ഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിന്റെ ഭാര്യയും മകനും മരിച്ചതുകൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. ഹസ്മത്തിലെ സെമിത്തേരിയിൽ അന്വേഷണോദ്യോഗസ്ഥർ നടത്തിയ പരിശോധന അത്തരമൊരു സംശയത്തിലേക്കാണ് വിരൽചൂണ്ടുന്നത്. സ്‌ക്രിപാലും മകൾ യൂലിയയും ഇപ്പോഴും സാലിസ്‌ബറിയിലെ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്.

റഷ്യൻ ചാരന്മാർ വിഷം കുത്തിവെച്ചതിനെത്തുടർന്നാമ് 66-കാരനായ സ്‌ക്രിപാലും മകളും ഗുരുതരാവസ്ഥയിലായതെന്നാണ് കരുതുന്നത്. ഇതോടെയാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും മരണവും കൊലപാതകമായിരിക്കാമെന്ന സംശയം ബലപ്പെട്ടത്. സ്‌ക്രിപാലിന്റെ ഭാര്യ ല്യൂഡ്മിലയും മകൻ അലക്‌സാണ്ടറും ഏതാനും വർഷത്തിനിടെയാണ് മരിച്ചത്. ല്യൂഡ്മില 2012-ലാണ് മരിച്ചത്. കരൾരോഗത്തെത്തുടർന്ന് കഴിഞ്ഞവർഷമാണ് അലക്‌സാണ്ടർ മരിക്കുന്നത്.

സ്‌ക്രിപാലും മകളും ഹസ്മറ്റിലെ സെമിത്തേരിയിൽ വന്നിട്ടുണ്ടാകാമെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു. ല്യൂഡ്മിലയെയും അലക്‌സാണ്ടറെയും അടക്കിയിട്ടുള്ള സെമിത്തേരിയിൽ പൊലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും ആംബുലൻസുകളും പരിശോധനയ്ക്ക് എത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്ത് വീണ്ടും പരിശോധിക്കുമോ എന്ന് വ്യക്തമല്ല. ഇവിടെ സമർപ്പിച്ചിരുന്ന പൂക്കളും മറ്റും പരിശോധനയ്ക്കായെടുത്തിട്ടുണ്ട്.

സാലിസ്‌ബറി ഡിസ്ട്രിക്ട് ആശുപത്രിയിലാണ് സ്‌ക്രിപാലും മകളും പൊലീസ് ഡിറ്റക്ടീവായ നിക്ക് ബെയ്‌ലിയും ഇപ്പോഴുള്ളത്.. ഞായറാഴ്ചയാണ് മൂവരെയും വിഷം കുത്തിവെച്ച നിലയിൽ ആശുപത്രിയിലാക്കിയത്. സ്‌ക്രിപാൽ ഡബിൾ ഏജന്റായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തെത്തുടർന്ന് സ്‌കോട്ട്‌ലൻഡ് യാർഡിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് സർക്കാരിന്റെ കോബ്ര കമ്മറ്റി നാളെ അടിയന്തര യോഗം ചേരുന്നുണ്ട്. ഹോം സെക്രട്ടറി ആംബർ റൂഡ് യോഗത്തിൽ പങ്കെടുക്കും.

സെർജി സ്‌ക്രിപാലിനുനേർക്കുണ്ടായ ആക്രമണം ബ്രിട്ടനിലുള്ള റഷ്യൻ ധനാഢ്യരെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുകയാണിപ്പോൾ. റഷ്യൻ എണ്ണക്കമ്പനി മുതലാളിമാർ പലരും ബ്രിട്ടനിൽ താമസിക്കുന്നുണ്ട്. ഇവരിൽ പലർക്കും പ്രസിഡന്റ് വഌദിമിർ പുട്ടിനുമായി അടുത്ത ബന്ധമുള്ളതായാണ് കണക്കാക്കുന്നത്. ഇവരിൽ പലരും റഷ്യൻ സർക്കാരിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ടെന്നും കരുതുന്നു. സ്‌ക്രിപാലിനും റഷ്യൻ സർക്കാരിനുമിടയിൽ അത്തരമൊരു ബന്ധം കണ്ടെത്താനായാൽ ഈ സംശയം ശരിവെക്കുന്നതാകും അത്.