- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
റബ്ബർ വില കൂട്ടാൻ വഴിയുണ്ട്
ഒരു വഴിയുണ്ട്. ഒറ്റ വഴിയേ ഉള്ളു. റബ്ബർ കർഷകർ കൂട്ടുചേർന്ന് അവരവരുടെ സ്വന്തം പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ തലയിൽ ഓരോ ബക്കറ്റു റബ്ബർ പാൽ അഭിഷേകം ചെയ്യുക. റബ്ബർ വില താനെ ഉയർന്നു കൊള്ളും. കുണ്ടിക്ക് തീ പിടിച്ചപോലെ ഉയരും. എങ്ങനെ എന്നൊന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട ആവശ്യം കർഷകനില്ല. സ്വന്തം പാർട്ടിയുടെ നേതാവിനെ മാത്രമെ അഭിഷേകം ച
ഒരു വഴിയുണ്ട്. ഒറ്റ വഴിയേ ഉള്ളു. റബ്ബർ കർഷകർ കൂട്ടുചേർന്ന് അവരവരുടെ സ്വന്തം പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ തലയിൽ ഓരോ ബക്കറ്റു റബ്ബർ പാൽ അഭിഷേകം ചെയ്യുക. റബ്ബർ വില താനെ ഉയർന്നു കൊള്ളും. കുണ്ടിക്ക് തീ പിടിച്ചപോലെ ഉയരും. എങ്ങനെ എന്നൊന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട ആവശ്യം കർഷകനില്ല.
സ്വന്തം പാർട്ടിയുടെ നേതാവിനെ മാത്രമെ അഭിഷേകം ചെയ്യാവു. ഒറ്റയ്ക്ക് ആരും ഇറങ്ങേണ്ടാ. ഒരേ പാർട്ടിയിൽ പെട്ട കുറച്ചുപേരെങ്കിലും, കുറഞ്ഞതു നാലഞ്ചുപേർ, ഇല്ലെങ്കിൽ രണ്ടു പേരെങ്കിലും ചേർന്ന് ഇത് ചെയ്യാവുന്നതാണ്.
ഇത് ഒരു അക്രമരഹിത സമരമാർഗ്ഗമാണ്. മാവോയിസ്റ്റുകളും നക്‌സലൈറ്റുകളും പൊരുതുന്ന യൂത്തുകാരും ഉണ്ടാകാറുള്ള കേരളാ സമൂഹത്തിലെ ചെറുപ്പക്കാരിൽ നിന്ന് സീനിയർ സിറ്റിസൻസ് വരുന്നതാണ് കൂടുതൽ നല്ലത്. ഇത്രയും ചെറിയ ഒരു സമരമാർഗം സ്വീകരിക്കാൻ എന്തുകൊണ്ട് ആരും മുന്നോട്ടു വരുന്നില്ല.
ഒരു വിട്ടുവീഴ്ച എന്ന നിലയിൽ ആദ്യ റൗണ്ടിൽ, നേതാക്കന്മാരുടെ കാൽ പാദത്തിൽ റബ്ബർപാൽ ഒഴിച്ചാൽ മതി. രണ്ടാം റൗണ്ടു വേണ്ടി വരില്ല. അതിനു മുമ്പു പ്രശ്‌നം പരിഹരിക്കപ്പെടും. 'ചേമ്പുമാന്തിയ, പന്നിയെ വെടി വച്ച, തോക്കു പണിത കൊല്ലന്റെ ആല തീർത്ത..........' ഇങ്ങനെ, പഴയ ഒരു കഥയുണ്ടല്ലോ. അതുപോലെ, എല്ലാം അതിന്റെ വഴിക്ക് ശരിയാകും. കർഷകൻ വലിയ നേതാക്കന്മാരെയോ ടയർ മുതലാളിമാരെയോ ഒന്നും നേരിടാൻ പോകേണ്ടതില്ല.
എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകസേവ ലക്ഷ്യമാക്കിയിട്ടുള്ളവരാണെന്ന് അവരുതന്നെ പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക്, കോൺഗ്രസെന്നോ കമ്യുണിസ്റ്റ്, ഇടത്, വലത് എന്നോ, കേരളാകോൺഗ്രസെന്നോ ഉള്ള വ്യത്യാസമില്ലാതെ, എല്ലാ പാർട്ടിയുടെയും പ്രാദേശിക നേതാക്കളെ - എന്നുവച്ചാൽ, യൂണിറ്റ്, വാർഡ്, പഞ്ചായത്ത് തലത്തിലുള്ളവരെ - അവരുടെ പ്രിയപ്പെട്ട അണികളാണ് ഇത് ചെയ്യേണ്ടത്.
ഇതിന്റെ അനന്തരഫലങ്ങൾ അഥവാ ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്നു നോക്കാം. ഒന്ന്, കോടതിക്കേസ്. അതിനു കിട്ടുന്ന ചെറിയ ശിക്ഷ സ്വീകരിക്കാൻ കർഷകർ തയ്യാറാകണം. തൂക്കിക്കൊലയോ ജീവപര്യന്തമോ ഒന്നും ഉണ്ടാകില്ലല്ലോ. നമ്മുടെ പ്രിയപ്പെട്ട നേതാക്കന്മാർ ഉണ്ടാക്കിത്തിരുന്ന ശിക്ഷയല്ലേ, സ്വീകരിക്കണം. ഒരു മൂന്നു നാലിടത്ത് ഈ അഭിഷേകമാർഗ്ഗം സ്വീകരിച്ചുകഴിഞ്ഞാൽ, ഒരു മടിയും കൂടാതെ ഇത് ആളുകൾ ഏറ്റെടുത്തു നടത്തും, പടർന്നു പിടിക്കും. അതോടെ ഒരു നേതാവും കേസുകൊടുക്കാൻ പോലും തയ്യാറാകില്ല.
നമ്മുടെ നേതാവിന്റെ മുഖം മുഷിച്ചിലുണ്ടാകും എന്നതാണ് രണ്ടാമത്തെ പാർശ്വഫലം. എപ്പോഴും ഫുൾ ബാന്റ് വിഡ്ത്തിലുള്ള നേതാവിന്റെ ആ ചിരി ഒന്നു മങ്ങും. നിങ്ങളുടെ ഹൃദയം ചുട്ടുപൊള്ളുമ്പോഴും നൂറു കൂട്ടം വീട്ടുപ്രശ്‌നങ്ങളാൽ നിങ്ങൾ ഉള്ളിൽ നീറിപ്പുകയുമ്പോഴും സ്വന്തം കുടുംബത്തെ ഓർത്തു വേവലാതിപ്പെടുമ്പോഴും നിങ്ങളുടെ നേതാവിന്റെ ചിരിയിൽ പങ്കുചേരാനും പുറമേ ചിരിച്ചു കാട്ടാനും ആണല്ലോ ഇതുവരെ നിങ്ങൾ തയ്യാറായിട്ടുള്ളത്. ഈയൊരു പ്രാവശ്യത്തേയ്ക്ക് നിങ്ങളുടെ വികാരങ്ങളെ മാനിച്ച്, നിങ്ങളുടെ പ്രതിഷേധമറിയുമ്പോൾ നേതാവിന്റെ ചിരി ഒന്നു മാഞ്ഞുകൊള്ളട്ടെ.
നേതാവിന്റെ സിൽബന്ധികളെകൊണ്ട് നിങ്ങളെ തല്ലിക്കുക എന്നതാണ് മൂന്നാമത്തെ ഭവിഷ്യത്ത്. എങ്കിൽ, ആ തല്ലുകൊള്ളുന്നതും ഒരു ക്രഡിറ്റാണ്. സ്വാതന്ത്ര്യസമര കാലത്ത് തല്ലുവാങ്ങിയവരെയാണ് പിന്നീട് രാജ്യം ആദരിച്ചതും നേതാക്കളാക്കിയതും. മാത്രമല്ല, ആവശ്യമില്ലാതെ എത്ര തല്ലുവാങ്ങുന്നവരാണ് നമ്മിൽ പലരും.
