മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ നില അതീവഗുരുതരം. വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇപ്പോൾ കോമയിലാണ് എന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ പ്രധാന എതിരാളിയാണ് 44-കാരനായ അലക്‌സി നവൽനി. നിലവിൽ വെന്റിലേറ്ററിലാണ് ഇദ്ദേഹം. സൈബീരിയിൻ പട്ടണമായ ടോംസ്‌കിൽനിന്ന് മോസ്‌കോയിലേക്കുള്ള യാത്രാമധ്യേ ഫ്‌ളൈറ്റിൽ വച്ചാണ് ഇദ്ദേഹത്തിന് വിഷബാധയുണ്ടായത്. കഴിഞ്ഞ വർഷം സമാനമായ ഒരു സംഭവം അദ്ദേഹത്തിനുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന സമയത്തും ഇദ്ദേഹത്തിന് വിഷബാധ ഏറ്റിരുന്നു.

നവൽനിക്ക് കടുത്ത വിഷബാധയേറ്റതിനെത്തുടർന്ന് വിമാനം സൈബീരിയയിലെ ഓംസ്‌കിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം കോമയിലാണ്. "നവൽനി ആ സമയം നന്നേ വിയർക്കുന്നുണ്ടായിരുന്നു. ബോധം മറയാതിരിക്കാൻ തന്നോട് സംസാരിച്ചുകൊണ്ടിരിക്കാനും നവൽനി ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം ശൗചാലയത്തിൽ പോവുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു." വക്താവ് കിര യാർമിഷ് പറഞ്ഞു.

ചായക്കൊപ്പം എന്തോ കലർത്തപ്പെട്ടുവെന്നാണ് അവർ സംശയിക്കുന്നത്. "രാവിലെ എണീറ്റതിനു ശേഷം അദ്ദേഹം ചായ മാത്രമേ കഴിച്ചിട്ടുള്ളൂ. അതിനാൽ തന്നെ ചായയിലൂടെയാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു." കിര പറയുന്നു. ചൂടുള്ള പദാർഥത്തിനൊപ്പം അകത്തുപോയതുകൊണ്ടുതന്നെ പെട്ടെന്നു തന്നെ വിഷാംശം ശരീരം ആഗിരണം ചെയ്യുകയായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നതെന്നും അവർ ട്വീറ്റ് ചെയ്തു. പുടിനെ രണ്ട് തവണ കൂടി അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഭരണഘടനാ പരിഷ്‌കാരങ്ങൾക്കെതിരേ നിരന്തരം ശബ്ദിക്കുന്ന വ്യക്തിയാണ് അലക്‌സി നവൽനി.

2011ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ പുടിന്റെ കക്ഷി, യുനൈറ്റഡ് റഷ്യ ഭൂരിപക്ഷം ഉറപ്പിച്ചതു കള്ളവോട്ടുകളിലൂടെയാണെന്ന് ആരോപിച്ച് നടത്തിയ സമരത്തോടെയായിരുന്നു റഷ്യൻ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്കുള്ള നവൽനിയുടെ ആഗമനം. പുടിൻ മൂന്നാം തവണയും പ്രസിഡൻറാകുന്നതിന് എതിരായ സമരമായി അതു തുടരുകയും ചെയ്തു.

അതിനുവേണ്ടി നവൽനിയുടെ സംഘടന മുഖ്യമായി കൂട്ടുപിടിച്ചതു സാമൂഹിക മാധ്യമങ്ങളെയാണ്. ഭരണതലത്തിൽ നടക്കുന്ന അഴിമതിയുടെ ഞെട്ടിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ചിത്രസഹിതം സാമൂഹികമാധ്യമങ്ങളിലൂടെ ജനമധ്യത്തിൽ എത്തിക്കാൻ അവർക്കു കഴിഞ്ഞു. പുടിന്റെ യുനൈറ്റഡ് റഷ്യ പാർട്ടിയെ അവർ കള്ളന്മാരുടെയും തട്ടിപ്പുകാരുടെയും കക്ഷിയെന്നു വിളിക്കുന്നു. പല തവണ നവൽനി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലാവുകയും ചെയ്തു. ക്രിമിനൽ കേസിൽ കുടുങ്ങിയതു കാരണം പാർലമെൻറിലേക്കോ പ്രസിഡൻറ് സ്ഥാനത്തേക്കോ മൽസരിക്കാനായില്ല.

പുടിൻ ഏറ്റവും ഭയപ്പെടുന്ന റഷ്യൻ നേതാവ് എന്നുപോലും ചില അമേരിക്കൻ പത്രങ്ങൾ വിശേഷിപ്പിച്ച നവൽനി കഴിഞ്ഞ  പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പുടിന്റെ മുഖ്യ എതിരാളിയായിരിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഒരു പണമിടപാടു കേസിൽ കോടതിയിൽ നിന്നുണ്ടായ ജയിൽശിക്ഷ അതിനു തടസ്സമായി. ഈ കേസ് പുടിന്റെ ഗവൺമെൻറ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നാണ് നവൽനി കുറ്റപ്പെടുത്തിയത്.