ജിദ്ദ: സ്‌പോൺസറുടെ പക്കൽ നിന്നും ഒളിച്ചോടുന്ന തൊഴിലാളികളെ പിന്നീടൊരിക്കലും സൗദിയിലേക്ക് വരാൻ അനുവദിക്കുകയില്ലെന്ന് ഡയറക്ടർ ഓഫ് മക്ക പാസ്‌പോർട്ട് പൊലീസ് മേജർ ജനറൽ ഖലാഫല്ലാ അൽ തുവൈർക്കി വ്യക്തമാക്കി. സൗദി സ്‌പോൺസറുടെ പക്കൽ നിന്നും ഒളിച്ചോടുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയും നാടുകടത്തലും നേരിടേണ്ടി വരും. ഇവരെ പിന്നീട് രാജ്യത്തേക്ക് തിരികെ കയറ്റുകയില്ലെന്നും അൽ തുവൈർക്കി ചൂണ്ടിക്കാട്ടി.

റസിഡൻസി നിയമം ലംഘിച്ച് മക്ക മേഖലയിൽ ജോലി ചെയ്തിരുന്ന 480,000 ത്തിലധികം പ്രവാസികളെ കഴിഞ്ഞ വർഷം നാടുകടത്തിയെന്നും അൽ തുവൈർക്കി വെളിപ്പെടുത്തി. അനധികൃതമായി പ്രവാസി തൊഴിലാളികൾക്ക് അഭയം നൽകുകയും കൈമാറ്റം ചെയ്യുകയും ചെയ്ത പ്രവാസികളും സ്വദേശികളുമായ 16,386 പേർക്ക് പിഴ ഈടാക്കിയിരുന്നുവെന്നും വ്യക്തമാക്കി. വിസാ കാലാവധി കഴിഞ്ഞ വിദേശികൾ ഏറെ ഇനിയും രാജ്യത്ത് തങ്ങുന്നുണ്ടെന്നും ഇവരുടെ ഡിപ്പൻഡന്റുമാർ നിയമം ലംഘിച്ച് ജോലി ചെയ്തുവരുന്നുണ്ടെന്നും അൽ തുവൈർക്കി വെളിപ്പെടുത്തി.

ഒളിച്ചോടുന്ന വിദേശികളെ അനധികൃതമായി കൈമാറ്റം ചെയ്യുകയോ അഭയം നൽകുകയോ ചെയ്താൽ കനത്ത ശിക്ഷയാണ് നേരിടേണ്ടി വരുന്നതെന്നും മുന്നറിയിപ്പുണ്ട്. വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന ഉംറ തീർത്ഥാടകരെ അനധികൃത താമസക്കാരായി കണക്കാക്കുമെന്നും അവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടർ മുന്നറിയിപ്പു നൽകി.