നൊസ്റ്റാൾജിയയെ കൂട്ടുപിടിച്ച് പിറന്ന മലയാള ചിത്രങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു ചിത്രംകൂടി. 1970 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു മെക്സിക്കൻ അപാരത പഴയകാല ക്യാമ്പസ് ജീവിതത്തിലേക്കുള്ള ഒരു യാത്ര കൂടിയാവും. നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജൂഡ് ആന്റണി ജോസഫാണ്.

ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ക്യാമ്പസ് നൊസ്റ്റാൾജിയയുമായെത്തുന്ന ചിത്രത്തിൽ കോളെജ് കുമാരനായി ടൊവീനോ തോമസ ആണ് എത്തുക.. 44 വർഷം മുൻപുള്ള എറണാകുളം മഹാരാജാസ് കോളെജാണ് സിനിമയുടെ പശ്ചാത്തലം. സംവിധായകൻ രൂപേഷ് പീതാംബരനാണ് ടൊവീനോയ്ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളായി അണിനിരക്കും.

ചിത്രത്തിന് വേണ്ടി 1970-75 കാലഘട്ടത്തിലേത് രൂപ സാമ്യമുള്ള പുതുമുഖ നടിനടന്മാരെ ഈ കാലഘട്ടത്തിലെ വസ്ത്രധാരണത്തിൽ അണിഞ്ഞൊരുങ്ങി കോളേജിൽ എത്തിച്ചേരാൻ അറിയിച്ചിരുന്നു. മേൽ പറഞ്ഞത് പോലെ ആ ദിവസം എത്തി ചേർന്ന പുതുമുഖ നടിനടന്മാരെ കണ്ട് ചിത്രത്തിന്റെ സംവിധായകൻ ടോമും,ഛായാഗ്രാഹകൻ പ്രകാശ് വേലായുധനും അടക്കം മുഴുവൻ അണിയറക്കാരും ഒന്ന് ഞെട്ടിയെന്നാണ് റിപ്പോർട്ട്. കാരണം, 1970 കളെ ഓർമിപ്പിക്കുന്ന വേഷവിധാനത്തിൽ എത്തി ചേർന്നത് 50 ലേറെ പുതുമുഖങ്ങൾ ആണ്.

ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗപ്പി'യാണ് ടൊവീനോയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 'കുഞ്ഞിരാമായണം' സംവിധായകൻ ബേസിൽ ജോസഫിന്റെ പുതിയ ചിത്രം 'ഗോദ'യിലും ടൊവീനോ മുഖ്യവേഷത്തിൽ എത്തുന്നു.ചിത്രത്തിനുവേണ്ടി ശരീരം പ്രത്യേകമായി ഒരുക്കിയെടുത്തിരിക്കുകയാണ് അദ്ദേഹം. പൃഥ്വിരാജ് നായകനാവുന്ന 'ഇസ്ര'യിലും ടൊവീനോയ്ക്ക് വേഷമുണ്ട്.