- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകരെ മറന്നുള്ള സമീപനം റബർ ബോർഡിന് തിരിച്ചടിയായി: വി സി.സെബാസ്റ്റ്യൻ
കോട്ടയം: കേരളത്തിലെ കർഷകരെ മറന്നുള്ള റബർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിഷേധസമീപനങ്ങൾക്കുള്ള തിരിച്ചടിയാണ് ബോർഡിന്റെ ഇന്നത്തെ തകർച്ചയ്ക്കുള്ള പ്രധാന കാരണമെന്നും ഉദ്യോഗസ്ഥർ സ്വയം കുഴിച്ച കുഴിയിൽ അവരോടൊപ്പം കർഷകരുംകൂടി വീണിരിക്കുകയാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
കർഷകരെ ദ്രോഹിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന പ്രവർത്തനശൈലിയാണ് മാറിമാറി വന്ന ബോർഡ് ഉന്നതർ സ്വീകരിച്ചത്. റബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന ഉല്പാദന, ഉപഭോഗ, കയറ്റുമതി, ഇറക്കുമതി കണക്കുകൾ തെറ്റാണെന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും കർഷകർതന്നെ രേഖകൾ സഹിതം തെളിയിച്ചതാണ്. രാജ്യാന്തര വിപണിയിൽ വില ഉയരുമ്പോൾ ആഭ്യന്തര വിപണിയിൽ ഉല്പാദനം ഉയർത്തിക്കാട്ടി വിലയിടിക്കുന്ന സമീപനം തെറ്റാണെന്ന് കർഷകരും ചെറുകിടവ്യാപാരികളും ആവർത്തിച്ച് പ്രതികരിക്കുമ്പോൾ റബർ ബോർഡിനുവേണ്ടി വാദിക്കുവാൻ രാഷ്ട്രീയ വ്യവസായ താല്പര്യമുള്ളവരല്ലാതെ മറ്റാരുമില്ല. റബർ ബോർഡ് കർഷകർക്കായി പ്രഖ്യാപിച്ച പദ്ധതികൾ പലതും പ്രായോഗികതലത്തിൽ വിജയിക്കാതെ കടലാസുപദ്ധതികളായി അവസാനിച്ചു.
ആർപിഎസുകൾക്കുപോലും സംരക്ഷണകവചമാകുവാൻ ബോർഡിനാകുന്നില്ല. ബോർഡിന്റെ നിയന്ത്രണത്തിലുള്ള റബർ കമ്പനികളും വൻനഷ്ടത്തിലാണ്. ഒരു കിലോഗ്രാം റബറിന് 172 രൂപ ഉല്പാദനചെലവ് അടിസ്ഥാനമാക്കി ന്യായവില പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതിൽ റബർ ബോർഡ് പരാജയപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്ക് റബർകൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയത് റബർ ബോർഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസിൽ നിന്നായിരിക്കെ നാളെ റബർ ബോർഡ് ആസ്ഥാനം ത്രിപുരയിലേയ്ക്ക് പറിച്ചുമാറ്റിയാലും അത്ഭുതപ്പെടാനില്ല.
ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ മാത്രമായി ഒരു ബോർഡിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞ് കേന്ദ്രസർക്കാർ തുടർനടപടികളെടുക്കുന്നത് സ്വാഭാവികമാണ്. റബർ ഗവേഷണകേന്ദ്രവും കർഷകർക്ക് ഉപകരിക്കാതെ പരാജയപ്പെട്ടു. റബർ മേഖലയുടെയും ബോർഡിന്റെയും ഇന്നത്തെ ഈ തകർച്ചയുടെ പ്രധാന കാരണം ബോർഡിന്റെ കെടുകാര്യസ്ഥതയും റബർ മേഖലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ കഴിവില്ലായ്മയും കർഷകദ്രോഹനിലപാടും മാത്രമാണ്. കാലങ്ങളായി തുടരുന്ന റബർവിലയിടിവ് പരിഹരിക്കാൻ ഒരു ഇടപെടൽ പോലും നടത്തുവാൻ ബോർഡിനായിട്ടില്ല. അവധിവ്യാപാരം ചെറുകിട കർഷകന് തിരിച്ചടിയായി. ഇ-ലേലം കർഷകന് ഒരിക്കലും ഗുണം ചെയ്യുകയില്ല. രാജ്യാന്തരവിപണിയെ മാത്രം ആശ്രയിച്ചാണിപ്പോൾ ആഭ്യന്തര റബർവിപണി നിലനിൽക്കുന്നത്. വ്യവസായികളോട് ചേർന്ന് റബർബോർഡ് രാജ്യാന്തരവിലപോലും കേരളത്തിലെ കർഷകന് ലഭ്യമാക്കാതെ നിരന്തരം അട്ടിമറിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര റബറുല്പാദനത്തിൽ 90 ശതമാനമുള്ള കേരളത്തെ മറന്നുള്ള കേന്ദ്രസർക്കാർ സമീപനം ലക്ഷക്കണക്കായ കർഷകരോടുള്ള വെല്ലുവിളിയാണെന്നും വരാൻപോകുന്ന ബജറ്റിലൂടെ റബർ കർഷക സംരക്ഷണത്തിനായുള്ള ക്രിയാത്മക പദ്ധതികൾ നടപ്പിലാക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും വി സി.സെബാസ്റ്റൻ ആവശ്യപ്പെട്ടു.