നുഷ്യൻ ശാസ്ത്രത്തിൽ ഏറെ മുന്നേറിയെങ്കിലും ചൊവ്വാഗ്രഹത്തിൽ വരെ സാന്നിധ്യമറിയിക്കാൻ സാധിച്ചെങ്കിലും മരണത്തെ അതിജീവിക്കുകയെന്നത് മനുഷ്യന് ഇന്നുമൊരു പ്രഹേളികയാണ്. അതിന് വേണ്ടിയുള്ള നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണമായും വിജയിക്കാനായിട്ടില്ല. അതിൽ വിജയിക്കുകയെന്നത് അസാധ്യമായ കാര്യവുമാണ്. ജീവനെ ഹനിക്കുന്ന രോഗങ്ങളെ പലവിധ മാർഗങ്ങളിലൂടെ അകറ്റി നിർത്തി പരമാവധി ആയുസ്സ് നീട്ടുകയെന്ന തന്ത്രമാണ് ശാസ്ത്രജ്ഞന്മാർ ഇപ്പോൾ പയറ്റുന്നത്.ഇപ്പോഴിതാ 3.5 മില്യൺ വർഷം പ്രായമുള്ള ബാക്ടീരിയ കുത്തി വച്ചതോടെ സർവ രോഗങ്ങളെയും അതിജീവിച്ചെന്ന അവകാശ വാദവുമായി ഒരു റഷ്യൻ ശാസ്ത്രജ്ഞൻ രംഗത്തെത്തിയിരിക്കുകയാണ്. ഇതിലൂടെ മരണത്തെ അതിജീവിക്കുന്ന മനുഷ്യരെയും നമുക്ക് കാണാനിടയാകുമോയെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.

മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജിയോെ്രെകയോളജി ഡിപ്പാർട്ട്‌മെന്റ് തലവനായ അനത്തോളി ബ്രൗച്‌കോവാണ് ഈ പരീക്ഷണത്തിന് സ്വന്തം ശരീരം വിധേയമാക്കിയിരിക്കുന്നത്. സൈബിരിയൻ പെർമഫ്രോസ്റ്റിൽ 35 മില്യൺ വർഷങ്ങളായി ജീവിച്ചിരിക്കുന്ന ബാക്ടീരിയകളായ ബാസിലസ് എഫ് ആണ് അദ്ദേഹം സ്വയം കുത്തി വച്ചിരിക്കുന്നത്. അതിന് ശേഷം തനിക്ക് രോഗങ്ങളോ മറ്റ് വിഷമാവസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.ഇതിന് മുമ്പ് ശാസ്ത്രജ്ഞന്മാർ ഇത്തരം ബാക്ടീരിയകളെ ചുണ്ടെലികളിലും മനുഷ്യരുടെ ബ്ലഡ് സെല്ലുകളിലും പരീക്ഷിച്ചിരുന്നു. എന്നാൽ താൻ ഈ പരീക്ഷണത്തിന് ഒരു ഗിനിപന്നിയാകാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ബ്രൗച്‌കോവ് പറയുന്നത്. ഈ പരീക്ഷണം താൻ കുറച്ച് കാലമായി ആരംഭിച്ചിട്ടെന്നും തനിക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളായി ജലദോഷമോ പനിയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ദി സൈബീരിയൻ ടൈംസിനോട് വെളിപ്പെടുത്തി. ചുണ്ടെലികളിലും പഴത്തിലെ ഈച്ചകളിലും ഈ ബാക്ടീരിയകളെ വിജയകരമായി പരീക്ഷിച്ച ശേഷം സ്വയം പരീക്ഷണവസ്തുവാകാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൈബീരിയൻ പ്രദേശത്തെ ജലത്തിലും വായുവിലും ഈ ബാക്ടീരിയ വൻ തോതിൽ അടങ്ങിയിട്ടുണ്ടെന്നും ഇവിടുത്തെ യുകുട്ട് ജനതയുടെ ശരീരത്തിലേക്ക് ജലത്തിലൂടെയും മറ്റും ഇത്തരം ബാക്ടീരിയ ധാരാളമായി എത്തുന്നതിനാൽ അവർക്ക് മറ്റുള്ള രാജ്യങ്ങളിലുള്ളവരേക്കാൾ ആയുസുണ്ടെന്നും അദ്ദേഹം പറയുന്നു. അതിനാൽ അത്തരം ബാക്ടീരിയകൾ തനിക്ക് ദോഷം ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.എന്നാൽ ബാക്ടീരിയ തനിക്ക് എന്ത് ഗുണമാണുണ്ടാക്കുകയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആസ്പിരിൻ നമ്മുടെ ശരീരത്തിന് എന്ത് ഫലമാണുണ്ടാക്കുകയെന്നറിയാത്തത് പോലെ ഈ ബാക്ടീരിയകൾ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ഫലത്തെക്കുറിച്ചറിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ ഇതിലൂടെയുള്ള ഫലങ്ങൾ ദൃശ്യമാകുമെന്നും അദ്ദേഹം പറയുന്നു. ഇവ ചില പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ അത് തിരിച്ചറിയാൻ ചില പ്രത്യേക മെഡിക്കൽ ഉപകരണങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

