- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയിൽ മഴപെയ്താൽ ഇന്നും കേരളത്തിൽ കുട പിടിക്കും! 'റഷ്യൻ സുരക്ഷയും, ഒപ്പം യുക്രൈനെ നാറ്റോയിൽ ഉൾപ്പെടുത്തരുതെന്ന വാദവും നീതിപൂർവ്വകമാണെന്ന്' സിപിഎം പോളിറ്റ്ബ്യൂറോ; ഓർമ്മിപ്പിക്കുന്നത് ചൈനാ യുദ്ധകാലത്തെ നിലപാട്; നാണകെട്ട പ്രസ്താവനയ്ക്കെതിരെ ഇടത് അണികളിൽനിന്നും പ്രതിഷേധം
കോഴിക്കോട്: 62ൽ ചൈനാ യുദ്ധം നടക്കുമ്പോൾ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 'നാം നമ്മുടേതെന്നും അവർ അവരുടേതെന്നും പറയുന്ന ഭൂമി'യെന്ന പ്രസ്താവനയുടെ ക്ഷീണം ഇനിയും സിപിഎമ്മിന് തീർന്നിട്ടില്ല. ശത്രുക്കൾ രാജ്യത്തെ ആക്രമിക്കുമ്പോൾ പോലും കമ്യൂണിസ്റ്റുകാർക്ക് വലുത് അവരുടെ പ്രത്യയശാസ്ത്ര വിധേയത്വമാണെന്നത് എതിരാളികൾ വലിയ പ്രചാരണം ഉയർത്തിയ വിഷയമാണ്. ചൈനയിൽ ഭരിക്കുന്നത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയാണെന്നങ്കിലും കരുതാം. പക്ഷേ റഷ്യയിൽ ഇന്ന് വ്ളാദിമിർ പുടിൻ എന്ന കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനാണ് ഭരിക്കുന്നത്. എന്നിട്ടും പഴയ ഭൂതകാലക്കുളിരിൽ നിന്ന് തങ്ങൾക്ക് മോചനം കിട്ടിയിട്ടില്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിപിഎം പോളിറ്റ്ബ്യൂറോയുടെ പ്രസ്താവന തെളിയിക്കുന്നത്.
പ്രത്യേകിച്ച് യാതൊരു പ്രകോപനവും ഇല്ലാതെ, ഒരു സ്വതന്ത്രപരമാധികാര രാജ്യമായ യുക്രൈനെ നിർദാക്ഷിണ്യം ആക്രമിച്ച റഷ്യൻ നടപടി വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ്. ആ സമയത്ത് ഇതുസംബന്ധിച്ച പ്രസ്താവനയിൽ സിപിഎം പിബി ഇങ്ങനെ പറയുന്നു. '' ഉക്രയ്‌നെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം റഷ്യൻ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കൻ യൂറോപ്യൻ അതിർത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈൽ സംവിധാനവും റഷ്യൻ സുരക്ഷയെ വലിയ തോതിൽ ബാധിക്കുന്നു. അതിനാൽ തന്നെ റഷ്യൻ സുരക്ഷയും, ഒപ്പം ഉക്രയ്‌നെ നാറ്റോയിൽ ഉൾപ്പെടുത്തരുതെന്ന വാദവും നീതിപൂർവ്വകമാണ്. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കൻ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായിരുന്നു.
അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതൽ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു.''
അതായത് ഒരു സ്വതന്ത്രപരമാധികാര രാജ്യമായ യുക്രെയിൽ ഏത് സഖ്യത്തിൽ ചേരണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണെന്ന പുടിന്റെ വാദം പരോക്ഷമായി സിപിഎമ്മും അംഗീകരിക്കുന്നു. പുടിൻ പറഞ്ഞ കള്ളം സിപിഎമ്മും ആവർത്തിക്കുന്നുണ്ട്. കാരണം, നാറ്റോ സഖ്യം കിഴക്കൻ മേഖലിയിലേക്ക് നീങ്ങില്ലെന്ന് യുഎസ്, റഷ്യക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഈ പ്രസ്താവനയിലും പറയുന്നു. എന്നാൽ തങ്ങൾ അങ്ങനെ ഒരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് നാറ്റോ പറയുന്നത്. മാത്രമല്ല നേരത്തെ സോവിയറ്റ് യൂണിയനിൽ അംഗങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ന് നാറ്റോസഖ്യത്തിലുമാണ്. ഈ വിഷയങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ ചർച്ചയാവുന്നുണ്ട്.
റഷ്യയിൽ മഴപെയ്താൽ കുട കേരളത്തിൽ!
