കൊച്ചി: ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിൽ നടൻ മമ്മുട്ടിയുടെ വീട്ടിൽ ചേർന്ന യോഗത്തിന് പിന്നാലെ വീണ്ടും പ്രധാന നടന്മാരും നിർമ്മാതാക്കളും ഉൾപ്പെടെ മറ്റൊരു യോഗം കൂടി ചേർന്നത് ചർച്ചയാകുന്നു.

ദിലീപിനെ സംഘടനയുടെ പദവികളിൽ നിന്നും പ്രാഥമികാംഗത്വത്തിൽ നിന്നും മാറ്റുന്നതിന് ഉൾപ്പെടെയാണ് ഇന്നു ചേർന്ന അമ്മ എക്‌സിക്യുട്ടീവ് യോഗം തീരുമാനമെടുത്തത്. ഇതിനെ തുടർന്ന് മമ്മുട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മുൻനിര നടന്മാർ തന്നെ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വനിതാ പ്രതിനിധികളായ രമ്യ നമ്പീശൻ ഉൾപ്പെടെയുള്ളവർ പോയതിന് ശേഷം വീണ്ടും യോഗം ചേർന്നതാണ് ചർച്ചയാകുന്നത്.

മമ്മുട്ടി, മോഹൻലാൽ, ദേവൻ, കലാഭവൻ ഷാജോൺ, ഇടവേളബാബു, ആന്റോ ജോസഫ്, മേനക സുരേഷ്‌കുമാർ, ബി ഉണ്ണികൃഷ്ണൻ, രജപുത്ര രഞ്ജിത്ത്, എവർഷൈൻ മണി, ദിലീപ് അഭിനയിച്ച രാംലീലയുടെ സംവിധായകനായ അരുൺഗോപി തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ സിനിമാ ലോകത്ത് വരുന്ന മാറ്റങ്ങൾ ചർച്ചചെയ്യാനാണ് യോഗം ചേർന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം രാംലീല ഉൾപ്പെടെ ദിലീപിന്റെ ചിത്രങ്ങൾ റിലീസ് ചെയ്യാനാകുമോ എന്ന കാര്യങ്ങളും ചർച്ചയായി. എന്നാൽ ദിലീപിനെതിരെ ശക്തമായ നിലകൊണ്ട വിമൺസ് കളക്ടീവ് അംഗം കൂടിയായ രമ്യ നമ്പീശൻ, പൃത്ഥ്വീരാജ് തുടങ്ങിയവർ യോഗത്തിന് ഇല്ലായിരുന്നുവെന്നതും ചർച്ചയാകുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും ചർച്ചയിൽ പങ്കെടുത്തവർ ആരും സ്ഥിരീകരണം നൽകിയിട്ടില്ല.

രമ്യ നമ്പീശന്റെതുൾപ്പെടെ ശക്തമായ നിലപാടിനെ തുടർന്നാണ് ഇന്നത്തെ യോഗത്തിൽ ദിലീപിനെതിരെയും നടിക്കെതിരെ നേരത്തെ മോശം പരാമർശങ്ങൾ ഉന്നയിച്ച നടന്മാർക്കെതിരെയും നടപടിയെടുക്കാൻ ഇന്നത്തെ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചത്. എന്നാൽ അവർ പോയതിന് ശേഷം നടന്ന യോഗം എന്തിനായിരുന്നുവെന്നതിനെ ചൊല്ലി അഭ്യൂഹങ്ങളും പ്രചരിക്കുന്നു.

ഇപ്പോൾ അറസ്റ്റിലായ ദിലീപിനെ രക്ഷിക്കാൻ എന്തെല്ലാം ചെയ്യാമെന്ന കൂടിയാലോചകളും നടന്നോയെന്ന തരത്തിലാണ് പ്രചരണങ്ങൾ. മറിച്ച് തിയേറ്റർ മേഖലയിലും പ്രൊഡക്ഷൻ മേഖലയിലും വലിയ സ്വാധീന ശക്തിയായി വളരുകയും അടുത്തകാലത്ത് തിയേറ്റർ മേഖലയിലുൾപ്പെടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്ത ദിലീപ് മാറുന്നതോടെ ഈ മേഖലകളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ചർച്ചചെയ്യാനാണ് യോഗം ചേർന്നതെന്നും സിനിമയുമായി ബന്ധപ്പെട്ട ചിലർ വെളിപ്പെടുത്തുന്നുണ്ട്.