നാസിസത്തിനും ഹിറ്റ്ലർക്കും മേൽ തങ്ങൾ നേടിയ അന്തിമവിജയത്തിന്റെ 72ാം വാർഷികം റഷ്യ അതിഗംഭീരമായ സൈനിക പ്രദർശനത്തോടെ ആഘോഷിച്ചു. സിറിയയിലും കൊറിയയിലും അസ്വസ്ഥതകൾ വളരവെ ഈ അവസരം സൈന്യത്തിന്റെ കരുത്ത് കാട്ടാനായിരുന്നു റഷ്യ പ്രയോജനപ്പെടുത്തിയത്. ഇതോടനുബന്ധിച്ച് റെഡ് സ്‌ക്വയറിൽ പരേഡിനെത്തിയത് പതിനായിരത്തിലധികം സൈനികരാണ്. ഇത്തരത്തിൽ ലോകത്തെ നിമിഷം കൊണ്ട് ചാമ്പലാക്കാൻ കഴിയുന്ന ആധുനിക യുദ്ധോപകരണങ്ങളുടെ പ്രദർശനമായി മാറുകയായിരുന്നു റഷ്യൻ ഫ്രീഡം പരേഡ്.

ആര് നടത്തുന്നതും ഏത് തരത്തിലുള്ളതുമായ ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നാണ് ഈ പരേഡിലൂടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമെർ പുട്ടിൻ ലോകത്തിന് മുന്നറിയിപ്പേകിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറെ പരാജയപ്പെടുത്തിയത് ആഘോഷിക്കുന്നതിനായി റഷ്യയിൽ വർഷം തോറും ഈ പരേഡ് നടത്താറുണ്ടെങ്കിലും ഇപ്രാവശ്യത്തെ ചടങ്ങ് തങ്ങളുടെ അതിശക്തമായ അത്യന്താധുനിക യുദ്ധോപകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി മാറ്റുകയായിരുന്നു റഷ്യ. സൈനികരിൽ നിന്നും നേരിട്ട് സല്യൂട്ട് സ്വീകരിക്കുന്നതിനായി ഈ അവസരത്തിൽ സാക്ഷാൽ പുട്ടിൻ തന്നെ സന്നിഹിതനായിരുന്നുവെന്നതും ചടങ്ങിന് ഗൗരവമേകി.

10,000 സൈനികർക്ക് പുറമെ 114 മിലിട്ടറി എക്യുപ്മെന്റ് യൂണിറ്റുകളും പരേഡിൽ അണിനിരന്നിരുന്നു. ടോർ ആൻഡ് പാന്റ്സിൽ മൊബൈൽ സർഫേസ്-ടു-എയർ മിസൈലിന്റെ ആദ്യപ്രദർശനത്തിനുള്ള വേദിയായി പരേഡി് മാറിയിരുന്നു. റഷ്യയുടെ ആർട്ടിക്ക് ഫോഴ്സിന് ഉപയോഗിക്കാനാണിത് പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. ഏത് തരത്തിലുള്ള സൈനിക ആക്രമണത്തെയും ചെറുക്കാൻ റഷ്യയുടെ സായുധ സേനയ്ക്ക് കരുത്തുണ്ടെന്നാണ് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പുട്ടിൻ പ്രഖ്യാപിച്ചത്. സൈനിക പരേഡിനോടനുബന്ധിച്ച് നല്ല സൂര്യപ്രകാശവും തെളിച്ചവുണ്ടാകാൻ റഷ്യ 1.3 മില്യൺ പൗണ്ട് ചെലവഴിച്ച് കെമിക്കൽ കോക്ക്ടെയിലിലൂടെ മേഘങ്ങളെ തിരിച്ച് വിട്ടിരുന്നുവെങ്കിലും പ്രതികൂലമായ കാലാവസ്ഥ കാരണം 72 എയർക്രാഫ്റ്റ് ഓവർഹെഡുകൾ പറത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

പരേഡിനിടെ മഴ പെയ്യുന്നതിനെ പ്രതിരോധിക്കാൻ റഷ്യയുടെ വെതർ ചേയ്ഞ്ചിങ് ടെക്നോളജിയിലൂടെ സാധിച്ചിരുന്നു. എന്നാൽ കനത്ത മേഘങ്ങളെ പൂർണമായും തിരിച്ച് വിടാൻ സാധിക്കാത്തതിനാൽ സായുധ വാഹനങ്ങളും മിസൈൽ സിസ്റ്റവും പ്രദർശിപ്പിക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. ഇതിനെ തുടർന്ന് സിറിയയിലെ വ്യോമാക്രണത്തിന് അടുത്തിടെ റഷ്യ ഉപയോഗിച്ചിരുന്ന സുഖോയ് സു -30എസ്എം ഫൈറ്റർ ജെറ്റുകളുടെ അഭ്യാസ പ്രദർശനവും പരേഡിനോട് അനുബന്ധിച്ച് നടത്താൻ സാധിച്ചിരുന്നില്ല. ഈ വിക്ടറി ഡേ മാർച്ച് റഷ്യയിലെ പുതിയ മിലിട്ടറൈസ്ഡ് പാട്രിയോട്ടിക് പ്രസ്ഥനമായ യുനാർമിയയിലെ സ്‌കൂൾ കുട്ടികൾക്ക് വേണ്ടിയായിരുന്നു നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. 30,000 പേരടങ്ങിയ പുട്ടിന്റെ പുതിയ യൂത്ത് ആർമിയുടെ പേരാണിത്. ഡിഫെൻസ് മിനിസ്ട്രിയാണിതിന് രൂപം കൊടുത്തിരിക്കുന്നത്.

റഷ്യ പുതിയതായി വികസിപ്പിച്ചെടുത്ത ടോർ-എം2ഡിടി ഷോർട്ട് റേഞ്ച് ആന്റി എയർക്രാഫ്റ്റ് മിസൈ സിസ്റ്റം, പാന്റ്സിർ-എസ്എ സർഫേസ് ടു എയർ മിസൈൽ സിസ്റ്റം, ടി 72 ബാറ്റിൽ ടാങ്ക്, തുടങ്ങിയ നിരവധി യുദ്ധ സാമഗ്രികൾ പരേഡിൽ അണി നിരന്നിരുന്നു. നാസികളുടെ ആക്രമണത്തിൽ മരിച്ച 27 മില്യൺ സോവിയറ്റ് സൈനികർ, സിവിലിയന്മാർ എന്നിവർക്ക് ഈ ദിവസത്തിൽ റഷ്യ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധം യൂറോപ്പിൽ അവസാനിച്ചതിന്റെ 72ാം വാർഷികം കൂടിയാണിത്. 10,000ത്തിൽ അധികം പേർ സ്റ്റാലിന്റെയും മറ്റും ചിത്രങ്ങളുമായി ഈ അവസരത്തിൽ ഉക്രയിനിലെ റിലബലുകളുടെ പ്രഖ്യാപിത തലസ്ഥാനമായ ഡോനെട്സ്‌കിൽ ഇന്നലെ എത്തിയിരുന്നു.