ദോഹ: രാജ്യത്തെ വിദേശികളായ അഭിഭാഷകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കം. മൂന്ന് വർഷം ഖത്തറിലെ ഒരു നിയമ സ്ഥാപനത്തിൽ ജോലിയെടുത്ത അഭിഭാഷകർക്ക് നിലവിൽ ഖത്തറിലെ കോടതികൾ കേസ് വാദിക്കാൻ കഴിയുമായിരുന്നു. എന്നാൽ ലോയേഴ്‌സ് അഡ്‌മിഷൻ കമ്മിറ്റി അംഗീകരിച്ച പുതിയ വ്യവസ്ഥകൾ പ്രകാരം ഖത്തറിലെ കോടതികളിൽ പ്രാക്റ്റീസ് ചെയ്യാൻ ഇതുമാത്രം മതിയാകില്ല.

നിശ്ചിത യോഗ്യതയ്ക്കും അനുഭവസമ്പത്തിനും പുറമെ മാതൃരാജ്യത്ത് അഭിഭാഷകനായി രജിസ്റ്റർ ചെയ്തിരിക്കണം. അവിടത്തെ ബാർ അസോസിയേഷനിൽ അംഗത്വം നേടിയിരിക്കണം. ഇതിനു പുറമെ ഖത്തറിൽ അഭിഭാഷകനായി മൂന്നുവർഷം ഏതെങ്കിലും നിയമസ്ഥാപനത്തിൽ പ്രവർത്തിച്ചിരിക്കണം. ഈ  നിബന്ധനകൾ അംഗീകരിച്ച് മാത്രമേ ഇനി അഭിഭാഷകനായി രാജ്യത്ത് പ്രാക്ടീസ് ചെയ്യാനാകൂ.

ഇത് കൂടാതെ നിയമ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യേക കമ്മിറ്റി മുമ്പാകെ അഭിമുഖ പരീക്ഷയിൽ പങ്കെടുത്ത് വിജയിക്കണം. സ്വകാര്യ നിയമ സ്ഥാപനങ്ങൾ അവരുടെ കേസുകൾ വാദിക്കാൻ സ്ഥാപന ജീവനക്കാരായ നിയമ യോഗ്യതയുള്ളവളെ നിയോഗിക്കുന്ന രീതിയെ ഖത്തറിലെ ലോയേസ് അസോസിയേഷൻ നേരത്തെ എതിർത്തിരുന്നു. ഇതേ തുടർന്നാണ് ലോയേഴ്‌സ് അഡ്‌മിഷൻ കമ്മിറ്റി വിഷയം പഠിക്കാനായി ആറംഗ സംഘത്തെ നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് അഡ്‌മിഷൻ കമ്മിറ്റി നിയമത്തിൽ മാറ്റംവരുത്തിയത്.