തിരുവനന്തപുരം: ബാർകോഴ കേസിൽ മന്ത്രിമാർക്ക് അനുകൂലമായി നടപടി കൈക്കൊണ്ടതിന്റെ ഉപകാര സ്മരണ എന്നോണം മുൻ ഡിജിപി വിൻസൻ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറാക്കി നിയമിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നടപടിക്ക് വീണ്ടും കനത്ത തിരിച്ചടി. മുഖ്യ വിവരാവകാശ കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമനത്തിനായി സംസ്ഥാന സർക്കാർ നൽകിയ ശിപാർശ ഗവർണർ ജസ്റ്റിസ് പി. സദാശിവം അംഗീകാരം നൽകാതെ വീണ്ടും തിരിച്ചയച്ചതാണ് സർക്കാറിന് വീണ്ടും തിരിച്ചടി സമ്മാനിച്ചത്. വിൻസൻ എം പോളിനെയും അഞ്ച് അംഗങ്ങളെയും നിയമിക്കാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശയാണ് ഗവർണർ മൂന്നാം വട്ടവും വിശദമായ മറുപടി ആവശ്യപ്പെട്ടു തിരിച്ചയച്ചത്. ഇതോടെ ഇഷ്ടക്കാരെ തിരുകി കയാറ്റാനുള്ള സർക്കാറിന്റെ ഉദ്യമങ്ങൾക്ക് കനത്ത തിരിച്ചടിയായി നേരത്തെ നിയമന നടപടി ഹൈക്കോടതിയും സ്‌റ്റേ ചെയ്തിരുന്നു.

നിയമന ശിപാർശ നൽകിയ കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് സർക്കാർ വിൻസൻ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കിയത്. ഈ നടപടിയാണ് പുനപരിശോധിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ വി എസ്. അച്യുതാനന്ദന്റെതടക്കം 21 പരാതികൾ ഗവർണർക്കു ലഭിച്ചിരുന്നു. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ മറികടന്നാണു സർക്കാരിന്റെ ശിപാർശയെന്നാണ് നിയമനങ്ങൾക്കെതിരെ ഉയർന്ന പ്രധാന പരാതി.

ആദ്യ രണ്ടു തവണയും സർക്കാർ നൽകിയ മറുപടി ഗവർണർ സ്വീകരിച്ചിരുന്നില്ല. പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ട ഗവർണർക്ക് ആദ്യ തവണ ഒഴുക്കന്മട്ടിലുള്ള മറുപടിയാണു സർക്കാർ നൽകിയത്. രണ്ടാം തവണ വിശദീകരണം ചോദിച്ചപ്പോൾ 21 പരാതികൾക്കുമായി ഒറ്റ മറുപടിയാണ് നൽകിയത്. സംസ്ഥാന സർക്കാറിന്റെ ഈ നടപടിയിൽ ഗവർണർ കടുത്ത അമർഷത്തിലാണെന്നാണ് അറിയുന്നത്. ഇതേ തുടർന്നാണ് ഗവർണർ മൂന്നാം വട്ടവും ശിപാർശ മടക്കി അയച്ചത്. 21 പരാതികളിന്മേൽ ഓരോന്നിനും മറുപടി നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇവരുടെ നിയമത്തിന് അംഗീകാരം ലഭിക്കാൻ സർക്കാർ കുറച്ചു വിയർക്കേണ്ടി വരും.

വിവരാവകാശ കമ്മിഷണർമാരായി ശിപാർശ ചെയ്യപ്പെട്ട അങ്കത്തിൽ ജയകുമാർ, എബി കുര്യാക്കോസ്, പി.ആർ. ദേവദാസ്, അബ്ദുൾ മജീദ്, റോയ്‌സ് ചിറയിൽ എന്നിവർക്കെല്ലാം വ്യക്തമായ രാഷ്ട്രീയ ബന്ധമുണ്ടെന്നു ഗവർണർക്കു ലഭിച്ച പരാതികളിലുണ്ട്. മതിയായ യോഗ്യതകളൊന്നുമില്ലാതെ രാഷ്ട്രീയ നിയമനങ്ങളാണിതെന്നും പരാതി ഉയർന്നു.

അഭിഭാഷകവൃത്തി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്്രടീയപ്രവർത്തനം നടത്തുന്ന എബി കുര്യാക്കോസ് ആലപ്പുഴ ഡി.സി.സി. ജനറൽ സെക്രട്ടറിയാണ്. ജനതാദൾ (യു) സംസ്ഥാന കമ്മിറ്റി അംഗമായ ജയകുമാർ എൽ.ഐ.സിയിൽ ഡെവലപ്‌മെന്റ് ഓഫീസറായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന റോയ്‌സ് ചിറയിൽ കേരളാ കോൺഗ്രസ് നോമിനിയാണ്. വിശ്വകർമ സഭയുടെ സംസ്ഥാന നേതാവായ പി.ആർ. ദേവദാസ് പി.എസ്.സി. അംഗമായിരുന്നു.

വിവരാവകാശ കമ്മിഷണർമാരുടെ നാല് ഒഴിവുകളിലേക്ക് 210 ഉം മുഖ്യവിവരാവകാശ കമ്മിഷണറുടെയും ഒരു കമ്മിഷണറുടെയും വരാനിരിക്കുന്ന ഒഴിവുകളിലേക്ക് 59 ഉം അപേക്ഷകളാണു ലഭിച്ചത്. കമ്മിഷണർമാരുടെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്താനാണ് ആദ്യം വിജ്ഞാപനമിറക്കിയത്. ഏപ്രിൽ 23 ന് മുഖ്യ വിവരാവകാശ കമ്മിഷണർ സിബി മാത്യൂസും കമ്മിഷണർ കെ. നടരാജനും വിരമിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകൾ പിന്നീട് കൂട്ടിച്ചേർത്തു. ഇതും ചട്ടലംഘനമാണെന്ന് പരാതികളിൽ പറയുന്നു.

നേരത്തെ വിജിലൻസ് മുൻ ഡയറക്ടറായിരുന്ന വിൻസൻ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കി നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നിയമന ശുപാർശ സ്റ്റേ ചെയ്തത്. ചീഫ് ഇൻഫർമേഷൻ കമ്മിഷന്റെയും കമ്മിഷൻ അംഗങ്ങളുടെയും നിയമനത്തിനു നടപടിക്രമങ്ങൾ പാലിച്ചില്ലെന്നായിരുന്നു ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നത്. അപേക്ഷകരുടെ മികവു ശരിയായി വിലയിരുത്തിയിട്ടില്ല. രാഷ്ട്രീയ പരിഗണനയിൽ തോന്നിയപ്രകാരം വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. സിലക്ഷൻ കമ്മിറ്റി നടപടികളുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നും നിയമനം റദ്ദാക്കണമെന്നുമുള്ള ഹർജി പരിഗണിച്ചാണ് നടപടി.