റോമാ സാമ്രാജ്യത്തിന്റെ നിലനിൽക്കുന്ന പ്രതീകമായ കൊളോസിയത്തിന് മുകളിൽ തന്റെ ഇനീഷ്യൽ എഴുതി വച്ച റഷ്യൻ വിനോദ സഞ്ചാരി വലയിലായി. പൗരാണിക സ്മാരകം സന്ദർശിക്കുന്നതിനിടെ അതിന് മുകളിൽ കൂർത്ത കല്ല് കൊണ്ട് ഇംഗ്ലീഷ് വലിയക്ഷരം കെ എന്നെഴുതി വച്ചതിനാണ് ഈ 42കാരൻ  പിടിക്കപ്പെട്ടിരിക്കുന്നതെന്ന് അൻസ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 20,000 യൂറോ പിഴയടക്കുന്നതിന് പുറമെ ഇയാളെ നാല് മാസത്തെ തടവിനും വിധിച്ചിട്ടുണ്ട്.

കൊളോസിയം വികൃതമാക്കാൻ ശ്രമിച്ചതിന് ശിക്ഷിക്കപ്പെടുന്ന ഈ വർഷത്തെ അഞ്ചാമത്തെ സന്ദർശകനാണിയാൾ. ഇതിന് മുമ്പ് ഓസ്‌ട്രേലിയക്കാരായ ഒരു അച്ഛനും മകനും കാനഡയിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള  രണ്ട് കൗമാരക്കാരും ഇതിന്റെ പേരിൽ ഈ വർഷം പിടിക്കപ്പെട്ടിരുന്നു.

കൊളോസിയവുമായി ബന്ധപ്പെട്ട നശീകരണപ്രവൃത്തി തടയാനായി അധികൃതർ അവിടെ സ്ഥാപിച്ചിരിക്കുന്ന സർവെയ്‌ലൻസ് ക്യാമറകളുടെയും സ്‌റ്റെപ്പപ്പ് വിഷ്വലുകളുടെയും ഓഡിയോ മുന്നറിയിപ്പുകളുടെയും എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നാണ് ദി റോമൻ ഡെയിലി സെക്കൻഡ് മെസ്സാജെറോ പറയുന്നത്. 48.5 മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന കൊളോസിയം  കാണാൻ വർഷം തോറും ആറ് ദശലക്ഷം പേരാണ് വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നത്. 2000 വർഷം മുമ്പ് പണിത പൗരാണികയുടെ പ്രതീകമാണ് കൊളോസിയം.