- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
180-ൽ എത്തിയപ്പോൾ റബ്ബർവില 200 രൂപ കടക്കുമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ; വിപണിയിലെ അസ്ഥിരതയിൽ വലഞ്ഞ് റബ്ബർ കർഷകർ
കോട്ടയം: റബ്ബർവിലയിലെ അസ്ഥിരത കർഷകരെ വലയ്ക്കുന്നു. ആർഎസ്എസ്. നാല് റബ്ബറിന്റെ വില കിലോയ്ക്ക് ഓഗസ്റ്റ് അവസാനം 180 രൂപയിലെത്തിയിരുന്നു. പിന്നീട് വില 167 രൂപ വരെ താഴ്ന്നു. കിലോയ്ക്ക് 170 രൂപയാണ് വെള്ളിയാഴ്ചത്തെ വില. വ്യാപാരിവില കിലോയ്ക്ക് 165 രൂപയും. 180-ൽ എത്തിയപ്പോൾ റബ്ബർവില 200 രൂപ കടക്കുമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ. ഇതാണ് തെറ്റുന്നത്.
മഴവിട്ടുമാറാതെ നിൽക്കുന്നത് ഉത്പാദനത്തെ ബാധിച്ചു. ഇതിനൊപ്പം ലാറ്റക്സിന് മെച്ചപ്പെട്ട വിലയുള്ളതിനാൽ കർഷകർ ലാറ്റക്സായി വിൽക്കാൻ താത്പര്യം കാണിക്കുന്നതും വിലയെ ബാധിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഉത്പാദനം കൂടുമെന്ന പ്രതീക്ഷയിലാണ് പ്രമുഖകമ്പനികൾ. അവർ റബ്ബർവാങ്ങുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതും വില കുറയുന്നതിന് കാരണമാണ്.
അന്താരാഷ്ട്രവിലയിലും ഗണ്യമായ വർധനയുണ്ടാകുന്നില്ല. 134 രൂപയാണ് ഇപ്പോഴത്തെ ബാങ്കോക്ക് വില. ആഗോളതലത്തിൽ വിപണിയിലെ മാന്ദ്യമാണ് അന്താരാഷ്ട്രവിലയിൽ പ്രതിഫലിക്കുന്നത്. ചൈനീസ് കമ്പനികൾ ഇപ്പോൾ വിപണിയിൽനിന്ന് വിട്ടുനിൽക്കുകയാണ്. ചൈനീസ് കമ്പനികൾ ഒരുവർഷം വേണ്ടതിന്റെ 70 ശതമാനവും സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ വാങ്ങിക്കഴിഞ്ഞു.
തായ്ലൻഡ് അടക്കമുള്ള റബ്ബറുത്പാദകരാജ്യങ്ങളിൽ ഇപ്പോൾ സീസണാണ്. അതുകൊണ്ട് റബ്ബറിന്റെ ലഭ്യതയിൽ കുറവില്ല. ഇതും വില കുറയാൻ കാരണമായിട്ടുണ്ട്.