- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകർക്ക് ആശ്വാസമായി റബർ വില കുതിക്കുന്നു; നിലവിലേത് ഒമ്പത് വർഷത്തിനിടെ ഉയർന്ന വില; കിലോവിന് ലഭിക്കുന്നത് 183 രൂപ
കേളകം: കനത്ത മഴ മൂലമുണ്ടായ പ്രതിസന്ധിക്കിടെ റബർ വിപണി ഉയരുന്നത് കർഷകർക്ക് പ്രതീക്ഷയായി. വിപണിയിൽ റബർ വിലയിൽ കാണുന്ന ഉണർവ് തുടർന്നാൽ റബറിന് വില കിലോഗ്രാമിന് 185 രൂപ നിലവാരത്തിലെത്തിയേക്കാമെന്ന് സൂചന. കിലോഗ്രാമിനു 183 രൂപയാണ് വ്യാഴാഴ്ച റബർ ബോർഡ് വില.
വിപണിയിൽ റബറിന് 2012നുശേഷം ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. മലയോര മേഖലയിൽ വ്യാഴാഴ്ച 182 രൂപ വരെ വിലക്ക് വ്യാപാരം നടന്നു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന. വില 200 രൂപയിൽ എത്താനുള്ള സാധ്യതയും വ്യാപാരികൾ പ്രവചിക്കുന്നു.
മൂന്നുമാസം മുമ്പ് വില 180 രൂപയിലെത്തിയെങ്കിലും പിന്നീട് താഴ്ന്നു. ആഭ്യന്തര വിപണിയിലെ ദൗർലഭ്യവും ഇറക്കുമതി കുറഞ്ഞതുമാണ് ഇപ്പോൾ വില ഉയരാൻ കാരണം. ഒക്ടോബർ ആദ്യം മുതൽ തുടരുന്ന ശക്തമായ മഴയിൽ ടാപ്പിങ് നിലച്ച അവസ്ഥയാണ്. നവംബർ ആദ്യവാരത്തോടെ ടാപ്പിങ് പുനരാരംഭിക്കേണ്ടതാണെങ്കിലും മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
ഒട്ടുപാൽ വിലയും ഉയർന്നിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ 10 രൂപ വർധിച്ച് 110 രൂപക്കാണ് വ്യാപാരം നടന്നത്. ഇറക്കുമതിയിലുണ്ടായിട്ടുള്ള ഇടിവും ഉപഭോഗത്തിലെ വർധനയും മഴമൂലമുള്ള ലഭ്യതക്കുറവുമൊക്കെയാണു റബർ വിലയെ ഇപ്പോഴത്തെ വിലനിലവാരത്തിലേക്കു നയിച്ചത്.
അന്താരാഷ്ട്ര വിപണിയിലും അനുകൂല സാഹചര്യമായതിനാൽ പെട്ടെന്നൊരു വിലത്തകർച്ച ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥമൂലം വില ഉയർച്ചയുടെ ആനുകൂല്യം കർഷകർക്ക് ഭാഗികമായേ ലഭിക്കൂ. മഴമൂലം ഉൽപാദനം ഗണ്യമായി കുറവാണിപ്പോൾ.
മറുനാടന് മലയാളി ബ്യൂറോ