തെരേസ മേയുടെ മുന്നറിയിപ്പ് തള്ളി പുട്ടിൻ; ഒരു അണ്വായുധ രാഷ്ട്രത്തോട് വെറുതെ കളിക്കരുതെന്ന് റഷ്യയുടെ മുന്നറിയിപ്പ്; അമേരിക്കയും ജർമനിയും ഫ്രാൻസും ബ്രിട്ടന് പിന്തുണ അറിയിച്ചു; റഷ്യൻ ടിവിക്ക് ബ്രിട്ടനിൽ നിരോധനം ഉണ്ടാകുമെന്ന് സൂചന വന്നതോടെ മുഴുവൻ ബ്രിട്ടീഷ് ജേർണലിസ്റ്റുകളെയും പുറത്താക്കുമെന്ന് റഷ്യ

ലണ്ടൻ: മുൻ റഷ്യൻ ചാരൻ സ്‌ക്രിപാലിനും മകൾക്കും സാലിസ്‌ബറിയിലെ റസ്റ്റോറന്റിൽ വച്ച് വിഷബാധയുണ്ടായി അബോധാവസ്ഥയിൽ ആശുപത്രിയിലായ സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഇക്കാര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മുന്നറിയിപ്പ് തള്ളി പുട്ടിൻ രംഗത്തെത്തിയത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. തെരേസ മെയ്‌ ഈ വിഷയത്തിൽ അണ്വായുധ രാഷ്ട്രമായ തങ്ങളോട് വെറുതെ കളിക്കരുതെന്നാണ് റഷ്യ മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ അമേരിക്കയും ജർമനിയും ഫ്രാൻസും ബ്രിട്ടന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.

ഇതിനിടെ റഷ്യൻ ടിവിക്ക് ബ്രിട്ടനിൽ നിരോധനം ഉണ്ടാകുമെന്ന് സൂചന വന്നതോടെ മുഴുവൻ ബ്രിട്ടീഷ് ജേർണലിസ്റ്റുകളെയും പുറത്താക്കുമെന്നും റഷ്യ മുന്നറിയിപ്പേകുന്നു. സാലിസ്‌ബറിയിലെ സിസി റസ്റ്റോറന്റിൽ വച്ച് മാർച്ച് നാല് ഞായറാഴ്ച ഒരു മിലിട്ടറി-ഗ്രേഡ് നെർവ് ഏജന്റിനാലാണ് സ്‌ക്രിപാലിനും മകൾക്കും വിഷബാധയുണ്ടായിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കപ്പെടുകയും അതിന്റെ തെളിവുകൾ ലഭിക്കുകയും ചെയ്തിരുന്നു. വിഷബാധയേൽപ്പിച്ചതിന് പുറകിൽ റഷ്യയാണെന്നും അതിന് പുട്ടിൻ വിശദീകരണം നൽകണമെന്നും തെരേസ താക്കീത് നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു പുട്ടിൻ.

ഈ വിഷയത്തിൽ ബ്രിട്ടൻ റഷ്യയ്ക്കെതിരെ പ്രകോപനപരമായ എന്തെങ്കിലും നീക്കങ്ങളോ നിലപാടുകളോ പുലർത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് റഷ്യൻ ഒഫീഷ്യലുകൾ മുന്നറിയിപ്പേകിയിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ മറുപടി പറയണമെന്ന യാതൊരു ബാധ്യതയും തങ്ങൾക്കില്ലെന്നും ഈ വിഷയത്തിൽ ജർമനി, ഫ്രാൻസ്, യുഎസ്എ്നീ രാജ്യങ്ങളുടെ പിന്തുണയോടെ ബ്രിട്ടൻ പുട്ടിന്റെ ഭരണകൂടത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണെന്നും റഷ്യ കടുത്ത ഭാഷയിൽ ആരോപിക്കുന്നു.

ഈ പ്രശ്നത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ പിന്തുണ ബ്രിട്ടൻ രേഖാമൂലം നേടി അധികം കഴിയുന്നതിന് മുമ്പാണ് റഷ്യ ബ്രിട്ടനെതിരെ കടുത്ത ഭീഷണിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ അർധരാത്രിക്ക് മുമ്പ് മറുപടി പറയണമെന്ന തെരേസയുടെ ആവശ്യം പരിഗണിക്കുന്നതിന് മുമ്പ് സ്‌ക്രിപാലിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത വിഷവസ്തുവിന്റെ സാമ്പിൾ തങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ബ്രിട്ടന് അതിനോട് സഹകരിക്കുന്നില്ലെന്നുമാണ് ക്രെംലിൻ വക്താവ് മരിയ സഖറോവ പ്രതികരിച്ചിരിക്കുന്നത്.

