ബംഗളൂരു: റിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരത്തിനു സിക വൈറസ് രോഗലക്ഷണം. സ്റ്റീപ്പിൾ ചേസ് താരമായ ഉത്തർ പ്രദേശ് സ്വദേശി സുധ സിങ്ങാണു ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്നത്.

ശനിയാഴ്ചയാണ് വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് സുധയെ ആശുപത്രിയിൽ പ്രവേശിച്ചത്. മത്സരശേഷം ബ്രസീലിൽ നിന്നും മടങ്ങിയ താരത്തിന് കടുത്ത പനിയും ശരീരവേദനയും രക്തസമ്മർദ്ദത്തിൽ നിരന്തര വ്യതിയാനവും അനുഭവപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേശി വേദനയും തളർച്ചയും ഉണ്ടായതിനാലാണ് കായികതാരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാദ്ധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. സുധയുടെ രക്ത സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി.

സാധാരണ രോഗലക്ഷണം മാത്രമാണ് ഉള്ളതെങ്കിലും, സിക വൈറസ് ബ്രസീലിൽ വലിയ തോതിൽ ഭീതി പടർത്തിയ സാഹചര്യത്തിൽ താരത്തെ സൂക്ഷമമായി നിരീക്ഷിക്കുകയാണ് അധികൃതർ. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.