ഈ ബാക്ടീരിയകൾ ഇത്രയും ദീർഘകാലം ജീവിച്ചിരിക്കുന്നതിന്റെ രഹസ്യം കണ്ടെത്താനായാൽ അതിലൂടെ നമ്മുടെ ആയുസും പരമാവധി നീട്ടാനാവുമെന്നാണ് ബ്രൗച്‌കോവ് പറയുന്നത്. ഈ ബാക്ടീരിയ പ്രത്യുൽപാദന കഴിവ് വർധിപ്പിക്കുമെന്ന് എലികളിൽ നടത്തിയ പരീക്ഷണത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. അത് അത്ഭുതകരമായ കണ്ടുപിടിത്തമാണെന്നും അത് കുത്തി വയ്ക്കുന്ന മൃഗങ്ങളുടെ രോഗപ്രതിരോധശേഷി വർധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് യകുട്‌സ്‌ക് എപിഡെമിയൊളൊജിസ്റ്റായ ഡോ. വിക്ടർ ചെർണിയവ്‌സ്‌കി പറയുന്നത്. 2009ൽ ബ്ര ബ്രൗച്‌കോവ് തന്നെയാണീ ബാക്ടീരിയകളെ കണ്ടെത്തിയിരുന്നത്.

സൈബീരിയയിലെ സാഖ റിപ്പബ്ലിക്കിലെ മാമത്ത് പർവത പ്രദേശത്തുള്ള പുരാതന പെർമഫ്രോസ്റ്റിലാണിവയെ കണ്ടെത്തിയത്. പെർമഫ്രോസ്റ്റിൽ കാണപ്പെട്ട ഒരു പുരാതന മാമത്തിന്റെ തലയോട്ടിയിൽ നിന്നും ഇതേ ബാക്ടീരിയയെ സൈബീരിയൻ ശാസ്ത്രജ്ഞനായ വ്‌ലാദിമർ റെപിൻ കണ്ടെടുത്തിരുന്നു. ഈ ബാക്ടീരിയയെ മനുഷ്യരിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തി പ്രതിരോധ ശേഷിയും ആയുസും പരമാവധി വർധിപ്പിക്കാമെന്നാണ് ശാസ്ത്രജ്ഞന്മാർ ഉറച്ച് വിശ്വസിക്കുന്നത്. അതിലൂടെ അമരത്വമെന്ന അടങ്ങാത്ത ആഗ്രഹം ഒരു പരിധിവരെയെങ്കിലും പ്രാവർത്തികമാക്കാനാകുമോയെന്ന അന്വേഷണത്തിലാണ് ഗവേഷകർ.