തിരുവനന്തപുരം: പരമ്പരാഗത റബ്ബർ കൃഷി മേഖലയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രധാന മാർഗ്ഗമായ ടാപ്പിങ്, കൂടുതൽ ശാസ്ത്രീയമാക്കാൻ പ്രധാന്മന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായി നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷനും റബ്ബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിലുമായി ചേർന്ന് റബ്ബർബോർഡ് രൂപം നൽകിയ വിപുലമായ പരിശീലന പരിപാടികൾക്ക് ഇന്ന് തുടക്കമാകും.

നിലവിലുള്ള ടാപ്പർമാരുടെ നൈപുണ്യവികസനം ലക്ഷ്യമിട്ട് കേരളത്തിലെ 350-ഓളം കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന പരിശീലന പരിപാടികൾക്കാണ് 23-നു തുടക്കമാവുക. പരിശീലന പരിപാടികൾ നടക്കുക. ഈ പരിശീലന പരിപാടിയിൽ 18 വയസ്സിനുമേൽ പ്രായമുള്ള റബ്ബർടാപ്പർമാർക്കും സ്വന്തം തോട്ടങ്ങളിൽ ടാപ്പു ചെയ്യുന്ന കർഷകർക്കും പങ്കെടുക്കാം. ഒന്നാംഘട്ടത്തിൽ പതിനായിരം പേർക്ക് പരിശീലനം നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റും 500 രൂപ സ്റ്റൈപ്പന്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബ്ബർബോർഡ് റീജിയണൽ ഓഫീസുമായി ബന്ധപ്പെടണം.

റബ്ബറുത്പാദനം കുറഞ്ഞുവരുന്ന പ്രവണതയിൽ മാറ്റമുണ്ടായതായും ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 10.94 ശതമാനം ഉത്പാദനവർദ്ധനയുണ്ടായതായും റബ്ബർബോർഡ് അറിയിച്ചു. ഈ വർഷം ഒക്‌ടോബർ മാസത്തെ ഉത്പാദനത്തിൽ മാത്രം കഴിഞ്ഞവർഷം ഇതേ മാസത്തേക്കാൾ 15.4 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്. ഈ രീതിയിൽ വർദ്ധന തുടരുകയാണെങ്കിൽ ഈ വർഷത്തെ 6.54 ലക്ഷം ടൺ എന്ന ഉത്പാദനലക്ഷ്യം നേടാനാകുമെന്നും ബോർഡ് അറിയിച്ചു.

വിലക്കുറവിന്റെ പശ്ചാത്തലത്തിൽ റബ്ബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള തീവ്രശ്രമമാണ് റബ്ബർബോർഡ് നടത്തിവരുന്നത്. ഉത്പാദന ക്ഷമതാവർദ്ധനയ്ക്കായി റബ്ബർബോർഡിന്റെ വിവിധപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അതതുമേഖലകളിൽ പ്രായോഗികമായ കാർഷികപ്രവർത്തനങ്ങൾ കർഷകരിലെത്തിക്കാൻ കഴിഞ്ഞു.

ഇടവേളകൂടിയ ടാപ്പിങ് രീതികൾ സ്വീകരിക്കുന്നതിനായി നടത്തിയ തീവ്രബോധന പരിപാടിയുടെ ഫലമായി ധാരാളം കർഷകർ ഈ ടാപ്പിങ് രീതി സ്വീകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി റബ്ബറുത്പാദക സംഘങ്ങളുടെ നേതൃത്വത്തിൽ 'ടാപ്പേഴ്‌സ് ബാങ്ക്' ആരംഭിക്കുന്നതിനുള്ള റബ്ബർ ബോർഡിന്റെ പ്രത്യേക പദ്ധതി തുടരുന്നു.