- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് തീരെ സുഖമില്ല....നാട്ടിലേക്ക് ട്രെയിനിൽ വന്നുകൊണ്ടിരിക്കുകയാണ്; ഒരുവർഷമായി കാണാതായ ഭർത്താവ് ഒടുവിൽ വിളിച്ചത് മൂന്നുമാസം മുമ്പ്; മണിക്കൂറുകൾ മാസങ്ങളായിട്ടും ആളെത്തിയില്ല; മലയാളി ഭർത്താവ് ജോസ് രാജിനായി വഴിക്കണ്ണുമായി പൂഞ്ഞാറിൽ റഷ്യക്കാരി സെറ്റ്ലാന
കോട്ടയം: മൂന്നുമാസങ്ങൾക്ക് മുമ്പായിരുന്നു അവസാനത്തെ കോൾ. തനിക്ക് തീരെ സുഖമില്ലെന്നും നാട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ ആണെന്നും പറഞ്ഞു. കാത്തിരുന്ന് മുഷിഞ്ഞതല്ലാതെ ഭർത്താവ് എത്തിയില്ല. ഒരു വർഷമായി കാണാതായ ഭർത്താവിനെ അന്വേഷിച്ച് വിഷമിക്കുകയാണ് റഷ്യൻ യുവതിയായ ശ്വേത എന്ന സെറ്റ്ലാന.
കഴിഞ്ഞ പത്ത് വർഷമായി കോട്ടയം ജില്ലയിലെ പൂഞ്ഞാറുകാരി ആയിട്ട്. ജോസ് രാജൻ ഈന്തും പ്ലാക്കൽ എന്ന വ്യക്തിയെ നിയമപരമായി വിവാഹം ചെയ്ത് ഇന്ത്യൻ പൗരത്വം നേടി സ്ഥിര താമസമാക്കിയിരിക്കുകയാണ് ശ്വേത. ഇവർ റഷ്യയിലെ മോസ്കോ സ്വദേശിനിയാണ്. 2012 മാർച്ച് 29 നാണ് ഇവർ പൂഞ്ഞാർ സ്വദേശിയായ ഈന്തും പ്ലാക്കൽ ജോസ് രാജിനെ പൂഞ്ഞാർ രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം കഴിക്കുന്നത്. തുടർന്ന് 75 വർഷം പഴക്കമുള്ള പൂഞ്ഞാർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈന്തുംപ്ലാക്കൽ തറവാട്ടിലായിരുന്നു താമസം.
സിവിൽ ഏവിയേഷനിൽ ബിരുദാനന്തര ബിരുദവും നേടി ഇന്ത്യാ സന്ദർശനത്തിനായി ഡൽഹിയിൽ എത്തിയതായിരുന്നു ഇവർ. ഡൽഹിയിൽ വച്ചാണ് മലയാളിയായ ജോസ് രാജുമായി പരിചയപ്പെടുന്നത്. പ്രണയം പടർന്ന് പന്തലിച്ചപ്പോൾ, കേരളത്തിന്റെ മരുമകളായി പുഞ്ഞാറിലെത്തി. ഏക മകളായിരുന്ന ശേത്വയുടെ മാതാപിതാക്കൾ ഇതിനോടകം മരണപ്പെട്ടു.സ്വന്തമായി റഷ്യയിൽ ഉണ്ടായിരുന്ന ചെറുവീട് ഏറെക്കുറെ തകർന്ന നിലയിലാണ് എന്നാണ് ഇവർ പറയുന്നത്.
യാത്രാ പ്രിയനായിരുന്ന ജോസ് രാജ് വിവാഹശേഷവും യാത്രകൾ പോകാറുണ്ടായിരുന്നു. എങ്കിലും രണ്ട് മാസത്തിൽ കൂടുതൽ തന്നെ വിട്ടിട്ട് മാറി നിൽക്കില്ലായിരുന്നു എന്നും എവിടെ പോയാലും എല്ലാ ദിവസവും ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും ഇവർ പറഞ്ഞു. അനൂപ് മേനോൻ എന്ന വ്യക്തിയോടൊപ്പമാണ് ജോസ് രാജ് അവസാനമായി യാത്ര പോയതെന്ന് ശ്വേത പറയുന്നു.
കാണാതായി ഒരു വർഷത്തിനിടയിൽ എല്ലാ മാസവും പല പ്രാവശ്യമായി തന്നെ ജോസ് രാജ് വിളിക്കാറുണ്ടായിരുന്നതായും ഇവർ പറയുന്നു. 2022 മെയ് മാസം മൂന്നിനാണ്് അവസാനമായി ജോസ് രാജ് തന്നെ വിളിച്ചതെന്നും തനിക്ക് തീരെ സുഖമില്ലാ എന്നും താൻ നാട്ടിലേയ്ക്ക് വരുവാനായി ട്രെയിനിലാണ് ഉള്ളതെന്നും ശ്വേതയോട് പറഞ്ഞു. ഭർത്താവ് മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെത്തും എന്ന് കരുതി കാത്തിരുന്ന ഇവർ പ്രതീക്ഷ നശിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലും കോട്ടയം എസ്പിക്കും പരാതി നൽകി.
അന്വേഷണത്തിൽ താനയിൽ ഒരു എടിഎമ്മി -ൽ നിന്ന് ഇദ്ദേഹം പണം പിൻ വലിച്ചതായി മനസ്സിലാക്കാൻ സാധിച്ചു. പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. ഇപ്പോൾ മൂന്ന് മാസമായി ഭർത്താവിനെ കുറിച്ച് യാതൊരു വിവരവും ഇവർക്ക് ലഭ്യമല്ല. ഓരോ പ്രാവശ്യവും ഇവരുടെ ഫോൺ ബെല്ലടിക്കുമ്പോൾ ജോസ് രാജ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ ഓടി പോയി ഫോൺ എടുക്കുന്നത്.
ഒരു രൂപയുടെ വരുമാനം പോലും ഇന്ന് ഇവർക്കില്ല. വീട്ട് വളപ്പിൽ നിറയെ റംബൂട്ടാൻ മരങ്ങളാണ്. മാസങ്ങളായി ഇവരുടെ ഭക്ഷണവും ഈ പഴങ്ങളും, കായ്കളും മാത്രമാണ്. ആരെങ്കിലും സഹായമായി നൽകുന്ന പണം ഉപയോഗിച്ച് വേണം മറ്റ് ആവശ്യങ്ങളും നടത്തുവാൻ. കൂട്ടിന് 28 ഓളം ആടുകളും, 8 ഓളം നായ്ക്കളും ഈ വീട്ടുവളപ്പിൽ കഴിയുന്നു. മക്കളില്ലാത്തതിന്റെ വിഷമം ഇവർ ഈ മിണ്ടാ പ്രാണികളെ സ്നേഹിച്ച് തീർക്കുന്നു. ആടുകളിൽ ഒന്നിനെ പോലും വിൽക്കാറില്ല.
തനിക്ക് എന്തെങ്കിലും സഹായം തന്റെ രാജ്യത്ത് നിന്ന് പോലും ലഭിക്കണമെങ്കിൽ തന്റെ അവസ്ഥ ആരെങ്കിലും പുറം ലോകത്ത് എത്തിക്കണം. പ്രതീക്ഷകൾ അസ്തമിക്കാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന. ഭർത്താവിനെ കണ്ടുകിട്ടാൻ ഹേബിയസ് കോർപസ് ഹർജി നൽകാൻ ഒരുങ്ങുകയാണ് ശ്വേത എന്ന സെറ്റ്ലാന
മറുനാടന് മലയാളി ബ്യൂറോ