ഈ പാലഭിഷേകം എന്ന സമര മാർഗ്ഗം അപ്രായോഗികമോ ഉട്ടോപ്യനോ അല്ല. ലളിതവും പ്രായോഗികവുമാണ്. കർഷകർ ഇങ്ങനെയൊരു തീരുമാനമെടുത്തു പ്രഖ്യാപനം നടത്തുമ്പോൾ തന്നെ ഗുണപരമായ പരിണാമങ്ങൾ ഉണ്ടായിത്തുടങ്ങും. നേതാവിന്റെ സ്വന്തം ആൾക്കാർ ചേർന്ന് ' സോറി, സാർ' എന്നോ 'ക്ഷമിക്കണം നേതാവേ, വേറെ വഴിയില്ലാഞ്ഞിട്ടാ.......' എന്നു പറഞ്ഞോ, ഉള്ള പാലഭിഷേകം ഏൾക്കാതെ പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതി എല്ലാ പാർട്ടിയിലേയ്ക്കും പ്രാദേശിക നേതാക്കൾക്ക് ഉണ്ടാകണം. നേതാക്കന്മാരെ അവരുടെ പാർട്ടിയിലെ സജീവപ്രവർത്തകർ വിമർശനബുദ്ധിയോടെ നോക്കാൻ തുടങ്ങിയാൽ, അന്നു നമ്മുടെ രാഷ്ട്രീയം നന്നാകും. കേരളാ രാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവും നന്നാകും. റബ്ബർ കർഷകർക്ക് ആ മഹത്തായ മാറ്റത്തിന്റെ മുൻഗാമികളാകും. മുകളിൽ പറഞ്ഞ സമര മാർഗ്ഗം അവലംബിക്കുന്നതിലൂടെ.
കർഷകർക്ക്......... എല്ലാത്തരം കൃഷിക്കാർക്കും...... എപ്പോഴും ഏറ്റവും വലിയ ഗതികേടുകളുണ്ടാകാൻ കാരണം കർഷകരുടെ വിഡ്ഢിത്തം തന്നെയാണ്. പാർട്ടി ഫണ്ടുകൊടുക്കാനും നേതാക്കന്മാരെ എഴുന്നള്ളിക്കാനും കർഷകർ മുന്നിലുണ്ട്. പക്ഷേ, സ്വന്തം കാര്യം മാത്രം അവർ നോക്കില്ല. ഇവിടുത്തെ കർഷകർ അടിസ്ഥാനപരമായി മസോക്കിസ്റ്റുകളാണ്. എന്നുവച്ചാൽ, സ്വയം പീഡിപ്പിക്കുന്നവർ. ആത്മഹത്യ മുതൽ സ്വന്തം കൃഷി നശിപ്പിക്കൽ വരെ നടത്തിയാണ് ഈ പാവം, വിഡ്ഢികൾ, തങ്ങളെ ദ്രോഹിക്കുന്നവരോട്, തങ്ങളുടെ ദുർഗതിക്കുകാരണമായവരോട് പകരം വീട്ടുന്നത്. കാലങ്ങളായുള്ള അവഗണനകൊണ്ടാകാം ഈ ഡിപ്രഷൻ.
സ്വന്തം പാർട്ടിക്കുവേണ്ടി, അതായത് നേതാക്കന്മാർക്ക് വേണ്ടി ജാഥയ്ക്കും സത്യഗ്രഹത്തിനുമൊക്കെ ഇറങ്ങുന്ന കർഷകൻ, സ്വന്തം കാര്യത്തിനുവേണ്ടി, കർഷകവർഗ്ഗത്തിനുവേണ്ടി ചെറിയ ത്യാഗം സഹിക്കാൻ പോലും തയ്യാറാകുന്നില്ല. താരതമ്യേന ചെറിയ പ്രശ്‌നങ്ങളെ നേരിടുമ്പോൾ പോലും മക്കളെയും ഭാര്യയേയും കൊന്ന് സ്വയം ചാകാനുള്ള ഭീരുത്വം - അതേസമയം വൻ ക്രൂരത - കാട്ടുന്നു. എന്തിനും പോന്ന കർഷകന് സ്വന്തം പാർട്ടി നേതാവിന്റെ നിർഗുണമായ ചിരിമായുന്നതു കാണാനുള്ള മനക്കട്ടി, അഥവാ ആണത്തമില്ലാതെ പോകുന്നു.
