മലപ്പുറം: ഉക്രയ്നിലെ ചെർണോബിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥിയും 179 സഹപാഠികളും റൊമാനിയൻ അതിർത്തിയിൽ സുക്ഷിതർ. മലപ്പുറം വണ്ടൂർ സ്വദേശി ബാസിത്ത് അഹമ്മദും 179 സഹപാഠികളും റൊമാനിയൻ അതിർത്തിയായ സീററ്റിൽ സുരക്ഷിതർ. ഇന്ത്യൻ എംബസി ഒരുക്കിയ ക്യാമ്പിലാണ് ഇവർ. ചെർണോബിൽ നാഷണൽ യൂണിവേഴ്സിറ്റിയിലെ മൂന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായ ബാസിത് കോക്കാടൻകുന്നിൽ മുക്കണ്ണൻ ഉബൈദുള്ള- ഷാഹിനാസ് ദമ്പതികളുടെ മകനാണ്.

യുദ്ധം ആരംഭിക്കുംമുമ്പ് ഇന്ത്യയിലേക്ക് പോരാൻ തുടങ്ങിയതാണ് എല്ലാവരും. എന്നാൽ ചെർണോബിൽ നാഷണൽ യൂണിവേഴ്സിറ്റി അധികൃതർ സമ്മതിച്ചില്ല. അറുപത്തിയഞ്ച് മലയാളി വിദ്യാർത്ഥികൾ ക്യാമ്പിലുണ്ട്. നാൽപ്പത്തിയെട്ട് കിലോമീറ്റർ അകലെ വിമാനത്താവളമുണ്ട്. അവിടെനിന്ന് ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്തിൽ രണ്ടുദിവസത്തിനകം വരാനാകുമെന്നാണ് കരുതുന്നതെന്ന് മകൻ അറിയിച്ചതായും ഉബൈദുള്ള പറഞ്ഞു.സീററ്റിന് 20 കിലോമീറ്റർ അകലെ ഇറക്കിവിടുകയായിരുന്നുവെന്നും നടന്നാണ് റൊമാനിയൻ അതിർത്തിയിലെത്തിയതെന്നും ബാസിത്ത് അറിയിച്ചതായി ഉപ്പ ഉബൈദുള്ള പറഞ്ഞു.

ഇതുവരെ 18,000 ഇന്ത്യൻ പൗരന്മാർ യുക്രെയ്ൻ വിട്ടുവെന്നു വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. 6,400 ഇന്ത്യക്കാരെ യുക്രെയ്‌നിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഇതുവരെ 30 വിമാനങ്ങൾ സർവീസ് നടത്തി. അടുത്ത 24 മണിക്കൂറിനിടെ 18 വിമാനങ്ങൾ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കും. കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. അടുത്ത 2-3 ദിവസത്തിനുള്ളിൽ ധാരാളം ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങിയെത്തും. യുക്രെയ്‌നിന്റെ പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു.

തുടക്കത്തിൽ 20,000 ഇന്ത്യൻ പൗരന്മാർ റജിസ്‌ട്രേഷൻ നടത്തിയെങ്കിലും രജിസ്റ്റർ ചെയ്യാത്തവർ നിരവധിയാണ്. നൂറുകണക്കിന് പൗരന്മാർ ഇപ്പോഴും ഹർകിവിൽ ഉണ്ടെന്നു കണക്കാക്കുന്നു. സാധ്യമായ ഏതു ഗതാഗത മാർഗത്തിലൂടെയും വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണു മുൻഗണന.

എല്ലാ രാജ്യങ്ങളുമായും പ്രത്യേകിച്ച് യുക്രെയ്ൻ, റഷ്യ എന്നിവയുമായും വിവിധ തലങ്ങളിൽ ബന്ധപ്പെടുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. തിങ്കളാഴ്ച കീവിലെ ഇന്ത്യൻ എംബസിയുടെ ഒരു പ്രധാന ഭാഗം ലിവിവിലേക്ക് മാറ്റേണ്ടി വന്നു. എംബസി പൂട്ടിയിട്ടില്ലെന്നും പൂർണമായും പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.