ദുബായ്: ദുബായിൽ ഡ്രൈവിങ് ടെസ്റ്റുകൾ നേരിട്ട് ബുക്ക് ചെയ്യാനും ലൈസൻസ് സ്വീകരിക്കാനും പുതിയ സംവിധാനം ആർടിഎ അവതരിപ്പിച്ചു. 'മൈ ലൈസൻസ്' അല്ലെങ്കിൽ റുക്‌സാത്തി എന്ന പേരിലുള്ള സംവിധാനമാണ് നടപ്പിലാക്കിയത്. ഡ്രൈവിങ്ങ് പഠിതാക്കൾക്ക് ടച്ച് സ്‌ക്രീനുകളിൽ അവനവന്റെ സൗകര്യത്തിനനുസരിച്ച് ടെസ്റ്റുകൾ ബുക്ക് ചെയ്യാനാകും. ഇതുവഴി ബുക്കിങ്ങിനായുള്ള കാത്തിരിപ്പ് സമയവും ലാഭിക്കാം.

ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സ്ഥാപിച്ച മൈ ലൈസൻസ് ഓഫീസുകൾ വഴിയും ആർ.ടി.എ.യുടെ കാൾ സെന്റർ (8009090) വഴിയും പഠിതാക്കൾക്ക് സേവനം ലഭ്യമാക്കുമെന്ന് ലൈസൻസിങ് ഏജൻസി സിഇഒ. അഹമ്മദ് ബഹ്‌റൂസിയാൻ വ്യക്തമാക്കി. ബുക്കിങ്ങിനുള്ള ടച്ച് സ്‌ക്രീനുകൾ ഇത്തരം
ഓഫീസുകളിൽ സ്ഥാപിക്കും. മൈ ലൈസൻസ് കേന്ദ്രങ്ങളിലൂടെ പഠിതാക്കളെ ടെസ്റ്റിന് പ്രാപ്തമാക്കാനും പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭയം ലഘൂകരിക്കാനും സഹായിക്കും.

ഡ്രൈവിങ്ങ് ടെസ്റ്റിന് വിധേയരാകുന്നവർ ടെസ്റ്റുകളിൽ വരുത്തിയ പിഴവുകളും പരാജയപ്പെടാനുള്ള കാരണവും സെന്ററുകളിൽ വിശദമാക്കും. അത് പിന്നീട് ആവർത്തിക്കാതിരിക്കാൻ സഹായകമാകും. ടെസ്റ്റിന്റെ ഫലം അതത് കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് എക്‌സാമിനർമാരുടെ ടാബ് ലെറ്റുകളിൽ പ്രത്യേക സംവിധാനമൊരുക്കുകയും ചെയ്യും.