- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിച്ചു; മൊബൈലിൽ ടൈപ്പ് ചെയ്യാനും ശ്രമം; ഒരു കൈയിൽ മൊബൈലും മറുകൈയിൽ കുപ്പിവെള്ളവും; സ്വകാര്യ ബസ് ഡ്രൈവറുടെ 'കൈവിട്ട കളി' വൈറലായി; ലൈസൻസ് തെറിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
കൊച്ചി: യാത്രക്കാരുടെ ജീവൻ അപകടത്തിൽ പെടുന്ന രീതിയിൽ ആലുവയിൽ അലക്ഷ്യമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് തെറിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ആലുവ ഏലൂർ കൊച്ചിക്കാരൻ പറമ്പിൽവീട്ടിൽ രാഹുൽ ബാബുവിന്റെ (24) ലൈസൻസാണ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ആലുവ ജോയിന്റ് ആർ.ടി.ഒ. ശുപാർശ ചെയ്തത്.
സ്വകാര്യ ബസിലെ ഡ്രൈവറാണ് രാഹുൽ ബാബു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന വിധത്തിൽ ഡ്രൈവറുടെ 'കൈവിട്ട കളി' ദൃശ്യങ്ങൾ വൈറലായതോടെയാണ് എംവിഡിയുടെ നടപടി.
ആലുവ-ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സിംല ബസിലെ ഡ്രൈവറായ രാഹുൽ സ്റ്റിയറിംഗിൽ നിന്നും കൈവിട്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയും മൊബൈലിൽ ടൈപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു കൈയിൽ മൊബൈൽ ഉള്ള സമയത്ത് മറുകൈയിൽ കുപ്പിവെള്ളമെടുത്ത് കുടിക്കുന്നതും വീഡിയോയിൽ കാണാം.
രണ്ട് കൈയും വിട്ട് വാഹനമോടിക്കുന്നതിനിടെ ബസ് ഘട്ടറിലും വീണിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമുയർന്നു. ഇതോടെയാണ് മോട്ടോർവാഹന വകുപ്പ് നടപടിയെടുത്തത്.
ട്രാൻസ്‌പോർട്ട് കമ്മിഷണർ ആലുവ ജോയിന്റ് ആർ.ടി.ഒ. സലിം വിജയകുമാറിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബസ് ഡ്രൈവറെ കണ്ടെത്തി ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കാൻ നിർദ്ദേശം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