കൊച്ചി: എസ്.ആർ.വി സ്‌കൂളിന്റെ 175-ാം വാർഷികവും ആഗോള സംഗമവും (ഈ മാസം) 20-ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. 1845-ൽ കൊച്ചി മഹാരാജാവ് രാജാസ് സ്‌കൂൾ എന്ന പേരിൽ ഇന്നത്തെ മഹാരാജാസ് കോളേജ് ക്യാപംസിൽ ആരംഭിച്ചതാണ് ശ്രീ രാമ വർമ ഹയർ സെക്കൻഡറി (എസ്.ആർ.വി) സ്‌കൂൾ. സ്‌കൂളിൽ പ്രവർത്തിക്കുന്ന ഓൾഡ് സ്റ്റുഡൻസ് അസ്സോസിയേഷന്റെ (ഒ.എസ്.എ) നേതൃത്വത്തിലാണ് ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷവും ഗ്ലോബൽ മീറ്റും നടക്കുക. ലോകത്തിന്റെ നാനാഭാഗത്തുമുള്ള പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരൽ കൂടിയാണ് ഗ്ലോബൽ മീറ്റ് 2020.

ഗ്ലോബൽ മീറ്റും 175-ാം വാർഷികാഘോഷവും 20,21,22 തിയതികളിൽ വൈറ്റില സിൽവർസാന്റ് ഐലന്റിലുള്ള ആസാദി കോളേജിലെ കൂത്തമ്പലത്തിലായിരിക്കും. 20-ന് രാവിലെ 10-ന് എസ്.ആർ.വി സ്‌കൂളിൽ പ്രൊഫ. എം.കെ.സാനു പതാക ഉയർത്തുന്നതോടെ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും.

അന്നേ ദിവസത്തെ (20.12.2020) ഗ്ലോബൽ മീറ്റിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. ബിനോയി വിശ്വം എംപി, ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎ‍ൽഎ, ജില്ലാ കളക്ടർ എസ്. സുഹാസ് ഐ.എ.എസ് എന്നിവരും സംബന്ധിക്കും.

21-ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പൂർവ്വ വിദ്യാർത്ഥിയും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗൻ എന്നിവർ സംബന്ധിക്കും.

22-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ യോഗത്തെ അഭിസംബോധന ചെയ്യും. നെതർലാന്റ് മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് ഗ്ലോബൽ മീറ്റ് 2020 ചെയർമാൻ ആർക്കിടെക്റ്റ് പ്രൊഫ.ബി.ആർ അജിത്ത്, വൈസ് ചെയർമാൻ ആബിദ് അബു, ഒ.എസ്.എ. പ്രസിഡന്റ് ഡോ.എ.കെ.സഭാപതി, സെക്രട്ടറി എംപി.ശശിധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗ്ലോബൽ മീറ്റ് വഴി സ്‌കൂളിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് പ്രൊഫ. ബി.ആർ അജിത്ത് പറഞ്ഞു. ഇതിനായി ഒരു കോടി രൂപയുടെ ഫണ്ട് ശേഖരണത്തിനും നാന്ദി കുറിക്കും. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, തൊഴിലധിഷ്ഠിത കോഴ്സുകൾ, നൈപുണ്യ വികസന പദ്ധതികൾ, അടൽ ടിങ്കരിങ് ലാബ്, കായിക അക്കാദമി ഉപകരണങ്ങളുടെ സമ്പാദനം, കുടിവെള്ള വിതരണം സുഗമമാക്കൽ, കായിക പരിശീലന കേന്ദ്രം സ്ഥാപിക്കൽ, വിദ്യാർത്ഥികൾക്കുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കൽ തുടങ്ങിയവയും ഉൾക്കൊള്ളുന്നതാണ് ഒ.എസ്.എയുടെ പ്രവർത്തനങ്ങൾ എന്ന് സെക്രട്ടറി എംപി. ശശിധരൻ കൂട്ടിചേർത്തു.

1845-ൽ ആണ് സ്‌കൂൾ ആരംഭിച്ചത്. 1868-ൽ ആദ്യ ബാച്ച് മെട്രിക്കുലേഷൻ വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയിൽ പരീക്ഷ എഴുതി. 1870 ജൂലൈ 26-ന് പുതിയ കെട്ടിടം നിർമ്മിച്ചു. 1875-ൽ സെക്കൻഡ് ഗ്രേഡ് കോളേജായി മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തു. 1925-ൽ സുവർണ്ണ ജൂബിലി. അതേ വർഷം മഹാരാജാസ് കേളേജ് എന്ന പേരിൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. കുട്ടികളുടെ എണ്ണം കൂടിയപ്പോൾ 1934-ൽ കാരക്കാട്ട് കുടുംബം സംഭാവന ചെയ്ത സ്ഥലത്ത് ഇന്ന് കാണുന്ന സ്‌കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. 1995-ൽ 150 വർഷം പൂർത്തിയാക്കിയ സ്‌കൂൾ 1989-ലാണ് ഹയർ സെക്കൻഡറിയാക്കി ഉയർത്തിയത് . കൂടുതൽ വിവരങ്ങൾക്ക് www.srvosa.com, & Secretary - M.P.Sasidharan - 7012871037