കൊച്ചി: കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആർടിപിസിആർ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാരിനുവേണ്ടി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ അപ്പീലിൽ സ്വകാര്യ ലാബുകൾ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.

ആർടിപിസിആർ ടെസ്റ്റിന്റെ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതിനെതിരെ തിരുവനന്തപുരം ദേവി സ്‌കാൻസ് ഉൾപ്പെടെ പത്തു സ്വകാര്യ ലാബുകൾ നൽകിയ ഹർജികളിൽ ഒക്ടോബർ നാലിനാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞത്.