കോട്ടയം: ഇന്ത്യയിലെ റബ്ബറുത്പാദനത്തിൽ കാര്യമായ വർദ്ധനയുണ്ടാകുന്നതായും 2017 ഏപ്രിൽ മാസത്തിൽ 2016 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 23.1 ശതമാനം കൂടുതൽ ഉത്പാദനം നടന്നതായും റബ്ബർബോർഡ് അറിയിച്ചു. 2017 ഏപ്രിൽ മാസത്തെ ഉത്പാദനം 48000 ടണ്ണാണ്. 2016 ഏപ്രിലിൽ ഇത് 39000 ടൺ ആയിരുന്നു. ഉത്പാദനം ഇതേ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ ഈ വർഷത്തെ ഉത്പാദനലക്ഷ്യമായ എട്ടു ലക്ഷം ടണ്ണും നമുക്ക് ഉത്പാദിപ്പിക്കാനാകുമെന്നും ബോർഡ് അറിയിച്ചു.

റബ്ബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുകയും കൃഷിച്ചെലവുകൾ കുറയ്ക്കുകയും ചെയ്യുകവഴി കൂടുതൽ ആദായം നേടാൻ കർഷകരെ പ്രാപ്തരാക്കുന്നതിനുള്ള വിവിധപരിപാടികൾ റബ്ബർബോർഡ് ഇപ്പോഴും തുടർന്നു വരികയാണ്. ഉത്പാദകസംഘങ്ങളുടെ സഹകരണത്തോടെ റീജിയണൽ ഓഫീസ് തലത്തിലും ഫീൽഡ്ഓഫീസ്തലത്തിലും ഉത്പാദനക്ഷമതാവർദ്ധനയ്ക്കായി വിവിധപരിപാടികൾ ബോർഡ് നടപ്പാക്കിവരുന്നുണ്ട്.
റബ്ബറുത്പാദകസംഘങ്ങളിലൂടെ ഈ വർഷത്തെ സബ്‌സിഡി നിരക്കിലുള്ള കാർഷികവസ്തുക്കളുടെ വിതരണം തുടങ്ങിക്കഴിഞ്ഞു. റബ്ബർബോർഡ് ഉടമസ്ഥതയിലുള്ള കമ്പനികളിലൂടെയാണ് റെയിൻഗാർഡിങ്ങിനുള്ള പ്ലാസ്റ്റിക്, ഷെയ്ഡ്, പശ തുടങ്ങിയവയും സ്‌പ്രേയിങ്ങിനുള്ള തുരിശും കോപ്പർ ഓക്‌സിക്‌ളോറൈഡും വിതരണം ചെയ്യുന്നത്.

തോട്ടങ്ങളുടെ സമഗ്രമായ മികവ് ലക്ഷ്യമാക്കി ബോർഡ് നടത്തിവരുന്ന വാർഷിക തീവ്രപ്രചാരണപരിപാടി ഈ മാസം 26 ന് സമാപിക്കും. ഏപ്രിൽ 18 വരെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച 546 മീറ്റിങ്ങുകളിൽ 35000 ഓളം പേർ പങ്കെടുത്തു. ആഴ്ചയിലൊരിക്കൽ ടാപ്പിങ്, നിയന്ത്രിത കമിഴ്‌ത്തിവെട്ട് മണ്ണുജലസംരക്ഷണം, ഓൺലൈൻ വളപ്രയോഗ ശുപാർശ (റബ്‌സിസ്), ഇടവിളക്കൃഷി, പ്രധാന്മന്ത്രി കൗശൽ വികാസ് യോജന പ്രകാരം നടപ്പാക്കിവരുന്ന നൈപുണ്യവികസനപരിപാടികൾ, ആഴ്ചയിലൊരു ടാപ്പിങ്, റെയിൻഗാർഡിങ്, തുടങ്ങിയ വിഷയങ്ങളും പ്രാദേശികമായി പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ഈ കർഷകസമ്പർക്കപരിപാടികളിൽ ചർച്ചചെയ്യപ്പെടും.

'പ്രധാന്മന്ത്രി കൗശൽ വികാസ് യോജന' (പി.എം.കെ.വി.വൈ.) പദ്ധതിപ്രകാരം റബ്ബർ ടാപ്പർമാർക്കായി നടപ്പാക്കിവരുന്ന നൈപുണ്യവികസനപദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചുകഴിഞ്ഞു. കേരളം ത്രിപുര അസ്സം, തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലായി 22,000 പേർക്ക് പരിശീലനം നൽകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നടത്തിയ നൈപുണ്യവികസനപരിശീലനത്തിലൂടെ റബ്ബർടാപ്പിങ്ങിൽ ഉണ്ടായിട്ടുള്ള ഗുണപരമായ മാറ്റങ്ങളെക്കുറിച്ചും ഉത്പാദനക്ഷമതാവർദ്ധനവിൽ ഈ മാറ്റങ്ങൾക്കുള്ള പങ്കിനെക്കുറിച്ചുമുള്ള ഒരു
പഠനവും ബോർഡ് ആരംഭിച്ചിട്ടുണ്ട്.