ഒന്നോ രണ്ടോ വർഷം മാത്രം റ്റാപ്പു ചെയ്ത ഏക്കറുകണക്കിനു തൈറബ്ബർ വെട്ടിമാറ്റിയ കർഷകനെക്കുറിച്ചു പത്രത്തിൽ വായിച്ചു. ഈ വിഡ്ഢിത്തം - സ്വയം പീഡനം - മറ്റുകർഷകരും അനുകരിക്കുന്നതായും കാണുന്നു. ഇത്തരം നടപടി കൊണ്ട് മറ്റാർക്കും ഒരു ചുക്കും സംഭവിക്കില്ല, അവനവനല്ലാതെ.
മൂന്ന് ഏക്കർ തൈറബ്ബർ വെട്ടിക്കളഞ്ഞിട്ട് റമ്പൂട്ടാൻ കൃഷി നടത്തുന്ന കർഷകനെക്കുറിച്ചും വായിച്ചു. താരതമ്യേന, ഇദ്ദേഹം ഒരു സമ്പന്ന കർഷകനാണല്ലോ. എന്നാൽ റബ്ബറിന്റെ വിലത്തകർച്ചയുടെ യാഥാർത്ഥ ഇരകളിൽ തൊണ്ണൂറു ശതമാനവും ചെറുകിട, നാമമാത്ര കർഷകരാണ്.
താരതമ്യേന വലിയ കൃഷിക്കാർ ഏക്കറുകണക്കിനു റബ്ബർ വെട്ടിമാറ്റുന്ന സംഭവത്തിൽ, കർഷക വിരുദ്ധമായ വലിയൊരു സന്ദേശമുള്ളത് നമ്മൾ - സാമൂഹ്യപ്രവർത്തകർ പ്രത്യേകിച്ചും - ഗൗരവപൂർവ്വം കാണേണ്ടതാണ്. തീർച്ചയായും റബ്ബർ പ്രതിസന്ധിയുടെ ഉത്തരവാദികൾ രാഷ്ട്രീയക്കാരാണ്. എല്ലാ പാർട്ടികളും എപ്പോഴെങ്കിലും ഭരിക്കാൻ കയറീട്ടുള്ളവരുമാണ്. റബ്ബർ മരങ്ങൾ വെട്ടിമാറ്റുമ്പോൾ ഈ പ്രതിസന്ധിക്ക് കർഷകർ തന്നെയല്ലാതെ മറ്റാരും ഉത്തരവാദികളല്ല എന്നൊരു സമ്മതിക്കലാണ് നടക്കുന്നത്. കർഷകന്റെ കുറ്റമാണ്, അല്ലെങ്കിൽ അവന്റെ വിധിയാണ്, ഭാഗ്യക്കേടാണ് എന്നുള്ള നിശ്ശബ്ദമായ ഒരു പറച്ചിൽ! ഇത്തരം സംഭവങ്ങൾക്ക് രാഷ്ട്രീയക്കാരുടെ പ്രോത്സാഹനം വരെ ഉണ്ടോ എന്നു സംശയിക്കണം! തങ്ങൾക്കു നേരെ എപ്പോഴേ ഉയരേണ്ടതായ കർഷക പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് അടക്കിക്കളയുന്ന, ദിശതിരിച്ചുവിടുന്ന, കാറ്റുകുത്തിക്കളയുന്ന നടപടിയായി ഇത്തരം ചെയ്തികളെ തീർച്ചയായും കുശാഗ്രബുദ്ധികളായ രാഷ്ട്രീയക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്വന്തം കൃഷി നശിപ്പിച്ചുകളയുന്ന, സ്വയം പീഡനരതിയുടെ സ്വഭാവമുള്ള ചില കർഷകരുടെ ഇത്തരത്തിൽ പെട്ട കടുംകൈകളെ പത്രങ്ങളിലും മറ്റും വലിയ വാർത്താപ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമ്പോൾ ഇതിനു പിന്നിലുള്ള (മേൽപറഞ്ഞ) അപകടകരമായ സന്ദേശത്തെക്കുറിച്ച് സൂചിപ്പിക്കുകയെങ്കിലും ചെയ്യേണ്ടതാണ്.
