- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധം; കേരളത്തിലെത്തി പരിശോധന നടത്തുന്നവർക്ക് ഫലം വരുന്നതുവരെ റൂം ക്വാറന്റീൻ; പരിശോധന നടത്താത്തവർ 14 ദിവസം നിരീക്ഷണത്തിൽ; കോവിഡ് വാക്സിൻ എടുത്തവരും ടെസ്റ്റ് ചെയ്യണം; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി.
48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആർടിപിസിആർ പരിശോധന നടത്താത്തവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം.
കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ റൂം ക്വാറന്റീനിൽ കഴിയണമെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് വാക്സിൻ എടുത്തവർക്കും പരിശോധന നിർബന്ധമാണ്.
ആർടിപിസിആർ ഫലം നെഗറ്റീവ് ആകുന്നവർ കേരളത്തിൽ താമസിക്കുന്ന കാലയളവിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഇതിനിടയിൽ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പിനെ അറിയിച്ച് കൃത്യമായി ചികിത്സ തേടണമെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞദിവസം മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 13,000ലധികം പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
കോവിഡ് വാക്സിൻ എടുത്തവർക്കും ആർടി-പിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലകൾക്ക് സർക്കാർ കൂടുതൽ പണം അനുവദിച്ചു. അഞ്ചുകോടി രൂപ വീതം ജില്ലാ കലക്ടർമാർക്ക് അനുവദിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കഴിഞ്ഞ ദിവസം 13000ലധികം പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കൂട്ടപ്പരിശോധനയുടെ ഫലം കൂടി ഉൾപ്പെടുത്തി വരുന്ന ഞായറാഴ്ചത്തെ കോവിഡ് കണക്കുകളിൽ പ്രതിദിന കേസുകൾ വീണ്ടുമുയരും.
സംസ്ഥാനത്ത് ഒരേ സമയം ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. രോഗതീവ്രതയ്ക്ക് കാരണം വൈറസിന്റെ ജനിതക വ്യതിയാനമെന്നും ആശങ്കയുണ്ട്. സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ഐസിയു വെന്റിലേററർ സൗകര്യം വർധിപ്പിക്കാൻ സർക്കാർ ജില്ലകൾക്കു നിർദ്ദേശം നല്കി.
രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ടിടത്ത് 3,00,971 പേരുടെ സാംപിളുകൾ ശേഖരിച്ചു. ഇതിലെ ഭാഗിക കണക്കുകൾ കൂടി ചേർന്നാണ് ശനിയാഴ്ച സംസ്ഥാനത്തെ റെക്കോർഡ് പ്രതിദിന വർധന രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തോളം പരിശോധനാ ഫലം കൂടി ഞായറാഴ്ച ലഭിക്കും. പ്രതിദിന വർധന 20,000 വരെയാകാമെന്നാണ് നിഗമനം.
കേരളത്തിലെ രോഗികളുടെ എണ്ണം ഏറ്റവുമധികമായി വർധിക്കാനുള്ള സാഹചര്യമാണുള്ളതെന്ന് കോവിഡ് വിദഗ്ധ സമിതിയംഗം ഡോ.ടി എസ് അനീഷ് അഭിപ്രായപ്പെട്ടിരുന്നു. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി ഗുരുതരാവസ്ഥയിലുള്ളവരുടേയും എണ്ണം വർധിച്ചേക്കാം. ഇതു മുന്നിൽക്കണ്ട് സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കും. ആവശ്യമുള്ളയിടങ്ങളിൽ സിഎഫ്എൽടിസികൾ തയാറാക്കാനും ജില്ലകൾക്ക് നിർദ്ദേശം നല്കും. രാജ്യത്ത് ജനിതകവ്യതിയാനം സ്ഥിരീകരിച്ചതോടെ കേരളത്തിലും അത് സംശയിക്കുന്നുണ്ട്.
ആവശ്യത്തിന് വാക്‌സീൻ ലഭിക്കുന്നില്ല എന്നതാണ് ഈ ഘട്ടത്തിൽ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ടാമത്തെ ഡോസ് കൊടുക്കാൻ പോലും പലയിടത്തും മരുന്നു ലഭ്യമല്ല. 50 ലക്ഷം ഡോസ് വാക്‌സീനോടൊപ്പം ഭാവിയിൽ അവശ്യമരുന്നുകളും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.