റഷ്യയിൽ മഴപെയ്താൽ കേരളത്തിൽ കുടപിടിക്കുന്നവർ എന്നായിരുന്നു ഒരു കാലത്ത് സിപിഎമ്മുകാരെക്കുറിച്ചുള്ള പരിഹാസം. മധുരമനോഞ്ജ ചൈനയെപ്പോലെ റഷ്യയും അവരുടെ സ്വർഗരാജ്യം ആയിരുന്നു. രണ്ടാംലോക മഹായുദ്ധത്തെ, റഷ്യ അതിൽ ഉൾപ്പെടുന്നതുവരെ സാമ്രാജ്വത്വ ശക്തികളുടെ യുദ്ധമായാണ്, ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ വിലയിരുത്തിയത്. റഷ്യയെ ഹിറ്റ്ലർ ആക്രമിച്ചതോടെ അത് വിശുദ്ധയുദ്ധമായി മാറി. അതുപോലെ ഒരോ ലോക കാര്യത്തിലും റഷ്യ എന്തുപറയുന്നു എന്ന് നോക്കിയാണ് അവർ നിലപാട് എടുക്കാറുള്ളത്.
പക്ഷേ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക്ശേഷം ഇന്ന് റഷ്യയിൽ വന്ന പുടിൻ ഭരണകൂടം കമ്യൂണിസത്തെ ഒരു ശത്രുവായിപ്പോലും കാണക്കാക്കുന്നില്ല. ചത്തനിതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മോഡലിലാണ് ഗെന്നഡി സുഖാനോവ് നേതൃത്വം കൊടുക്കുന്ന റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ. ദൈവവിശ്വാസത്തെപോലും അവർ അംഗീകരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലായി വന്ന റിപ്പോർട്ട്. പുടിനാവാട്ടെ, കുറച്ച് കമ്യൂണിസ്റ്റുകാർ നാട്ടിൽ ഉള്ളത്, അവർ പണ്ട് ചെത്ത് കൂട്ടിയ കാര്യങ്ങൾ ജനങ്ങൾക്ക് ഓർമ്മവരുന്നതിന് നല്ലയാണെന്ന അഭിപ്രായക്കാരനാണ്. അതുകൊണ്ടാണ് പുടിൻ അവരെ ഉന്മൂലനം ചെയ്യാത്തതും.
എന്നാൽ സിപിഎം ഇപ്പോഴും പഴയ ആ 'സഹശയന സുഖ'ത്തിൽ അഭിരമിക്കയാണെന്ന് പുതിയ പ്രസ്താവന സൂചിപ്പിക്കുന്നു. മനുഷ്യത്വവും മാനവികതും ഉയർത്തിപ്പിടിക്കാനായി യുകൈയ്‌രിൽ ആക്രമണത്തെ ശക്തമായ അപലപിക്കുന്നതിന് പകരം, ബാലൻസ് ചെയ്യുകയാണോ വേണ്ടത് എന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
സിപിഎമ്മിന് ട്രോളോടു ട്രോൾ
പുതിയ പ്രസ്താവനയുടെ പേരിൽ എതിരാളികളിൽനിന്ന് മാത്രമല്ല, ലെഫ്റ്റ് പ്രൊഫൈലുകളിൽനിന്നും സിപിഎം വിമർശനം നേരിടുകയാണ്. ''നാറ്റോയിൽ ചേരുന്നവരെയൊക്കെ ആക്രമിക്കാൻ ലൈസൻസുണ്ടോ? ഇന്ത്യ നിൽക്കുന്ന അതേ ചേരിയിൽ പാക്കിസ്ഥാനോ, ശ്രീലങ്കയോ, ബംഗ്ലാദേശോ നിന്നില്ലെങ്കിൽ നാം അവരെ ആക്രമിക്കുമോ''- സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്ന ചോദ്യം ഇതാണ്.
സിപിഎം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്- ഉക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി നിർഭാഗ്യകരമാണ്. യുദ്ധം ഉടൻ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രയ്‌നെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം റഷ്യൻ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കൻ യൂറോപ്യൻ അതിർത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈൽ സംവിധാനവും റഷ്യൻ സുരക്ഷയെ വലിയ തോതിൽ ബാധിക്കുന്നു. അതിനാൽ തന്നെ റഷ്യൻ സുരക്ഷയും, ഒപ്പം ഉക്രയ്‌നെ നാറ്റോയിൽ ഉൾപ്പെടുത്തരുതെന്ന വാദവും നീതിപൂർവ്വകമാണ്. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കൻ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായിരുന്നു.
അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതൽ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കൻ ഉക്രയ്‌നിലെ ഡോൺബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചാൽ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. ഉക്രയ്‌നിലെ വിദ്യാർത്ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയിൽ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.