കോട്ടയം:സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിർദ്ദേശാനുസരണം റബ്ബർബോർഡിൽ 26 മുതൽ 31 വരെ വിജിലൻസ്‌വാരം ആചരിക്കും.  26ന് രാവിലെ 11 മണിക്ക് റബ്ബർബോർഡിന്റെ എല്ലാ ഓഫീസുകളിലും ജീവനക്കാർ അഴിമതിവിരുദ്ധ പ്രതിജ്ഞയെടുക്കും. ബോർഡിന്റെ കേന്ദ്ര ഓഫീസിൽ നടക്കുന്ന ചടങ്ങിൽ റബ്ബർബോർഡ് ചെയർമാനും മറ്റ് ഓഫീസുകളിൽ അതത് ഓഫീസ്‌മേധാവികളും ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.  പ്രതിജ്ഞയ്ക്കുശേഷം ബോർഡിന്റെ കേന്ദ്ര ഓഫീസിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. വനിതാകമ്മീഷൻ അംഗം ഡോ. ജെ. പ്രമീളാ ദേവി പ്രഭാഷണം നടത്തും.

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ വച്ച് 30-ാം തീയതി രാവിലെ 10 മണിക്കു നടക്കുന്ന സമാപനസമ്മേളനത്തിൽ . റിട്ടയേർഡ് സുപ്രീം കോർട്ട് ജഡ്ജ് പത്മഭൂഷൺ കെ.റ്റി. തോമസ് മുഖ്യഭാഷണം നടത്തും. റബ്ബർബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് അദ്ധ്യക്ഷനായിരിക്കും. യോഗത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ചെറുകര സണ്ണി ലൂക്കോസ് 'അഴിമതിയും മാദ്ധ്യമങ്ങളും' എന്ന വിഷയത്തിൽ സംസാരിക്കും.

ഈ വർഷത്തെ വാരാചരണത്തിന്റെ ഭാഗമായി റബ്ബർബോർഡിന്റെ മധ്യമേഖലാഓഫീസുകളിലെയും സ്‌പൈസസ്‌ബോർഡിലെയും മറ്റു കേന്ദ്രഗവൺമെന്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർ, റബ്ബറുത്പാദകസംഘങ്ങളിലെ അംഗങ്ങൾ എന്നിവർക്കായി ബോർഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസിൽവച്ച് 27-ാം തീയതി 'അഴിമതിനിർമ്മാർജ്ജനത്തിന് ഇപ്പോഴത്തെ വിജിലൻസ്‌സംവിധാനം പര്യാപ്തമോ?' എന്ന വിഷയത്തിൽ ഡിബേറ്റ്  നടത്തും. പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള (ഡിപ്പാർട്ടുമെന്റ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) മോഡറേറ്ററായിരിക്കും.
കോട്ടയത്തും പരിസരത്തുമുള്ള ഹയർസെക്കൺണ്ടറി സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാർത്ഥികൾക്കായി  ബോർഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസിൽവച്ച് 28-ാം തീയതി 'അഴിമതിനിർമ്മാർജ്ജനത്തിൽ സദാചാരഗുണങ്ങൾക്കും ധാർമ്മികതയ്ക്കുമുള്ള പങ്ക്' എന്ന വിഷയത്തിൽ ഇംഗ്ലീഷിൽ പ്രസംഗമത്സരം നടത്തും. ഹയർ സെക്കണ്ടൺറിസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള മത്സരം രാവിലെ  10.30-നും കോളജ് വിദ്യാർത്ഥികൾക്കുള്ള  മത്സരം ഉച്ചയ്ക്ക് 2.30-നുമായിരിക്കും.  

റബ്ബർബോർഡിന്റെ മധ്യമേഖലാഓഫീസലെ ജീവനക്കാർക്കായി കേന്ദ്ര ഓഫീസിൽവച്ച് 29-ാം തീയതി രാവിലെ  'നല്ല ഭരണസംവിധാനം' എന്ന വിഷയത്തിൽ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗമത്സരം നടത്തും. വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി ജീവനക്കാർക്കു വേണ്ടി 'നല്ല ഭരണസംവിധാനം' എന്ന വിഷയത്തിൽ 26 മുതൽ 31 വരെയുള്ള തീയതികളിൽ ബോർഡിന്റെ തിരുവനന്തപുരം, കോഴിക്കോട്, അഗർത്തല, ഗുവാഹത്തി, മംഗലാപുരം എന്നിവിടങ്ങളിലെ ഓഫീസുകളിലും പ്രസംഗമത്സരങ്ങൾ നടത്തും.

ഓരോ സ്‌കൂൾ/കോളേജിൽനിന്നും ഓരോ വിഭാഗത്തിലും (ഹയർ സെക്കൺണ്ടറി, കോളേജ്) രണ്ടൺു വിദ്യാർത്ഥികൾക്ക് വീതം മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ പേരുവിവരം ഒക്ടോബർ 27-നു രാവിലെ 10 മണിക്കു മുൻപായി വിജിലൻസ് ഓഫീസർ, റബ്ബർബോർഡ്, കോട്ടയം-2 എന്ന വിലാസത്തിലോ taugustine@rubberboard.org.in എന്ന ഇ മെയിലിലോ ലഭിച്ചിരിക്കണം.  മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർത്ഥികൾ സ്‌കൂൾ/ കോളേജിൽനിന്നുള്ള സ്വന്തം ഐഡന്റിറ്റി കാർഡും ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് 9446081003, 9447177744, 0481-2301231  (എക്സ്റ്റൻഷൻ-309).