മിലിട്ടറി - ഗ്രേഡ് നെർവ് ഏജന്റായ നോവിചോക്ക് ഉപയോഗിച്ചാണ് സ്‌ക്രിപാനിലെയും മകൾ യുലിലയെയും വിഷബാധയേൽപ്പിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിരിക്കുന്നതിനാൽ ഇതിന് പുറകിൽ രണ്ട് സാധ്യതകളാണുള്ളതെന്നാണ് തിങ്കളാഴ്ച തെരേസ വിശദീകരിച്ചത്. അതിലൊന്ന് റഷ്യയാണ് ഈ വധശ്രമത്തിന് പുറകിലെന്നതാണ് ഇതിൽ ഒന്നാമത്തെ സാധ്യത. സൈനിക പ്രാധാന്യമുള്ള ഇത്തരം വിഷവസ്തുക്കളുടെ നിയന്ത്രണം മോസ്‌കോയ്ക്ക് നഷ്ടപ്പെട്ടുവെന്നതാണ് രണ്ടാമത്തെ സാധ്യതയെന്നും തെരേസ എടുത്ത് കാട്ടിയിരുന്നു. ഇക്കാരണത്താൽ ഈ പ്രശ്നത്തിൽ റഷ്യ ബ്രിട്ടന് ഉത്തരമേകാൻ ബാധ്യസ്ഥരാണെന്നും അതുടൻ ലഭിക്കണമെന്നമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി മോസ്‌കോയോട് കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടിരുന്നത്.

റഷ്യൻ ടിവിയായ റഷ്യ ടുഡേ ബ്രിട്ടനെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകൾ ഇനിയും കൊടുത്താൽ ബ്രിട്ടനിൽ സംപ്രേഷണം തുടരുന്നതിനുള്ള അതിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഓഫ്കോം മുന്നറിയിപ്പേകിയിട്ടുണ്ട്. എന്നാൽ അങ്ങനെ സംഭവിച്ചാൽ മുഴുവൻ ബ്രിട്ടീഷ് ജേർണലിസ്റ്റുകളെയും പുറത്താക്കുമെന്നാണ് റഷ്യ ടുഡേ തിരിച്ചടിച്ചിരിക്കുന്നത്. സ്‌ക്രിപാലിനെയും മകളെയും വിഷബാധയേൽപ്പിച്ചതിന് പുറകിൽ ക്രെംലിനാണെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ റഷ്യടുഡേയുടെ ബ്രിട്ടനിലെ ലൈസൻസിന്റെ കാര്യത്തിൽ പുനരവലോകനം ഉണ്ടാവുമെന്ന് റെഗുലേറ്ററായ ഓഫ് കോം ഇന്നലെ ഒരു കത്തിലൂടെ റഷ്യ ടുഡേയെ അറിയിച്ചിരുന്നു. ഇതിനുള്ള പ്രതികരണമെന്നോണമാണ് ബ്രിട്ടീഷ് ജേർണലിസ്റ്റുകൾക്കെതിരെ റഷ്യൻ ചാനൽ ഭീഷണി മുഴക്കിയിരിക്കുന്നത്. സ്‌ക്രിപാലിന് വിഷബാധയേറ്റത് കാറിന്റെ ഹാൻഡിലിന് മുകളിൽ നിന്നാണെന്ന് സൂചന; 38 പേർക്ക് വിഷബാധയേറ്റെന്ന് റിപ്പോർട്ട്

മുൻ റഷ്യൻ ചാരൻ സ്‌ക്രിപാലിനും മകൾക്കും നെർവ് ഏജന്റിനാൽ വിഷബാധയേറ്റത് അദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാറിന്റെ ഹാൻഡിലിന് മുകളിൽ നിന്നാണെന്ന സൂചന ശക്തമായി. ഇതിനെ തുടർന്ന് പൊലീസ് അന്വേഷണം അദ്ദേഹത്തിന്റെ കാറിനെ കേന്ദ്രീകരിച്ച് ശക്തിപ്പെട്ടിട്ടുണ്ട്. വിഷം കാറിന്റെ ഹാൻഡിലിന് മേൽ പൂശുകയായിരുന്നുവെന്നും തുടർന്ന് അത് കൈകളിൽ പുരണ്ട് ഭക്ഷണത്തിലൂടെ ഉള്ളിലെത്തിയിരിക്കാമെന്നും അനുമാനിക്കപ്പെടുന്നുണ്ട്. സാലിസ്‌ബറിയിലെ സെയിൻസ്ബറി കാർ പാർക്കിൽ അവരുടെ കാർ ഉച്ചയ്ക്ക് 1.40ന് എത്തുന്നതിന് മുമ്പുള്ള 40 മിനുറ്റ് നേരം എന്താണ് സംഭവിച്ചതെന്ന കാര്യം അവ്യക്തമാണെന്നും ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ വെളിപ്പെടുത്തണമെന്നും കൗൺർ ടെററിസം പൊലീസ് ആവശ്യപ്പെട്ടിരുന്നു.