിയവയുടെ പുതുക്കിയ സമയക്രമങ്ങളും മറ്റും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) പ്രസിദ്ധപ്പെടുത്തി. പ്രധാന സ്റ്റേഷനുകളായ ഗോൾഡ് സൂക്ക്, ഗുബൈബ എന്നിവിടങ്ങളിൽ പുലർച്ചെ അഞ്ചു മുതൽ അർധരാത്രി വരെ സർവീസ് ഉണ്ടായിരിക്കും.

സബ്‌സിഡിയറി സ്റ്റേഷനുകളായ അൽ ഖുസൈസ് എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 5.15 മുതൽ അർധനരാത്രി വരെ സർവീസ് നടത്തും. സത്വ സ്റ്റേഷനിൽ നിന്നും റൂട്ട് C01-ൽ ഇരുപത്തിനാലു മണിക്കൂറും സർവീസ് ഉണ്ടായിരിക്കും. ജെബൽ അലി സ്റ്റേഷനിൽ നിന്ന് പുലർച്ചെ 5.30 മുതൽ രാത്രി 10.30 വരെയായിരിക്കും സർവീസ്. അൽ ഖ്വുവോസ് ഇൻഡസ്ട്രിയൽ ഏരിയ സ്‌റ്റേഷനിൽ പുലർച്ചെ 5.15 മുതൽ അർധരാത്രി വരെയാണ് സർവീസ്.

ഇന്റർ സിറ്റി ബസ് സർവീസുകൾ പ്രധാന സ്റ്റേഷനുകളിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കും. അതേസമയം മെട്രോ സർവീസിൽ റെഡ് ലൈനിൽ ശനി മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ പുലർച്ചെ 5.30 മുതൽ അർധരാത്രി വരെയാണ് സർവീസ്. വ്യാഴാഴ്ച ദിവസം പുലർച്ചെ 5.30 മുതൽ പിറ്റേന്ന് പുലർച്ച് ഒരു മണി വരേയും വെള്ളിയാഴ്ച രാവിലെ പത്തു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയുമാണ് സർവീസ്. ഗ്രീൻ ലൈനിൽ ശനി മുതൽ ബുധൻ വരെ പുലർച്ചെ 5.30 മുതൽ അർധരാത്രി വരെയും വ്യാഴാഴ്ച പുലർച്ചെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നു വരെയും വെള്ളിയാഴ്ച രാവിലെ പത്തു മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നു വരെയും സർവീസ് ഉണ്ടായിരിക്കും.

മെയ്‌ 28 മുതൽ നടപ്പാക്കിയ പുതുക്കിയ കാർ പാർക്കിങ് നിരക്കും ആർടിഎ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഉമ്മറമൂൽ, ദേര, കരാമ, ബർഷ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും അൽ തവാർ, അൽമനാർ, അൽ അവീർ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും തുറന്ന് പ്രവർത്തിക്കും. എ, ബി, സി, ഡി, ജി കോഡുള്ള കാർപാർക്കിംഗിൽ നിലവിലുള്ളതുപോലെ രാവിലെ എട്ട് മുതൽ രാത്രി പത്ത് മണിവരെ പാർക്കിങ് ഫീസ് ഈടാക്കും. ഇ കോഡുള്ള ദേരയിലെ മത്സ്യച്ചന്തയ്ക്ക് സമീപം രാവിലെ എട്ട് മുതൽ രാത്രി പതിനൊന്ന് വരെ ഫീസ് നൽകണം. എഫ് കോഡിൽ വരുന്ന മീഡിയാസിറ്റി, ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിലും നോളജ് വില്ലേജിലും രാവിലെ ആറ് മുതൽ രാത്രി എട്ട് വരെ പാർക്കിങ് ഫീസ് ഈടാക്കും. ബഹുനില പാർക്കിംഗുകളിൽ സാധാരണ പോലെ തന്നെയാകും ഫീസ് ഈടാക്കുക.