തീർച്ചയായും റബ്ബർ പ്രതിസന്ധിയുടെ ഉത്തരവാദികൾ രാഷ്ട്രീയക്കാരാണെന്ന് നേരത്തെ പറഞ്ഞതിൽ സംശയമുള്ള ആരെങ്കിലുമുണ്ടോ? സമൂഹത്തിലുണ്ടാകുന്ന നേട്ടങ്ങൾക്ക് എല്ലാം രാഷ്ട്രീയക്കാരാണ് അവകാശികളെങ്കിൽ, കുഴപ്പങ്ങളുടെ ഉത്തരവാദികളും അവർ തന്നെയാണ്. എം പി ഫണ്ടോ, എം എൽ എ ഫണ്ടോ ഉപയോഗിച്ച് വെയ്റ്റിങ്‌ഷെഡ് ഉണ്ടാക്കിയാൽ പോലും അതിന്റെ മേൽ അവകാശവാദം പറയുന്നവരാണല്ലോ രാഷ്ട്രീയക്കാർ. മത്രമല്ല, കർഷകരും സാധാരണക്കാരും നടുക്കടലിൽ പെട്ടതുപോലെ ജീവന്മരണ പോരാട്ടം നടത്തുമ്പോൾ അബ്കാരി, സ്വർണക്കച്ചവടം, റിയൽഎസ്‌റ്റേറ്റ്, റിസോർട്ട്, ഫ്‌ലാറ്റ്, ഷോപിങ്മാളുകൾ, ടൂറിസം തുടങ്ങിയുള്ള എത്രയോ വിഭാഗക്കാരും മേഖലകളും തഴച്ചു കൊഴുക്കുന്നുണ്ട്. അവരുടെ ക്ഷേമം രാഷ്ട്രീയക്കാർ ഉറപ്പുവരുത്തിയിരിക്കുമ്പോൾ തന്നെയാണ് സമൂഹത്തിലെ ഒരു സുപ്രധാന വിഭാഗത്തിൽപ്പെട്ട പതിനായിരക്കണക്കിന് മനുഷ്യരും അവരുടെ കുടുംബങ്ങളും മുങ്ങിത്താണുകൊണ്ടിരിക്കുന്നത്. റബ്ബർ പ്രതിസന്ധി രാഷ്ട്രീയക്കാർ മനസുവച്ചാൽ പരിഹരിക്കാമെന്നു മാത്രമല്ല കർഷകരെ ഒറ്റുകൊടുത്ത് അവർ ആരോടെങ്കിലുമൊക്കെ അച്ചാരം വാങ്ങിയിട്ടുണ്ടെന്നതും ഉറപ്പായ കാര്യമാണ്.
റബ്ബർ കർഷകനെ ഏതെല്ലാം കൂട്ടർ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തുന്നു എന്നും ചുരുട്ടിക്കൂട്ടുന്നു എന്നും വെളിപ്പെടുന്ന വാർത്തകളും പത്രത്തിൽ നിറയുന്നു. അതിലൊന്ന് ഇതാ: '............പള്ളിയിൽ നവംബർ മാസത്തിൽ അഞ്ഞൂറോളം കർഷകർ റബ്ബർ വില ഉയരാൻ വേണ്ടി ഒരാഴ്ച പ്രാർത്ഥന നടത്തി. പ്രാർത്ഥനകൊണ്ട് റബ്ബർ വില ഉയർത്താനാകുമോ? ഇല്ലെന്ന് പ്രാർത്ഥിച്ചവർക്കും നേതൃത്വം കൊടുത്ത ഫാദറിനും അറിയാം. പ്രാർത്ഥന പക്ഷേ മനസുകളെ സ്വാധീനിച്ചേക്കാമെന്ന് അവർ പ്രതീക്ഷിക്കുന്നു.........'