യുഎഇയിൽ ആരോഗ്യാവസ്ഥ മോശമായവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്ന കാര്യം പരിഗണനയിൽ. അപസ്മാര രോഗിയുടെ വാഹനം ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറി മലയാളി വീട്ടമ്മയടക്കം രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിലാണ് നടപടി.

നിലവിൽ ഡ്രൈവറായി ജോലി ചെയ്യുന്നവർക്ക് എല്ലാവർഷവും മെഡിക്കൽ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ലോറി, ബസ്, ടാക്‌സി ഡ്രൈവർമാർക്ക് വാർഷിക മെഡിക്കൽ പരിശോധന ബാധകമാക്കി കഴിഞ്ഞു. അടുത്തഘട്ടത്തിൽ ഇത് വ്യക്തികളുടെ ഡ്രെവർമാരായി ജോലി ചെയ്യുന്നവർക്കും ഇത് ബാധകമാക്കും. എന്നാൽ, വ്യക്തിഗത ഡ്രൈവിങ് ലൈസൻസുള്ളവരുടെ ആരോഗ്യവിവരങ്ങൾ ലഭ്യമാക്കാൻ നിലവിൽ സംവിധാനമില്ല. മെഡിക്കൽ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഫെഡറൽ സർക്കാർ, ദുബൈ ഹെൽത്ത് അഥോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം ആലോചിക്കുന്നുണ്ട്.

അപസ്മാരം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, മാനസികരോഗം, മറവിരോഗം, തീവ്രഘട്ടത്തിലെത്തിയ പ്രമേഹം എന്നീ അസുഖമുള്ളവർക്ക് നിലവിൽ രാജ്യത്ത് ഡ്രൈവറായി ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.

കഴിഞ്ഞദിവസം അജ്മാനിലാണ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ അപസ്മാരമുണ്ടായ യുവാവിന്റെ വാഹനം പാഞ്ഞുകയറി തൃശൂർ പുന്നയൂർക്കുളം സ്വദേശി റുഖിയയും ഇറാഖി ബാലനും മരിച്ചത്. അപകടത്തിനിടയാക്കിയ വാഹനമോടിച്ചയാൾക്ക് പെട്ടെന്ന് സന്നിയുണ്ടായതാണ് അപകടകാരണം. അസുഖമുണ്ടായതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും അപകടമുണ്ടാകുകയുമായിരുന്നു. അഞ്ച് പേർക്ക്പരിക്കുമുണ്ടായി.