കോട്ടയം: റബർ ബോർഡ് ചില നിക്ഷിപ്ത താൽപര്യക്കാരുടെയും കേന്ദ്രങ്ങളുടെയും റബർ സ്റ്റാമ്പായി മാറിയിരിക്കുന്നതായി സംശയിക്കപ്പെടുന്നുവെന്നും റബർ മേഖലയിൽ വൻപ്രതിസന്ധി നേരിടുമ്പോഴും മുഴുവൻ സമയ ചെയർമാനോ ഡയറക്ടർ ബോർഡംഗങ്ങളോ ഇല്ലാത്ത നാഥനില്ലാക്കളരിയായി അധഃപതിച്ചിരിക്കുന്നുവെന്നും ഇൻഫാം ദേശീയസമിതി ആരോപിച്ചു.

29 അംഗ ഡയറക്ടർ ബോർഡിന്റെ കാലാവധി 2014 ഫെബ്രുവരി 28 ന് അവസാനിച്ചു. ഇതുവരെയും പുനഃസംഘടിപ്പിക്കപ്പെട്ടിട്ടില്ല. വൻകിട റബർ കർഷകരുടെയും ചെറുകിട റബർ കർഷകരുടെയും മൂന്നു പ്രതിനിധികൾ വീതവും തൊഴിലാളികളുൾപ്പെടെ വിവിധ തലങ്ങളിൽ നിന്ന് 8 പ്രതിനിധികളും ഉൾപ്പെടുന്ന 29 അംഗ ഡയറക്ടർ ബോർഡിൽ യഥാർത്ഥ കർഷകരുടെ പ്രതിനിധികൾ ഇല്ലായിരുന്നു. കാലാവധി കഴിഞ്ഞ ബോർഡിലുണ്ടായിരുന്നവർ റബർ കർഷക പ്രശ്‌നങ്ങളിൽ വ്യക്തമായ നിലപാടുകൾ ചൂണ്ടിക്കാട്ടി നടപടികൾ സ്വീകരിക്കുവാൻ ശ്രമിക്കുകയും അവസരോചിതമായി ഇടപെടുകയും ചെയ്തിരുന്നെങ്കിൽ കർഷകർ ഇന്ന് അഭിമുഖീകരിക്കുന്ന റബർ പ്രതിസന്ധികളിൽ നിന്നു കർഷക സമൂഹം രക്ഷപെടുമായിരുന്നുവെന്ന് ഇൻഫാം ചൂണ്ടിക്കാട്ടി.

ഇറക്കുമതി തീരുവ 30 ശതമാനമായി ഉയർത്തുവാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായുള്ള വാർത്തകൾ വിശ്വാസയോഗ്യമല്ലാത്തതും തെറ്റിദ്ധാരണകൾ പരത്തുന്നതുമാണ്. 1995നു മുമ്പ് റബറിന്റെ ഇറക്കുമതി തീരുവ 85% ആയിരുന്നു. മാത്രമല്ല ഇറക്കുമതി കേന്ദ്രസർക്കാർ ഏജൻസികളിലൂടെ മാത്രവുമായിരുന്നു. 1995ലെ ഡബ്ല്യുടിഒ കരാറിൽ നരസിംഹറാവു സർക്കാർ ഒപ്പുവച്ചതിൻ പ്രകാരം ഇറക്കുമതി തീരുവ സ്വാഭാവിക റബറിന് പരമാവധി 25 ശതമാനം ബൗണ്ട് റേറ്റാക്കി. ഇതിനെത്തുടർന്ന് ഗുണനിലവാര പരിശോധന പോലുമില്ലാതെ തന്നെ ആർക്കും ഏതു തുറമുഖത്തിലൂടെയും റബർ ഇറക്കുമതി ചെയ്യാമെന്നുമായി. ഇപ്പോഴുള്ള 20 ശതമാനമെന്നത് 25 ശതമാനമാക്കി കേന്ദ്രസർക്കാരിന് ഉയർത്താം. 30 ശതമാനമാക്കുവാൻ 1995ലെ കരാറിലേർപ്പെട്ട 160ൽ പരം അംഗരാജ്യങ്ങളുടെ അംഗീകാരം വേണമെന്നിരിക്കെ രാഷ്ട്രീയ നേതൃത്വങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ദുഃഖകരമാണ്. 2009ലെ ആസിയാൻ കരാറിന്റെയും 1995ലെ ഡബ്ല്യുടിഒ കരാറിന്റെയും അനന്തരഫലങ്ങളാണ് വർഷങ്ങൾക്കുശേഷം 2015ൽ കർഷക സമൂഹം നേരിടുന്നവൻ പ്രത്യാഘാതങ്ങളെന്ന് ഇൻഫാം ദേശീയസമിതി സുചിപ്പിച്ചു.

ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ. വിസിസെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, അഡ്വ. പിഎസ് മൈക്കിൾ, കെ മൈയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെഎസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.