ദുബൈ: റൺവേ നവീകരിക്കുന്നതിന്റെ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു. മെയ് 9 തിങ്കളാഴ്ച മുതൽ ജൂൺ 22 വരെ 45 ദിവസത്തേക്കാണ് ദുബൈ വിമാനത്താവളത്തിന്റെ നോർത്തേൺ റൺവേ അടയ്ക്കുന്നത്. ഇതോടെ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സർവീസുകളിൽ മാറ്റമുണ്ടാകും.

ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തിവരുന്ന വിമാനങ്ങളെല്ലാം അൽ മക്തൂം രാജ്യാന്തര വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നാകും സർവീസ് നടത്തുക. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഷാർജ വിമാനത്താവളം വഴി സർവീസ് നടത്തുക.

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ചില സർവീസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് ഫ്‌ളൈ ദുബൈ അറിയിച്ചു. എയർ ഇന്ത്യയുടെ ചില സർവീസുകൾ മക്തൂം വിമാനത്താവളത്തിന് പുറമെ ഷാർജ വിമാനത്താവളത്തിലേക്കും മാറ്റിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, മംഗളൂരു, തിരുച്ചിറപ്പള്ളി, അമൃത്സർ, ലക്‌നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളാണ് അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയത്. ജൂൺ 16- മുതൽ 22 വരെ സർവീസ് നടത്തുന്ന ദുബൈ- കോഴിക്കോട് വിമാനവും തിരിച്ചുള്ള സർവീസും ഷാർജയിലേക്ക് മാറ്റും.

റൺവേ നവീകരണ കാലയളവിൽ യാത്രക്കാർക്ക് സൗജന്യമായി ദുബൈ വിമാനത്താവള ടെർമിനലുകൾക്കും അൽ മക്തൂം വിമാനത്താവളത്തിനും ഇടയിൽ ഇന്റർ എയർപോർട്ട് സൗജന്യ ഷട്ടിൽ ബസ് സർവീസുകളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: www.airindia.in / 06-5970444 (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ). എയർ ഇന്ത്യ എക്സ്‌പ്രസ് - www.airindiaexpress.in / 06-5970303 (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ).