തൃശ്ശൂർ: ആഗോള റബ്ബർവില വീണ്ടും ഇടിയുന്നു. പത്തു ദിവസത്തിനിടെ 25 രൂപയിലധികമാണ് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണയിൽ 161.50 രൂപയിലെത്തിയിരുന്ന വില 157ലേക്ക് താണു. ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽനിന്ന് റബ്ബർ വാങ്ങേണ്ടിവരുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് വില കുറയുന്നത്. ഇത് ആഭ്യന്തര കർഷകർക്ക് തിരിച്ചടിയാണ്.

തായ്ലൻഡ് സർക്കാർ സംഭരിച്ച റബ്ബർ അവർ വിപണിയിൽ ഇറക്കിയതും ചൈന വാങ്ങൽ കുറച്ചതുമാണ് വിലയിടിവിന് കാരണങ്ങൾ. 98,000 ടൺ റബ്ബറാണ് തായ്ലൻഡ് വിറ്റത്. മാർച്ചിൽ ഒന്നേകാൽ ലക്ഷം ടൺകൂടി വിപണിയിൽ ഇറക്കുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു. വില കുറയുമെന്ന് മനസ്സിലാക്കിയതോടെയാണ് ചൈന വാങ്ങൽ കുറച്ചത്. ഇന്ത്യയിലെ ഊഹമാർക്കറ്റിലെ വിലകളും കുത്തനെ ഇടിച്ചെങ്കിലും ചെറുകിട വിൽപ്പനയിൽ ചെറിയ വ്യത്യാസമേ വരുത്തിയുള്ളൂവെന്നത് ആശ്വാസമായി.

സീസൺ അവസാനിച്ചതിനാൽ നാട്ടിലെ കർഷകരുടെ പക്കൽ ഇപ്പോൾ കാര്യമായി റബ്ബർ ഇല്ല. ആവശ്യമായത്രയും റബ്ബർ ഇവിടത്തെ വിപണിയിൽ കിട്ടാത്തതിനാൽ നികുതിരഹിത ഇറക്കുമതിക്ക് അനുവദിക്കണമെന്ന് ടയർ കമ്പനികളുടെ സംഘടന കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെക്കാൾ മൂന്നരലക്ഷം ടൺ റബ്ബർ ഇവിടെ കുറവായിരിക്കും എന്നാണ് അവരുടെ വാദം. ഇത് ശരിയല്ലെന്നാണ് റബ്ബർ ബോർഡിന്റെ പക്ഷം.