പ്രായമേറി വരുന്നത് ആർക്കും അത്ര സുഖിക്കാത്ത ഒരു കാര്യമാണ്. നിത്യയൗവ്വനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. മനുഷ്യരിൽ പ്രായമേറി വരുന്ന പ്രക്രിയയെ തടയുന്ന ഒരു മരുന്ന് ഉടൻ യാഥാർത്ഥ്യമായേക്കും.

ഇതിനായി കണ്ടെത്തിയ ഒരു ഗുളിക റഷ്യൻ ശാസ്ത്രജ്ഞർ എലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും പരീക്ഷിച്ചു വരികയാണ്. ഈ ഗുളിക മനുഷ്യരുടെ ശരാശരി ആയുസ്സ് 120 വർഷം വരെ ആക്കി വർധിപ്പിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ച ഗവേഷണം പുരോഗമിക്കുന്നത്.

പ്രായമേറൽ രോഗങ്ങളിലധികവും വികസിച്ചു വരുന്നത് വളരെ സാവധാനത്തിലാണെന്ന് ഗവേഷകനായ ഡോക്ടർ മാക്‌സിം സ്‌കുലഷേവ് പറയുന്നു. പ്രായമേറൽ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന കോശങ്ങളിലെ ഊർജ്ജോൽപ്പാദന ഭാഗങ്ങളായ സുക്ഷ്മ കണികകളെ സ്വാധീനിക്കുന്ന പുതിയ തരം ആന്റി ഓക്‌സിഡന്റുകളാണ് ഗവേഷകർ ഉപയോഗിക്കുന്നത്.

ഈ സൂക്ഷമകണികകളാണ് ഹൃദയാഘാതമുണ്ടാക്കുന്നതും അൾഷയ്‌മേഴ്‌സ്, പാർകിൻസൺസ് പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ആയുഷ്‌കാലം 120 വർഷമായി ഉയർത്തുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള മരുന്ന് സാങ്കേതികമായി സാധ്യമാണെന്ന് അദ്ദേഹം പറയുന്നു.

റഷ്യയിൽ നടന്ന പരീക്ഷണങ്ങൾ ആയുഷ്‌കാലത്തിൽ വളരെ വലിയ വർധനയ്‌ക്കൊന്നും വഴിതെളിയിച്ചിട്ടില്ല. 800 വർഷം വരെ മനുഷ്യൻ ജീവിക്കുമെന്നു പറയാനാവില്ല. ഒരു പക്ഷേ പുതിയ രോഗങ്ങൽ പലതും വന്നേക്കാം. പക്ഷേ പ്രായമേറൽ പ്രക്രിയയെ വൈകിപ്പിക്കാനാകുമെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയസ്സാകൽ പ്രക്രിയ നമുക്ക് കുറച്ചു വർഷത്തേക്കു കൂടി നീട്ടിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.