. മനസുവച്ചാൽ, ഏതു രാഷ്ട്രീയക്കാരേയും സ്വാധീനിക്കാനും നിയന്ത്രിക്കാനും ഏറ്റവും കഴിവുള്ളവർ മുകളിൽ പറഞ്ഞതുപോലെയുള്ള ഫാദർമാരും മെത്രാന്മാരുമാണ്. പള്ളിക്കാരുടെ സ്വന്തം ആവശ്യത്തിനു വേണ്ടി അവർ അതു ധാരാളം ചെയ്യുന്നുമുണ്ട്. എന്നാൽ കർഷകർക്ക് വേണ്ടി അതു ചെയ്യാൻ ശ്രമിക്കാതെ, ഗതികെട്ടുഴലുന്ന റബ്ബർ കർഷകരുടെ മേൽ പ്രാർത്ഥനയുടെ പീഡനം കൂടെ - പ്രാർത്ഥന കൊണ്ടു റബ്ബർ വില കൂടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ - അടിച്ചേൽപ്പിക്കുകയും അതൊരു ക്രഡിറ്റാക്കി പത്രത്തിൽ പേരുകൊടുക്കുകയുമാണഅ ഇത്തരം ഫാദർമാർ ചെയ്യുന്നത്. താടിക്കു തീപിടിക്കുമ്പോൾ ബീഡി കത്തിക്കുന്നതുപോലെയാണിത്. പാവപ്പെട്ട റബ്ബർ കർഷകരെ പരിഹാസ്യരായ കോമാളികളാക്കുന്ന ഇത്തരം അപൂർവ്വ ഫാദർമാർക്കെതിരെ ഒരു വാക്കുപോലും പറയാൻ നമ്മുടെ സമൂഹത്തിലെ വ്യക്തികളോ സഭാധികാരികളോ സംഘടനകളോ മാദ്ധ്യമങ്ങളോ തയ്യാറാകുന്നില്ല. സമൂഹത്തെ ബാധിച്ചിരിക്കുന്ന ധാർമ്മികമായ ഷണ്ഡത്തമാണിത്!
പ്രാർത്ഥന പീഡയും പ്രസംഗപീഡയും നടത്താതെ രാഷ്ട്രീയക്കാരുടെ മനസ്സുമാറ്റാൻ ശ്രമിക്കുന്നതിനു വേണ്ടി മുകളിൽ പറഞ്ഞവരെപ്പോലുള്ള ഫാദർമാരുടെ കാൽ കഴുകുന്നതും - റബ്ബർ പാൽ കൊണ്ട് - നല്ല കാര്യമാണ്.
ചിരിക്കാൻ പോലും പറ്റാത്ത കറുത്ത തമാശകളാണ് നമ്മുടെ സമൂഹത്തിൽ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റയ്‌ക്കൊറ്റയ്ക്കു കാണാതെ റബ്ബർ, അബ്കാരി, കൈക്കൂലി, ശത്രുമുന്നണികളുടെ രഹസ്യവേഴ്ചകൾ തുടങ്ങിയ എല്ലാ രംഗങ്ങളിലുമുള്ള ഗുരുതരമയാ പ്രശ്‌നങ്ങളെ കൂട്ടിവായിക്കേണ്ടതാണ്. റബ്ബർ കർഷകന് പക്ഷേ അതൊന്നും ചിന്തിച്ച് തല പുണ്ണാക്കേണ്ട ബാധ്യതയില്ല. ഏറ്റവും സമീപത്തുള്ള സ്വന്തം പാർട്ടി നേതാവിന്റെ മുതുകത്ത് (മുഖത്ത് വീഴാതെ), കുറഞ്ഞ പക്ഷം പാദങ്ങളിലെങ്കിലും റബ്ബർ പാൽ കൊണ്ട് അഭിഷേകം ചെയ്യുക. 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക......' എന്ന ചുള്ളിക്കാടൻ ഈരടിയും പാടംാം. വേണമെന്നു വച്ചാൽ ചക്കവേരിലും, അടുത്ത കയ്യാലമാടിൽ പോലും കായ്പിക്കാൻ രാഷ്ട്രീയക്കാർക്കു കഴിയും. വേണമെന്നു വെയ്പിക്കാൻ റബ്ബർ കർഷകർക്കും തീർച്ചയായും കഴിയണം.