തിരുവനന്തപുരം: ക്രമക്കേട് ആരോപണങ്ങളും കെടുകാര്യസ്ഥതയും ഒന്നിനു പിറകേ മറ്റൊന്നായി എത്തിയ ദേശീയ ഗെയിംസിനെ ഒടുവിൽ സച്ചിൻ ടെണ്ടുൽക്കർ രക്ഷിച്ചു. പത്ത് മിനിറ്റ് നീണ്ട കൂട്ടയോട്ടം സംഘടിപ്പിക്കാൻ മലയാള മനോരമക്ക് കോടികൾ നൽകി ഏൽപ്പിച്ചെന്ന ആരോപണങ്ങളുടെ കറപറ്റിയത് തുടച്ചുകളയാനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും സഹായകമായതും സച്ചിൻ ടെണ്ടുൽക്കറിന്റെ സാന്നിധ്യമായിരുന്നു. തിരുവനന്തപുരത്ത് നടന്ന കൂട്ടയോട്ടത്തിൽ സച്ചിനൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കാളികളായതോടെ ക്രമക്കേടിന്റെ കഥകൾ തൽക്കാലത്തേക്കെങ്കിലും പൊതുജനം മറന്നു. പകരം ദേശീയ ഗെയിംസെന്ന വികാരം ജനങ്ങളിലേക്ക് എത്തിക്കാനം സാധിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിലാണ് സച്ചിൻ ടെണ്ടുൽക്കർ എല്ലാവർക്കും ആവേശം പകർന്നത്. നീല ജീൻസും ചുവന്ന ടീഷർക്കും കൂളിങ് ഗ്ലാസും ധരിച്ചെത്തിയ ലിറ്റിൽ മാസ്റ്ററെ അടുത്തുകണ്ട ആവശേത്തിലായിരുന്നു കുട്ടികൾ അടക്കമുള്ള എല്ലാവരും. സച്ചിൻ.. സച്ചിൻ വിളികൾ സദസിൽ നിന്നും മുഴങ്ങിക്കേട്ടു.

മലയാളത്തിൽ നമസ്‌തേ എന്ന് പറഞ്ഞുകൊണ്ടാണ് സച്ചിൻ ജനക്കൂട്ടത്തോടെ സംസാരിച്ചു തുടങ്ങിയത്. കേരളത്തിന്റെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയില്ല. കേരളം ആവേശത്തോടെയാണ് പങ്കെടുത്തത്. എല്ലാവരും ആരോഗ്യവാന്മാരാവണം. ജീവിതരീതികളിൽ മാറ്റം വരുത്തണം. ദേശീയ ഗെയിംസിനും സമാനമായ പിന്തുണമായ നൽകണം. മാസ്റ്റർ ബ്ലാസ്‌റ്റേഴ്‌സിനും വൻ പിന്തുണയാണ് ലഭിച്ചത്. ദേശീയ ഗെയിംസിൽ എല്ലാ ടീമുകളേയും സ്വന്തം ടീമായി കാണുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും സച്ചിൻ പറഞ്ഞു.

പ്രസംഗത്തിനു ശേഷം കാണികൾക്കൊപ്പം നിന്ന് സെൽഫിയെടുക്കുകയും ചെയ്തു സച്ചിൻ. ഇതിഹാസ താരത്തിനൊപ്പം സെൽഫിയെടുക്കാൻ മന്ത്രിമാരും തിരക്കുകൂട്ടി. കൂട്ടയോട്ടത്തിന്റെ സമാപന വേദിയിൽ മന്ത്രിമാർക്കൊപ്പം അവതാരകയുടെ റോളിൽ രഞ്ജിനി ഹരിദാസും എത്തിയിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ അലറി വിളിച്ചുകൊണ്ടായിരുന്നു രഞ്ജിനി. ആവേശത്തോടെ കയ്യടിക്കാനൊക്കെ രഞ്ജിനി പറഞ്ഞെങ്കിലും പലപ്പോഴും സദസിൽ നിന്നും തണുത്ത പ്രതികരണമായിരുന്നു ഉയർന്നത്.

ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് കൂട്ടയോട്ടം എന്ന ആശയം മുന്നോട്ടുവച്ച് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്തായാലും ഏറെ ആവേശത്തിലായിരുന്നു. കൂട്ടയോട്ടം വിജയമായെന്ന് തിരുവഞ്ചൂർ അവകാശപ്പെടുകയും ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവരും സച്ചിനൊപ്പം വേദിയിലുണ്ടായിരുന്നു. കൊച്ചിയിൽ നടന്ന കൂട്ടയോട്ടത്തിൽ താരമായത് മോഹൻലാലായിരുന്നു. മോഹൻലാലാണ് കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്തത്. ഇവിടെ ദിലീപ് അടക്കമുള്ള പ്രമുഖർ കൂട്ടയോട്ടത്തിൽ പങ്കാളികളായി.