കോട്ടയം: ഇന്ത്യയിലെ ഭാഷകൾ പലതും നാശോന്മുഖമായി കൊണ്ടിരിക്കുകയാണെന്നും ഭാഷയുടെ നാശം ജനതയുടെ സ്വത്വത്തിന്റെയും ജീവിതത്തിന്റെതന്നെയും നാശമാണെന്നും പ്രശസ്തകവി പ്രൊഫ. വി. മധുസൂദനൻ നായർ പറഞ്ഞു.  നമ്മുടെ ഭാഷയെ സംരക്ഷിക്കുന്ന നാം നമ്മുടെ ജീവിതത്തെയാണ് സംരക്ഷിക്കുന്നത്.  റബ്ബർബോർഡിലെ ഔദ്യോഗിക ഭാഷാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കൻ ഐക്യനാടുകളിൽ പണ്ട് രണ്ടായിരത്തിലധികം ഭാഷകളുണ്ടായിരുന്നു.  മായന്മാരുടെയും റെഡ് ഇന്ത്യൻസിന്റെയും ഭാഷകൾ അതിൽ ഉൾപ്പെട്ടിരുന്നു.  ഇന്ന് അവിടെ 75 ഭാഷകളേ ഉള്ളൂ.  ഒരു സമൂഹമനസ്സിന്റെ 'സ്ഥലകാലസംഘഗാന'മാണ് അതിന്റെ ഭാഷ.  ജനത്തിന്റെ ബോധത്തിന്റെയും ഓർമ്മയുടെയും ശബ്ദസ്വരൂപവും അതിന്റെ ജീവിതത്തിന്റെ പ്രകാശനവുമാണ് ഭാഷ.   ഒരു സ്ത്രീക്ക്  ഒരു പുരുഷനെയോ തിരിച്ചോ ആദരപൂർവ്വം വിളിക്കാൻ പറ്റിയ നല്ല വാക്കുകൾ മലയാളിക്കില്ല.  തമിഴിലാണെങ്കിൽ 'അയ്യാ', 'അമ്മാ' എന്നീ വാക്കുകൾ ഉണ്ട്.  ഈ അപര്യാപ്തത നമ്മുടെ സംസ്‌കാരത്തിന്റെയും ജീവിതശീലത്തിന്റെയും വ്യത്യാസം കൊണ്ടുണ്ടായതാണ്.  അതിനാൽ മലയാളിക്ക് 'സർ', 'മാഡം' തുടങ്ങിയ വാക്കുകൾ കടമെടുക്കേണ്ടിവരുന്നു. ഏതു ജനതയുടെ ഭാഷയെ മറ്റൊന്നിന്റെ ഭാഷയും സംസ്‌കാരവും കീഴടക്കുന്നുവോ ആ ജനത സ്വത്വം നഷ്ടപ്പെട്ടവരാകുന്നു.  

ഔദ്യോഗികഭാഷയായ ഹിന്ദി പ്രചരിപ്പിക്കാനും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര ഗവൺമെന്റ് ചെയ്യുന്ന കാര്യങ്ങൾ മാതൃകാപരമാണെന്നും മധുസൂദനൻനായർ പറഞ്ഞു. ശ്രേഷ്ഠഭാഷാപദവി കിട്ടിയെങ്കിലും മലയാളത്തിന് ഇത്തരത്തിൽ ഒരു പ്രോത്സാഹനം ഔദ്യോഗികതലത്തിൽ കിട്ടുന്നില്ല.  ഹിന്ദിയുടെ കാര്യത്തിൽ കേന്ദ്രഗവൺമെന്റ് നടപ്പാക്കുന്ന പരിപാടികൾ മലയാളത്തിന്റെ കാര്യത്തിൽ കേരളത്തിന് അനുകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  

റബ്ബർബോർഡിന്റെ സെക്രട്ടറി-ഇൻ-ചാർജും ഫിനാൻസ് ഡയറക്ടറുമായ വിജു ചാക്കോ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.  പ്രോസസ്സിങ് ആൻഡ് പ്രോഡക്ട് ഡെവലപ്‌മെന്റ് വകുപ്പു ഡയറക്ടർ എൻ. രാജഗോപാൽ, ട്രെയിനിങ് ഡയറക്ടർ പി. സുധ എന്നിവർ ആശംസകൾ നേർന്നു. പബ്ലിസിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ എം.ജി. സതീശ് ചന്ദ്രൻ നായർ സ്വാഗതവും ഔദ്യോഗികഭാഷാവിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജി. സുനിൽകുമാർ നന്ദിയും പറഞ്ഞു. 

ഹിന്ദി പ്രോത്സാഹനത്തിന്റെ ഭാഗമായി റബ്ബർബോർഡിലെ വിവിധ ആഫീസുകളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ മധുസൂദനൻനായർ വിതരണം ചെയ്തു. ഹിന്ദിയുടെ ഉപയോഗം മികച്ച രീതിയിൽ നടത്തിയതിന് പാലക്കാട്, തലശ്ശേരി റീജിയണൽ ആഫീസുകളും കൊച്ചിയിലെ ലൈസൻസിങ് ഡിവിഷനും അവാർഡുകൾ നേടി.