തിരുവനന്തപുരം: ജില്ലയിലെ ഒമ്പതു മാസം മുതൽ പതിനഞ്ചു വയസു വരെയുള്ള എല്ലാ കുട്ടികൾക്കുമായി മീസിൽസ് (അഞ്ചാം പനി), റൂബെല്ല രോഗങ്ങൾക്കെതിരെ പ്രതിരോധകുത്തിവെപ്പ് നൽകാൻ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും തയ്യാറെടുക്കുന്നു. കുട്ടികളിലെ രോഗാതുരയ്ക്കും മരണത്തിനും വരെ കാരണമാകുന്ന മീസിൽസ് (അഞ്ചാംപനി) നിർമ്മാർജനം ചെയ്യുന്നതിനും കുട്ടികളിൽ പലവിധ വൈകല്യങ്ങൾക്കും, ഗുരുതരരോഗങ്ങൾക്കും ഇടയാകുന്ന റൂബെല്ല രോഗം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈ ഊർജ്ജിത പ്രതിരോധകുത്തിവെപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഈ രണ്ട് രോഗങ്ങൾക്കെതിരെ ഏറെ വർഷങ്ങളായി പ്രചാരത്തിലുള്ളതും സുരക്ഷിതവുമായ വാക്സിൻ ഒരൊറ്റ ഡോസായി, ഒരു കുത്തിവെപ്പിലൂടെ ഈ രോഗങ്ങൾ വരാൻ സാധ്യതയുള്ള എല്ലാ കുട്ടികൾക്കും നൽകി 2020-ഓടു കൂടി ഈ രോഗങ്ങളെ ഇല്ലാതാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ഒക്ടോബർ മൂന്നിന് കാമ്പയിൻ ആരംഭിക്കും.

കുട്ടികളിൽ ന്യൂമോണിയ, തലച്ചോറിലെ അണുബാധ, കാഴ്ചക്കുറവ് എന്നിവയ്ക്ക് കാരണമാകാവുന്നതും മരണം വരെ സംഭവിക്കുവാനിടയുള്ളതുമായ വളരെയെളുപ്പം പകരുന്ന ഒരു രോഗമാണ് മീസൽസ് അഥവാ അഞ്ചാംപനി. നിലവിൽ കുട്ടികൾക്ക് 9-ാം മാസത്തിലും ഒന്നര വയസിലും ഇതിനെതിരായ പ്രതിരോധ കുത്തിവെപ്പ് നൽകിവരുന്നുണ്ട്. പൊതുവെ നിരുപദ്രവകാരിയായ ഒരു രോഗമാണ് റുബെല്ല അഥവാ ജർമൻ മീസിൽസ്, എന്നാൽ ഗർഭിണികളെ ബാധിക്കുമ്പോൾ ഗർഭസ്ഥ ശിശുവിന്റെ മരണത്തിനോ, ജനിക്കുന്ന കുട്ടികൾ ഗുരുതരമായ ജനനവൈകല്യങ്ങൾക്കോ ഹൃദയസംബന്ധമായ തകരാറിനോ, കേൾവിക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയവയ്ക്കോ ഇടയാക്കുന്ന രോഗമാണിത്.

ഈ രോഗങ്ങൾക്കെതിരെയുള്ള വാക്സിൻ സ്വീകരിക്കുന്ന വ്യക്തിക്ക് രോഗത്തിൽ നിന്ന് പ്രതിരോധം ലഭിക്കുമെങ്കിലും ഈ രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്യണമെങ്കിൽ രോഗം പിടിപെടാൻ സാധ്യതയുള്ള എല്ലവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. വസൂരി രോഗത്തെയും പോളിയോ രോഗത്തെയും ഊർജ്ജിത പ്രതിരോധ പരിപാടിയിലൂടെ നിർമ്മാർജ്ജനം ചെയ്ത ശേഷം നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പൊതുജനാരോഗ്യയജ്ഞമാണ് മീസിൽസ്- റൂബെല്ല കാമ്പയിൻ.

കാമ്പയിൻ സംബന്ധിച്ച് തദ്ദേഷ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ആരോഗ്യവകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ജില്ലാതല ഉദ്യോഗസ്ഥർക്കുമുള്ള ശിൽപശാലകൾ പൂർത്തിയാക്കി. സ്‌കൂൾ പ്രിൻസിപ്പൽമാർക്കും നോഡൽ ഓഫീസർമാർക്കുമുള്ള പിടിഎ അംഗങ്ങൾക്കുമുള്ള പരിശീലനപരിപാടികൾ നടന്നുവരുന്നു. ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്ക് പുറമെ ഐ.എം.എ, ഐ.എ.പി എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പ്രതിരോഘകുത്തിവെപ്പ് നടത്തുന്ന സ്‌കൂളുകളിൽ ഡോക്ടറുടെ സാന്നിധ്യം ഉറപ്പ് വരുത്തും. ജില്ലയിൽ 634771 കുട്ടികൾക്കാണ് കാമ്പയിന്റെ ഭാഗമായി പ്രതിരോധകിത്തിവെപ്പ് നൽകേണ്ടത്.