കോട്ടയം: റബ്ബർ ടാപ്പിങ് തൊഴിലാളികളുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയുള്ള മൂന്നുദിവസം വീതം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി നവംബർ മുതൽ റബ്ബർബോർഡ് റബ്ബറുത്പാദകസംഘങ്ങളിലൂടെ സംഘടിപ്പിക്കുന്നു. കേന്ദ്രസർക്കാരിന്റെ നൈപുണ്യ-സംരഭകത്വ വികസന മന്ത്രാലയം നടപ്പാക്കുന്ന 'പ്രധാനമന്ത്രി കൗശൽ വികാസ് യോജന' പ്രകാരമുള്ള ഈ പരിശീലനപരിപാടിയിൽ 18 വയസ്സിനും 55 വയസ്സിനും മദ്ധ്യേ പ്രായമുള്ള ടാപ്പിങ് തൊഴിലാളികൾക്കും സ്വന്തമായി ടാപ്പു ചെയ്യുന്ന കർഷകർക്കും പങ്കെടുക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റും 500 രൂപ സ്റ്റൈപ്പന്റും ലഭിക്കും. 

പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേരു രജിസ്‌ററർ ചെയ്യണം. ഇതിനായി പോസ്‌ററ്കാർഡിലോ വെള്ളക്കടലാസ്സിലോ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങളടങ്ങിയ അപേക്ഷ റബ്ബർബോർഡിന്റെ റീജിയണൽ ഓഫീസുകളിലോ, ഫീൽഡ് ഓഫീസുകളിലോ നവംബർ 18-ാം തീയതിക്കു മുമ്പായി നൽകണം.
അത്യുത്പാദനശേഷിയുള്ള റബ്ബറിനങ്ങൾ കൃഷിചെയ്തിരിക്കുന്ന തോട്ടങ്ങളിൽ നിന്ന് ഹെക്ടർപ്രതി ഒരു വർഷം 3000 കിലോഗ്രാം വരെ ഉത്പാദനം ലഭ്യമാക്കാൻ കഴിയും. എന്നാൽ ഇന്ന് പല തോട്ടങ്ങളിലും നിന്നുള്ള ഉത്പാദനം 1000 കിലോഗ്രാമിൽ താഴെമാത്രമാണ് ലഭിക്കുന്നത്. റബ്ബറിന്റെ ഉത്പാദനക്ഷമത കൂറഞ്ഞുവരുന്നതിന്റെ പ്രധാനകാരണം ടാപ്പിങ്ങിലെ ന്യൂനതകളാണ്. ഇതിനൊരു പരിഹാരം കാണുന്നതിനുവേണ്ടിയാണ് റബ്ബർടാപ്പിങ്ങിൽ വൈദഗ്ദ്ധ്യം നൽുകന്നതിനുള്ള പരിശീലനപരിപാടി ബോർഡ് സംഘടിപ്പിക്കുന്നത്.