ദുബൈ: വീടിന് പുറത്തുള്ള സൗജന്യ പാർക്കിങ് ഏരികയകളിൽ വാഹനം പാർക്ക് ചെയ്യുന്നതിന് താമസക്കാർ പാർക്കിങ് പെർമിറ്റ് എടുത്തിരിക്കണമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. ഇതിന്റെ ആദ്യഘട്ടം ആരംഭിക്കുക അൽ മാൻഖൂലിലെ റസിഡൻഷ്യൽ ഏരിയയിൽ ആയിരിക്കും.

താമസ കേന്ദ്രങ്ങൾക്ക് പുറത്തുനിന്നുള്ളവർ പാർക്കിങ് സ്ഥലങ്ങൾ കൈയേറുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണിതെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ മാഇത ബിൻ ഉദായ് പറഞ്ഞു.അതാത് താമസ കേന്ദ്രങ്ങളിലെ ആളുകൾക്ക് സൗജന്യമായാണ് ആർ.ടി.എ പെർമിറ്റുകൾ നൽകുക. ടൈപ്പ് ആർ പാർക്കിങ് കാർഡുകളാണ് ഇവർക്ക് അനുവദിക്കുക. താമസ കേന്ദ്രങ്ങളുടെ തരം, മുറികളുടെ എണ്ണം എന്നിവ പരിഗണിച്ചായിരിക്കും കാർഡുകൾ നൽകുക.

അപേക്ഷകന് ഫാമിലി അക്കമഡേഷൻ സൗകര്യം ഉണ്ടായിരിക്കണം. അറ്റസ്റ്റ് ചെയ്ത വാടക കരാർ അപേക്ഷക്കൊപ്പം സമർപ്പിക്കണം. പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ ഇത്തരം സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ 200 ദിർഹം പിഴ ഈടാക്കും.

ഇതുസംബന്ധിച്ച അറിയിപ്പ് പാർക്കിങ് കേന്ദ്രങ്ങളിൽ സ്ഥാപിക്കും. ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്യും.എല്ലാ താമസക്കാർക്കും രാത്രി കാർ നിർത്തിയിടാൻ സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.കാർ റെന്റൽ കമ്പനികളും മറ്റും പാർക്കിങ് കേന്ദ്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായി താമസക്കാരിൽ നിന്ന് വ്യാപക പരാതി ലഭിച്ചിരുന്നു.

തിങ്കളാഴ്ച മുതലാണ് ഇവിടെ ഇത് നടപ്പിലാക്കുക. രണ്ടാം ഘട്ടത്തിൽ അൽ ബാദ, ഹോർ അൽ അൻസ് എന്നിവിടങ്ങളിൽ ലഭിക്കും. താമസക്കാർക്ക് നൽകുന്ന പെർമിറ്റ് അവരുടെ വീടിന്റെ വലിപ്പത്തിനനുസരിച്ചാണ്. വീട്ടിലുള്ള ബെഡ്‌റൂമിന്റെ എണ്ണത്തിനനുസരിച്ചായിരിക്കും പെർമിറ്റ് ലഭിക്കുക.