ഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും(66) മകൾ യുലിയ സ്‌ക്രിപാലിനും(33) പൊലീസുകാരനും വിഷബാധയേറ്റതിന് പുറകിൽ റഷ്യൻ രഹസ്യപ്പൊലീസാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.റഷ്യൻ രഹസ്യപ്പൊലീസ് ബ്രിട്ടീഷ് മണ്ണിൽ അതീവ രഹസ്യമായി എത്തുകയും ആരുമറിയാതെ ഇവർക്ക് മാരകവിഷം നൽകുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സാലിസ്‌ബറിയിലെ റസ്റ്റോറന്റിൽ വച്ചാണ് ഇവർക്ക് വിഷബാധയേറ്റതെന്നായിരുന്നു ഇതുവരെയുള്ള അനുമാനം. എന്നാൽ ഞായറാഴ്ച ഇവർ ഈ റസ്റ്റോറന്റിന് അടുത്തുള്ള വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് വീട്ടിൽ വച്ചായിരിക്കാം വിഷബാധയുണ്ടായതെന്നാണ് പൊലീസ് ഇപ്പോൾ നിഗമനത്തിലെത്തിയിരിക്കുന്നത്. തൽഫലമായി അത് തെളിയിക്കുന്നതിനുള്ള തിരുതകൃതിയായ അന്വേഷണമാണ് പൊലീസ് ഇപ്പോൾ നടത്തി വരുന്നത്. നിലവിൽ ആശുപത്രിയിൽ തുടരുന്ന മൂവരും കോമയിൽ തന്നെയാണ്. ഇവരെ കൂടാതെ മറ്റ് 21 പേരെ കൂടി വിഷാംശം ഏറ്റതിനെ തുടർന്ന് ആശുപത്രിയിലാക്കിയിട്ടുണ്ട്.

ഇവിടെ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സ്‌ക്രിപാലിനെയും മകളെയും കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സലിസ്‌ബറി സിറ്റി സെന്ററിലെ ബെഞ്ചിന് മുകളിൽ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആശുപത്രിയിലെത്തിച്ചിരുന്നത്. ഡിറ്റെക്ടീവ് സെർജന്റായ നിക്ക് ബെയ്‌ലെയാണ് ഇവർക്കൊപ്പം വിഷബാധയേറ്റ് ആശുപത്രിയിലായ പൊലീസുകാരൻ. മരണം വിതയ്ക്കാൻ ശേഷിയുള്ള നെർവ് ഏജന്റ് എന്ന കൊടുംവിഷമാണ് ഇവർക്ക് ഭക്ഷണത്തിൽ കലർത്തി നൽകിയിരിക്കുന്നത്. റസ്‌റ്റോറന്റിൽ നിന്നും വെറും 150 യാർഡുകൾ അകലെയുള്ള സ്‌ക്രിപാലിന്റെ വീടും ബുധനാഴ്ച പൊലീസ് സംരക്ഷണത്തിലാക്കിയിട്ടുണ്ട്.

സ്‌ക്രിപാലിനും മകൾക്കും റസ്റ്റോറന്റിൽ വച്ച് വിഷബാധയേറ്റുവെന്നറിഞ്ഞ് അവിടേക്ക് ഓടിയെത്തിയവരിൽ ഉൾപ്പെടുന്ന ആളാണ് വിഷബാധയേറ്റിരിക്കുന്ന ബെയ്‌ലെ. നെർവ് ഏജന്റുമായി സമ്പർക്കമുണ്ടായതിനെ തുടർന്നാണ് അദ്ദേഹവും ആശുപത്രയിലായിരിക്കുന്നത്. ഇതിന് മുമ്പ് 10 പേർ ആശുപത്രിയിലായിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ അവരുടെ എണ്ണം 21 ആയി വർധിച്ചുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ഈ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സലിസ്‌ബറിയിലെ വിവിധ പ്രദേശങ്ങൾ സീൽ ചെയ്തിട്ടുണ്ട്. എവിടെ വച്ചാണ് സ്‌ക്രിപാലിനും മകൾക്കും വിഷബാധയുണ്ടായിരിക്കുന്നതെന്ന് പൊലീസിന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

റഷ്യൻ ഏജന്റുമാരെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ എഐ6ന് കൈമാറിയതിന്റെ പേരിൽ സ്‌ക്രിപാലിനെതിരെ മുൻ റഷ്യൻ സഹപ്രവർത്തകർ നീക്കം നടത്തുന്നുവെന്ന ഭീഷണി നേരത്തെ തന്നെ ശക്തമായിരുന്നു. അതിനാൽ ഇപ്പോഴത്തെ വിഷബാധയ്ക്ക് പുറകിൽ അവരുടെ കൈകളാണെന്ന സംശയവും നേരത്തെ തന്നെ ബലപ്പെട്ടിരുന്നു.റഷ്യൻ വിവരങ്ങൾ ബ്രിട്ടന് ചോർത്തി നൽകിയതിനെ തുടർന്ന് 13 വർഷത്തേക്ക് റഷ്യ തടവിലിട്ട വ്യക്തിയാണ് ഇദ്ദേഹം. എന്നാാൽ ശിക്ഷ പൂർത്തിയാകുന്നതിന് മുമ്പ് അന്താരാഷ്ട്രതലത്തിൽ ഒപ്പ് വയ്ക്കപ്പെട്ട ഡീലിന്റെ ബലത്തിൽ ഇദ്ദേഹത്തിന് പപുറത്തിറങ്ങാൻ സാധിക്കുകയായിരുന്നു. തുടർന്ന് വിൽറ്റ്‌ഷെയറിൽ വീട് നൽകി സ്‌ക്രിപാലിന് ബ്രിട്ടൻ അഭയമേകുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഒടുവിൽ റഷ്യ അതിന് പകരം വീട്ടിയിരിക്കുകയാണെന്ന ആശങ്കയാണ് ശക്തമാകുന്നത്.